ട്രേഡ് യൂണിയനുകള്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ചു പൊമ്പിളൈ ഒരുമൈ
ട്രേഡ് യൂണിയനുകള്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ചു പൊമ്പിളൈ ഒരുമൈ
Wednesday, October 7, 2015 12:41 AM IST
മൂന്നാര്‍: ട്രേഡ് യൂണിയനോട് കടുത്ത അമര്‍ഷവുമായാണു സ്ത്രീ തൊഴിലാളികള്‍ ഇന്നലെ മൂന്നാറിലെ സമരവേദിയില്‍ എത്തിയത്. തിങ്കളാഴ്ചത്തെ പിഎല്‍സി യോഗത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഏതാണ്ട് അംഗീകരിക്കുന്ന നിലവരെ എത്തിയതാണെന്നും എന്നാല്‍ ട്രേഡ് യൂണിയന്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുകയായിരുന്നെന്നും ആരോപിച്ചാണ് തൊഴിലാളി സ്ത്രീകള്‍ സമരത്തിനെത്തിയത്.

പിഎല്‍സി യോഗത്തില്‍ 500 രൂപ എന്ന അടിസ്ഥാന വേതത്തിന്മേലുള്ള ചര്‍ച്ചയില്‍ 385 രൂപ വരെയുള്ള പാക്കേജ് എന്ന നിലവരെ ചര്‍ച്ചക്കെത്തിയെങ്കിലും ട്രേഡ് യൂണിയന്റെ കടുംപിടിത്തം കാരണം അതു നടപ്പിലാകാതെ വരികയായിരുന്നുവെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഈ നിര്‍ദേശം തങ്ങള്‍ക്ക് സ്വീകാര്യമായിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തി. 500 രൂപയില്‍നിന്ന് പിഎല്‍സി യോഗത്തില്‍ തിരിച്ചടി ഉണ്ടായെങ്കിലും അതിന്റെ പ്രതിഷേധമൊന്നും സമരമുഖത്തുണ്ടായിരുന്നില്ല. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും തൊഴിലാളികള്‍ പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു പോയിരുന്ന നേതാക്കള്‍ തിരിച്ചെത്തിയതോടെയാണു തൊഴിലാളികളുടെ രോഷം വര്‍ധിച്ചത്. മരണംവരെ നിരാഹാരം തുടരുമെന്നു പൊമ്പിളൈ ഒരുമൈ നേതാക്കളായ ലിസി സണ്ണി, ഗോമതി അഗസ്റിന്‍ എന്നിവര്‍ അറിയിച്ചു. നേരത്തേ നിരാഹാരമിരുന്ന സ്ത്രീകളെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചെലമ്മ, രാജേശ്വരി, മുത്തുമാരി, സൂര്യമ്മ, ഗാന്‍മതി, ഗ്രേസി, സഹായമേരി, സുജാത, കനകപാക്യം, കനക എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയിലും സമരംതുടര്‍ന്നു.


രാവിലെയെത്തിയ സത്യ, അനില, റാണി, പ്രീത, ശാന്തി, മാരിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരവും ആരംഭിച്ചു. തിങ്കളാഴ്ച രാത്രി ചര്‍ച്ച പരാജയപ്പെട്ടു എന്നറിഞ്ഞതോടെ പ്രകോപിതരായ സ്ത്രീകളും പുരുഷന്മാരും റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. ഇന്നുനടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്കനുകൂലായി ഒരു തീരുമാനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് മറ്റു സമരമാര്‍ഗങ്ങള്‍ വേണ്െടന്നു വച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ആധാര്‍, വോട്ടര്‍ ഐഡി ഉള്‍പ്പെടെയുള്ള രേഖകള്‍ സര്‍ക്കാരിലേക്കു തിരിച്ചേല്‍പ്പിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.

ഇതിനിടെ, ട്രേഡ് യൂണിയന്‍ സമരപ്പന്തലില്‍ ഇന്നലെ മുന്‍മന്ത്രി എളമരം കരീമും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും എത്തി.

ട്രേഡ് യൂണിയനുകള്‍ തൊഴിലാളികള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും അതിന്റെ സംഘടിതശക്തിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. ട്രേഡ് യൂണിയന്‍ സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിച്ചുവന്നിരുന്ന ആറുപേരെയും അവശരായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മുത്തുക്കുളി, റോസ്ളിന്‍, കവിതാ കുമര്‍, പന്നീര്‍ ശെല്‍വി, പവന്‍തായ്, കലൈസെല്‍വി തുടങ്ങിയവരെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മല്ലിക, വള്ളിയമ്മ, പളനിയമ്മ, ലീലാ, ഭാഗ്യലക്ഷ്മി, രാധികാ ചുരുളി എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.