അധ്യാപകന്‍ അനീഷിന്റെ മരണം: മുന്‍ ഡിഡിഇ അറസ്റില്‍
Wednesday, October 7, 2015 1:03 AM IST
മലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന കെ.കെ. അനീഷ് ജീവനൊടുക്കിയ കേസില്‍ മലപ്പുറം മുന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സി. ഗോപിയെ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസിം അറസ്റ് ചെയ്തു. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയ ഗോപിയെ 25,000 രൂപയുടെ ബോണ്ടില്‍ വിട്ടയച്ചു.

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സ്കൂള്‍ മാനേജര്‍ വി.പി. സെയ്തലവി, പ്രധാനാധ്യാപിക സുധ പി. നായര്‍, മുന്‍ പിടിഎ പ്രസിഡന്റും ലീഗ് നേതാവുമായ ഹൈദര്‍ കെ. മൂന്നിയൂര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റിലായിരുന്നു. സ്കൂള്‍ മാനേജരും കൂട്ടാളികളും കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ ചമച്ചും അനീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നാണ് കേസ്.

അനീഷിനെ 2014 സെപ്റ്റംബര്‍ രണ്ടിനാണു മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മതിയായ അന്വേഷണമോ തെളിവെടുപ്പോ ഇല്ലാതെ അനീഷിനെ ജോലിയില്‍ നിന്നു പിരിച്ചു വിടാന്‍ അനുമതി നല്‍കിയത് അന്നത്തെ ഡിഡിഇ ആയിരുന്ന കെ.സി. ഗോപിയായിരുന്നു. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണു ഗോപി അനീഷിനെ പിരിച്ചുവിടാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് തയാറാക്കിയത് ഡിഡിഇ ഓഫീസിന് പുറത്താണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേക്കുറിച്ച് ഒരു രേഖയും മലപ്പുറം ഡിഡിഇ ഓഫീസിലില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്െടത്തി.


സ്കൂളിലെ പ്യൂണ്‍ മുഹമ്മദ് അഷറഫ്, ക്ളാര്‍ക്കുമാരായ അബ്ദുള്‍ ഹമീദ്, അബ്ദുള്‍ റസാഖ് എന്നിവരും കേസിലെ പ്രതികളാണ്. അനീഷിനെതിരേ വ്യാജരേഖ ചമയ്ക്കാന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ നിന്നു വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് നല്ലളം പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ആശുപത്രി എം.ഡി. ഡോ. കോയ നേരത്തെ അറസ്റിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.