ജനാധിപത്യമൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന്
Wednesday, October 7, 2015 12:51 AM IST
കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നു നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ് യോഗം. കേരളത്തിന്റെ വികസനവും കര്‍ഷകരുടെയും തൊഴിലാളി വിഭാഗങ്ങളുടെയും സാധാരണക്കാരുടെയും അടിസ്ഥാനപ്രശ്നങ്ങളും അതിനുള്ള പരിഹാരവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണം.

വിദ്യാഭ്യാസമേഖലയെ ഇന്ത്യാ രാജ്യത്തിന്റെ ഔന്നത്യത്തിലെത്തിച്ച മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനങ്ങളിലും ശമ്പള വിതരണത്തിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ വാഗ്ദാനങ്ങള്‍ക്കപ്പുറമായി പരിഹാരത്തിന്റെ തലത്തിലേക്കു വരേണ്ടതാവശ്യമാണ്.

വിദ്യാഭ്യാസമേഖലയിലെ പുതിയ പല തീരുമാനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ന്യൂനപക്ഷ മാനേജുമെന്റുകളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. എന്നാല്‍ നമ്മുടെ നാടിന്റെ ഇത്തരം ജനസംബന്ധിയായ പ്രശ്നങ്ങളും, വികസന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനു പകരം ജാതി-മത-സാമുദായിക വിഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നമ്മുടെ നാടിന്റെ ഏറ്റവും ഉദാത്തമായ മതസാഹോദര്യവും അഖണ്ഡതയും തച്ചു തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനത്തിനും കേരള സമൂഹം കൂട്ടുനില്‍ക്കരുതെന്നും ട്രസ്റീസ് യോഗം അഭിപ്രായപ്പെട്ടു.


നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ് പ്രസിഡന്റ് ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷതവഹിച്ചു.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.