മുഖപ്രസംഗം: സഹായം അര്‍ഹിക്കുന്ന പ്രവാസിമലയാളികള്‍
Thursday, October 8, 2015 10:47 PM IST
ഗള്‍ഫ് ദശകങ്ങളായി മലയാളികളുടെ സ്വപ്നവും ആശ്വാസതീരവും ഒക്കെയാണ്. അനേകലക്ഷം മലയാളികള്‍ക്കു മരുഭൂമിയിലെ രാജ്യങ്ങള്‍ ജീവിതം നല്‍കിയിട്ടുണ്ട്. ഇപ്പോഴും ഇരുപതു ലക്ഷത്തിലേറെ മലയാളികള്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ ജോലിയെടുത്തു കഴിയുന്നു.

അരനൂറ്റാണ്ടു മുന്‍പാണ് അറബിക്കടലിനപ്പുറത്തുള്ള ഈ രാജ്യങ്ങളിലേക്കു മലയാളികള്‍ കൂട്ടമായി പോയിത്തുടങ്ങിയത്. ആദ്യകാലത്തു വഞ്ചികളിലും പത്തേമാരികളിലും പോയവര്‍ അവിടെ ചെറിയ ജോലികള്‍ ചെയ്തും വ്യാപാരങ്ങള്‍ നടത്തിയും ജീവിതമാര്‍ഗം കണ്െടത്തി. 1970കളില്‍ പെട്രോളിയംവില കുതിച്ചുകയറിയതിനനുസരിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ സമ്പന്നമായി. പെട്രോ ഡോളര്‍ മരുഭൂമിയില്‍ വലിയ നഗരങ്ങള്‍ ഉയര്‍ത്തി. ഇതോടെ അവിദഗ്ധ തൊഴിലാളികള്‍ക്കു പുറമേ വിദ്യാസമ്പന്നര്‍ക്കും പ്രഫഷണലുകള്‍ക്കും ഗള്‍ഫ് അവസരം സൃഷ്ടിച്ചു.

ഇങ്ങനെ ഗള്‍ഫും ഗള്‍ഫ് മലയാളികളും വളര്‍ന്നെങ്കിലും എന്നും ഒരു ചെറുവിഭാഗം മലയാളികള്‍ ഗള്‍ഫില്‍ ദുരിതം അനുഭവിച്ചുകഴിയുന്നവരായി ഉണ്ടായിരുന്നു. നിയമവിരുദ്ധമായി അവിടെ പ്രവേശിച്ചവര്‍, നിയമപരമായാണു പ്രവേശിച്ചതെങ്കിലും ക്രൂരന്മാരായ തൊഴിലുടമകള്‍ പാസ്പോര്‍ട്ടും മറ്റും പിടിച്ചുവച്ചതിനാല്‍ കുറഞ്ഞ കൂലിക്കു പണി ചെയ്യേണ്ടിവന്നവര്‍, ദൌര്‍ഭാഗ്യവശാല്‍ ചതിയില്‍പ്പെട്ടു തീരെ മോശമായ സഹചര്യങ്ങളില്‍ ജോലി എടുക്കേണ്ടിവരുന്നവര്‍ എന്നിങ്ങനെ പലതരം ആള്‍ക്കാര്‍ അവരിലുണ്ട്. തിരികെ നാട്ടിലേക്കു വിമാനയാത്ര ചെയ്യാനുള്ള പണമുണ്ടാക്കാന്‍ സാധിക്കാത്തവരും അവിടെയുണ്ട്. നാട്ടില്‍ വന്നാല്‍ ഉണ്ടാകാവുന്ന പല ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാല്‍ ഗല്‍ഫില്‍ത്തന്നെ കഴിയുന്നവരും ഉണ്ടാകാം.

ഗള്‍ഫ് മലയാളികളെപ്പറ്റി പൊതുവേയുള്ള സങ്കല്പങ്ങള്‍ക്കപ്പുറം ദൈന്യത്തിന്റെയും നിസഹായതയുടെയും ഈയൊരു യാഥാര്‍ഥ്യം ഉണ്െടന്നതു സംസ്ഥാന ഭരണകൂടം വേണ്ട ഗൌരവത്തോടെ ശ്രദ്ധിച്ചുകാണുന്നത് ആശ്വാസകരമായ കാര്യമാണ്.

അഞ്ചുവര്‍ഷത്തിലേറെയായി നാട്ടില്‍ വരാന്‍ സാധിക്കാത്ത ഗള്‍ഫ് മലയാളികളെ സൌജന്യമായി വിമാനമാര്‍ഗം കൊണ്ടുവരാന്‍ ഒരു പദ്ധതി സര്‍ക്കാര്‍ തയാറാക്കുന്നു. വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ചാണു സംസ്ഥാന ഗവണ്‍മെന്റ് ഈ പദ്ധതി നടപ്പാക്കുകയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. നോര്‍ക്കയും പ്രവാസിമലയാളികളുടെ സംഘടനകളും ചേര്‍ന്നാണ് ഈ സഹായത്തിന് അര്‍ഹതയുള്ളവരെ കണ്െടത്തുക.

