പട്ടയഭൂമി: മുഖ്യമന്ത്രിക്കു ഹൈറേഞ്ച് സംരക്ഷണസമിതിയുടെ തുറന്ന കത്ത്
Wednesday, October 7, 2015 12:39 AM IST
കട്ടപ്പന: പട്ടയഭൂമി വനഭൂമിയാണന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തുറന്ന കത്ത്.

1993 ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കിയിട്ടുള്ള പ്രദേശങ്ങള്‍ വനഭൂമിയാണെന്നു വ്യക്തമാക്കി കഴിഞ്ഞ 25-നാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 1993 ലെ ഭൂപതിവ് ചട്ടപ്രകാരം 28586 ഹെക്ടര്‍ സ്ഥലത്തിനു പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമുള്ളത്. കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

ബഹുമാനപ്പെട്ട സാര്‍,

വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന പട്ടയഭൂമിയില്‍ പാറഖനനം നടത്തുന്നതിനെതിരേ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ 2015 സെപ്റ്റംബര്‍ 25-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993-ലെ പ്രത്യേക ചട്ടം അനുസരിച്ച് പട്ടയം നല്‍കിയിരിക്കുന്ന ഭൂമിയെല്ലാം വനഭൂമിയാണെന്നു പറഞ്ഞിരിക്കുന്നു. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്.

കാര്‍ഡമം ഹില്‍ റിസര്‍വ് റവന്യൂ ഭൂമിയാണെന്ന് നിരവധി രേഖകള്‍ തെളിയിച്ചിട്ടുണ്ട്. ഇതു വനമാണെന്നു പറഞ്ഞ് സുപ്രീംകോടതിയില്‍ കേസ് നടക്കുന്നുണ്ട്. 2001-ല്‍ അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് ഈ കേസില്‍ ഇത് വനഭൂമിയല്ലെന്നുകാട്ടി സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വനമാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തതാണ്.

അന്ന് സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വലിയ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആ സത്യവാങ്മൂലം പിന്‍വലിച്ചു.

ഇങ്ങനെ തുടരെ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളും കൊടുത്ത പട്ടയങ്ങളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന 16 ഉപാധികളും ജില്ലയിലെ 47 വില്ലേജുകള്‍ ഇഎസ്എ വില്ലേജുകളാണെന്ന് അംഗീകരിച്ചുകൊണ്ട് കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന കത്തുകളും ഇഎഫ്എല്‍ നിയമം ഉപയോഗിച്ച് കൈവശഭൂമി പിടിച്ചെടുക്കുന്ന നിലപാടുകളും ഈമേഖലയില്‍ ജീവിക്കുന്ന ജനങ്ങളെ ഇവിടെനിന്നും ആട്ടിപ്പായിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

എന്ന്

ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍, ഹൈറേഞ്ച് സംരക്ഷണ സമിതി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.