മുഖപ്രസംഗം: ഈ കണ്ടുപിടിത്തങ്ങള്‍ ഇന്ത്യയിലും സാധിക്കണം
Wednesday, October 7, 2015 11:35 PM IST
നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന ആഴ്ചയാണിത്. ആറു പുരസ്കാരങ്ങള്‍ ഉള്ളതില്‍ മൂന്നെണ്ണം ശാസ്ത്ര വിഷയങ്ങളിലാണ്- വൈദ്യശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍. നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ പുരസ്കാരസമര്‍പ്പണം ശാസ്ത്രരംഗത്തെ വളര്‍ച്ചയെ ഓരോവര്‍ഷവും അനുസ്മരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ പുരസ്കാര പ്രഖ്യാപനം പതിവുപോലെ വൈദ്യശാസ്ത്ര സമ്മാനത്തിലാണ് ആരംഭിച്ചത്. ലോകമെങ്ങുമുള്ള ദരിദ്രരും സാധാരണക്കാരുമായ കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങള്‍ക്കു ഫലപ്രദമായ ചികിത്സകള്‍ കണ്െടത്തിയവര്‍ക്കാണ് ആ പുരസ്കാരം. ഒരാള്‍ മലമ്പനി ചികിത്സയ്ക്കു ചൈനയിലെ ഒരു നാടന്‍ ഔഷധച്ചെടിയില്‍നിന്ന് ആര്‍ട്ടിമിസിനിന്‍ എന്ന രാസഘടകം വേര്‍തിരിച്ചെടുത്തു. മറ്റു രണ്ടുപേരുടെ കണ്ടുപിടിത്തം കൊതുകുകള്‍ മൂലം പടരുന്ന മന്തിനും റോബിള്‍സ് ഡിസീസ് എന്ന നേത്രരോഗത്തിനും മറ്റും ഉപയോഗിക്കാവുന്ന അവെര്‍മെക്റ്റിന്‍ എന്ന രാസഘടകമായിരുന്നു.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും ദരിദ്രമായ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലുമൊക്കെ വളരെയേറെ പ്രയോജനപ്രദമായ കണ്ടുപിടിത്തങ്ങളാണ് ഇവ. പരാദജന്യമായ രോഗങ്ങള്‍ കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ഇതേ പ്രദേശങ്ങളിലാണ് ഏറ്റവുമധികം ദരിദ്രര്‍ വസിക്കുന്നതും. ഈ മേഖലകളിലുള്ളവര്‍ക്ക് ആശ്വാസകരമായ ഈ കണ്ടുപിടിത്തങ്ങള്‍ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കു നമ്മെ നയിക്കുന്നു.

എന്തുകൊണ്ട് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാവശ്യമായ മൌലിക ഗവേഷണങ്ങളില്‍ പോലും നാം പിന്നോട്ടുപോകുന്നു? ഇന്ത്യപോലെ ഇത്രയേറെ മാനവവിഭവശേഷി ഉള്ള രാജ്യത്തിന് ഇത്തരം കണ്ടുപിടിത്തങ്ങള്‍ സാധിക്കാത്തത് എന്തുകൊണ്ട്? ബഹിരാകാശ ഗവേഷണത്തിലും മിസൈല്‍ സാങ്കേതികവിദ്യയിലും അണുബോംബ് ഗവേഷണത്തിലുമൊക്കെ വലിയ കുതിപ്പുകള്‍ സാധിച്ച രാജ്യം എന്തേ പൊതുജനാരോഗ്യം പോലുള്ള മേഖലകളില്‍ സ്വന്തമായ നേട്ടങ്ങള്‍ക്കു വഴിതുറന്നില്ല?

ഒരു പരിധിവരെ രാജ്യത്തിന്റെ മുന്‍ഗണനാക്രമത്തിലെ പാളിച്ചയായി ഇതു ചിത്രീകരിക്കപ്പെടാം. ഇന്ത്യയില്‍ കോടിക്കണക്കിനു പേരേ ബാധിക്കുകയും ലക്ഷക്കണക്കിനു പേരുടെ ജീവനപഹരിക്കുകയും ചെയ്യുന്ന പല രോഗങ്ങള്‍ ഉണ്ട്. അവയെപ്പറ്റി പഠിച്ച് അവയ്ക്കുള്ള ചികിത്സ കണ്െടത്താന്‍ നാം വേണ്ടത്ര താത്പര്യം എടുത്തില്ല. റോക്കറ്റ് ശാസ്ത്രം പോലെ തന്നെ അടിസ്ഥാനപരവും പുരോഗതിക്കു വഴിതുറക്കുന്നതുമാണു രോഗപ്രതിരോധവും ചികിത്സയും. ആ രംഗത്തെ പഠന ഗവേഷണങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധിച്ചില്ല.