ഗള്‍ഫ് മലയാളികള്‍ക്കു സഹായകമാകണമെന്ന ലക്ഷ്യത്തോടെ ഒരു വിമാന സര്‍വീസ് ആരംഭിക്കാന്‍ കേരളം കുറേ കാലമായി ശ്രമിക്കുന്നതാണ്. അതിനു കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കാനുള്ള സാധ്യത മങ്ങിയെന്നാണു സൂചന. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു ദുരിതത്തില്‍പ്പെട്ട പ്രവാസിമലയാളികളെ സഹായിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. തികച്ചും ഉചിതമാണ് ഈ പരിപാടി.


എന്നാല്‍, ഇതുകൊണ്ടു മാത്രമായില്ല. സാമ്പത്തികദുരിതം കൊണ്ടു നാട്ടിലേക്കു വരാത്തവര്‍ക്കു മാത്രമേ ഈ പരിപാടി പ്രയോജനപ്പെടൂ. നിയമതടസങ്ങള്‍, വീസയും പാസ്പോര്‍ട്ടും തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍പ്പെട്ടു നാട്ടിലേക്കു മടങ്ങാനാവാത്തവര്‍ക്ക് ഇതുകൊണ്ടു പ്രയോജനം ലഭിക്കില്ല. നിയമപരമായല്ലാതെ പ്രവേശിച്ചവരും നിയമപരമായി പ്രവേശിച്ചശേഷം നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തു കുരുങ്ങിയവരും ഒക്കെ ഗള്‍ഫിലുണ്ട്. അവരെ സഹായിക്കണമെങ്കില്‍ പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ തന്നെ മനസുവയ്ക്കണം. നിവേദനങ്ങളോ ചെറിയ നയതന്ത്ര സമ്മര്‍ദമോ ഒന്നും മതിയായെന്നു വരില്ല അതു സാധിക്കാന്‍.

മാനുഷിക പരിഗണന ആ മേഖലയിലെ പല ഭരണകൂടങ്ങളില്‍നിന്നും എളുപ്പം ഉണ്ടായെന്നു വരില്ല. അതിനാല്‍ വളരെ വലിയ നയതന്ത്ര സമ്മര്‍ദങ്ങള്‍ വേണ്ടിവരും. അക്കാര്യത്തില്‍കൂടി സര്‍ക്കാര്‍ ഉത്സാഹിച്ചാലേ ഹതഭാഗ്യരായ പ്രവാസികള്‍ക്കു വേണ്ട സഹായമാകൂ.

ഇതോടൊപ്പം ഗള്‍ഫിലെ തൊഴിലവസരങ്ങളെയും തൊഴില്‍ തേടുന്നതിലെ ചതിക്കുഴികളെയും പറ്റി ശരിയായ ബോധവത്കരണം നടത്താനും ഗവണ്‍മെന്റ് തയാറാകണം. പല തൊഴില്‍മേഖലകളിലും ഗള്‍ഫില്‍ ലഭിക്കുന്ന പ്രതിഫലം കേരളത്തിലേതിനേക്കാള്‍ കുറവാണ് എന്നതു പലര്‍ക്കും അറിവില്ല. അപരിചിതമായ ദേശത്തു തടവറയ്ക്കു സമാനമായ ലേബര്‍ ക്യാമ്പുകളിലും മറ്റും താമസിച്ച് അടിമപ്പണിപോലെ ജോലിചെയ്തു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ മാന്യമായ സാഹചര്യങ്ങളില്‍ ജോലിചെയ്ത് ഉണ്ടാക്കാനാവും.

അതേസമയം ഇവിടത്തെക്കാള്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഒട്ടേറെ തൊഴില്‍മേഖലകളും അവിടെ ഉണ്ട്. ഇക്കാര്യങ്ങളെപ്പറ്റി ശരിയായ അവബോധം ജനസാമാന്യത്തിനു നല്‍കേണ്ടതുണ്ട്. ഏജന്റുമാരുടെയും മറ്റും ചതിയില്‍ ഉദ്യോഗാര്‍ഥികള്‍ വീഴുന്നതിനു കാരണം ശരിയായ ബോധവത്കരണം നടത്താത്തതാണ്. ബോധവത്കരണം ഉണ്ടായാല്‍ത്തന്നെ ഏജന്‍സികള്‍ പല തന്ത്രങ്ങളും ഇറക്കുമെന്നതിനാല്‍ ഈ രംഗത്തുള്ളവരുടെമേല്‍ പരിശോധനയും നിരീക്ഷണവും ആവശ്യമാണ്.

എല്ലാ ക്രമീകരണങ്ങളും ഉണ്ടായാലും നിയമം ലംഘിക്കുന്നവരും നിയമപരിരക്ഷ കിട്ടാത്ത വിധത്തില്‍ ഗള്‍ഫിലേക്കു പോകുന്നവരും ഉണ്ടാകും. എന്നാല്‍, അവരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ കാര്യക്ഷമവും ജാഗരൂകവുമായ സര്‍ക്കാര്‍ സംവിധാനത്തിനു സാധിക്കും. അതുണ്ടായാല്‍ നാട്ടിലേക്കു മടങ്ങിപ്പോരാന്‍ പോലും കഴിയാതെ ആള്‍ക്കാര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യം കുറയ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.