പൊതുവേതന്നെ ശാസ്ത്രഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമൊക്കെ ഇന്ത്യയുടെ മുതല്‍മുടക്കു കുറവാണ്. വിദ്യാഭ്യാസത്തിനായി നാം ചെലവാക്കുന്നതു രാജ്യത്തെ വാര്‍ഷിക സമ്പത്തിന്റെ (ജിഡിപി) മൂന്നര ശതമാനം തുക മാത്രമാണ്. ഇന്ത്യയുടെ നാലിരട്ടി ജിഡിപി ഉള്ള ചൈന അതിന്റെ നാലു ശതമാനം ചെലവാക്കുമ്പോഴാണിത്. ജനസംഖ്യയില്‍ കാര്യമായ അന്തരമില്ലാത്ത ചൈനയും ഇന്ത്യയും വിദ്യാഭ്യാസത്തിനു ചെലവാക്കുന്ന തുകയിലെ വ്യത്യാസം ഞെട്ടിക്കുന്നതാണ്. ഇന്ത്യ ചെലവഴിക്കുന്നതിന്റെ നാലരമടങ്ങ് തുക ചൈന ചെലവാക്കുന്നു.


ശാസ്ത്ര ഗവേഷണത്തിന് ഇന്ത്യ ചെലവാക്കുന്നതും ഇതുപോലെ തുച്ഛമായ തോതിലാണ്. ചൈന 20,541 കോടി ഡോളറും അമേരിക്ക 42,910 കോടി ഡോളറും ദക്ഷിണകൊറിയ 5,840 കോടി ഡോളറും ചെലവാക്കിയ 2011-12 ല്‍ ഇന്ത്യ ചെലവാക്കിയതു 3,620 കോടി ഡോളര്‍ മാത്രം. ജിഡിപിയുടെ 0.88 ശതമാനം. ഇപ്പോഴും ഈ അനുപാതം കാര്യമായി മാറിയിട്ടില്ല.

ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ചെലവാക്കുന്ന തുക കുറയുമ്പോള്‍ സ്വാഭാവികമായും ഗവേഷണ നേട്ടങ്ങളും വൈജ്ഞാനിക സംഭാവനകളും കുറയും. കുറയുന്നു എന്നു മാത്രമല്ല പല അടിസ്ഥാന മേഖലകളിലും വേണ്ട ഗവേഷണ പഠനങ്ങള്‍ നടക്കാതെയും വരുന്നു. കാരണം, അനുവദിച്ചിട്ടുള്ള തുച്ഛമായ തുകയില്‍നിന്നു ശമ്പളത്തിനും സ്ഥാപന നടത്തിപ്പിനുമുള്ള വിഹിതം കഴിയുമ്പോള്‍ ശരിയായ ഗവേഷണ പഠനങ്ങള്‍ക്കു കാര്യമായൊന്നും ശേഷിക്കുന്നില്ല. ശേഷിക്കുന്ന തുക താരപരിവേഷമുള്ള കാര്യങ്ങള്‍ക്കായി പോകുകയും ചെയ്യും.

ഇതാണു ജനങ്ങള്‍ക്കു വേണ്ട പല കാര്യങ്ങളിലും ഇന്ത്യന്‍ കണ്ടുപിടിത്തങ്ങള്‍ ഇല്ലാതെപോയതിനു കാരണം. പൊതുജനാരോഗ്യം, കൃഷി തുടങ്ങിയ രംഗങ്ങളില്‍ ഗവേഷണങ്ങള്‍ക്കു വേണ്ട ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു കൈവരിക്കാമായിരുന്ന പുരോഗതി എത്രയോ വലുതായിരുന്നു. മറ്റുള്ളവരുടെ ഗവേഷണഫലങ്ങള്‍ ഉപയോഗിക്കുന്നതില്‍ നാം ഒതുങ്ങിപ്പോവുകയില്ലായിരുന്നു. 1967-ല്‍ ചൈനീസ് സര്‍ക്കാര്‍ തദ്ദേശീയ ഔഷധികളില്‍നിന്ന് ഔഷധാംശം കണ്െടത്താന്‍ നിര്‍ബന്ധപൂര്‍വം ശാസ്ത്രജ്ഞരെ നാട്ടിന്‍പുറങ്ങളിലേക്ക് അയച്ചതാണു മലമ്പനിക്കുള്ള മരുന്നു കണ്െടത്തുന്നതിലേക്കു നയിച്ചത്. അതേപോലുള്ള ആവേശവും നിശ്ചയദാര്‍ഢ്യവും ഇന്ത്യ ഇനിയെങ്കിലും കാണിക്കണം. ഇവിടത്തെ ഔഷധച്ചെടികളുടെയും മൂലികകളുടെയും സത്തില്‍നിന്നു വിദേശികള്‍ ഔഷധ ഘടകം വേര്‍തിരിച്ചെടുത്തു വലിയ വിലയ്ക്കു നമുക്കു നല്കുന്നതാണ് ഇന്നു നടക്കുന്നത്.

ഈ അവസ്ഥ മാറ്റാന്‍ ഇനിയെങ്കിലും ശാസ്ത്ര-ഗവേഷണമേഖലയില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കുകയും കൂടുതല്‍ മുതല്‍മുടക്കുകയും വേണം. ലോകനിലവാരമുള്ള സര്‍വകലാശാലകളും പഠനകേന്ദ്രങ്ങളുമായി നമ്മുടെ സ്ഥാപനങ്ങളെ മാറ്റിയെടുക്കണം. നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പേരും ആവര്‍ത്തിച്ചു വരുന്ന ഒരവസ്ഥ അങ്ങനെ സംജാതമാക്കണം. ഡോ. സി.വി. രാമനുശേഷം ഇന്ത്യയിലെ ശാസ്ത്ര ഗവേഷണഫലമായി നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ ഇല്ലാത്ത കുറവ് മാറ്റിയെടുക്കാന്‍ നമുക്കു കഴിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.