സ്നേഹത്തില്‍ ശുശ്രൂഷ നടത്തിയ ദൈവദാസന്‍
സ്നേഹത്തില്‍ ശുശ്രൂഷ നടത്തിയ ദൈവദാസന്‍
Thursday, October 8, 2015 11:45 PM IST
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍

ദൈവദാസനായ കാവുകാട്ടുപിതാവ് ദിവംഗതനായിട്ട് 46 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അദ്ദേഹത്തെക്കുറിച്ച് തികഞ്ഞ ബഹുമാനത്തോടും ആദരവോടുംകൂടി മാത്രമേ നമുക്ക് ഓര്‍മിക്കാനാവൂ. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പൊതുവേ ഉണ്ടായ ഒരു പ്രതികരണം അദ്ദേഹം വിശുദ്ധനാണ് എന്നായിരുന്നു. അദ്ദേഹം എസ്ബി കോളജില്‍ ആയിരുന്ന അവസരത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായവും ഏതാണ്ട് ഇതുതന്നെ ആയിരുന്നുവെന്നും പറയാം. കാവുകാട്ടച്ചനെയും അയലുപറമ്പില്‍ ഈപ്പനച്ചനെയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരായിട്ടാണ് വിദ്യാര്‍ഥികള്‍ വിലയിരുത്തുന്നത്.

പ്രധാനമായും അദ്ദേഹം പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു. വിദ്യാര്‍ഥികളോടൊപ്പമുള്ള പ്രഭാത-സന്ധ്യാ പ്രാര്‍ഥനകള്‍ക്കപ്പുറം ഏറെനേരം പ്രാര്‍ഥനയിലും ധ്യാനത്തിലും അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. വിദ്യാര്‍ഥിയായിരുന്ന വേളയില്‍ എനിക്ക് ഒരു വര്‍ഷം അദ്ദേഹത്തിന്റെ മുറിക്കും ഹോസ്റല്‍ ചാപ്പലിനും സമീപം താമസിക്കാന്‍ ഇടയായപ്പോള്‍ ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞ വസ്തുതയാണ്. പ്രാര്‍ഥനയിലുള്ള നിഷ്ഠയും താത്പര്യവും ആഴമായ വിശ്വാസത്തിന്റെ പ്രകാശനമാ ണല്ലോ.

കോളജില്‍ പഠിപ്പിച്ചിരുന്നതും വിശ്വാസത്തോടു ബന്ധപ്പെട്ട വിഷയങ്ങളായിരുന്നെന്നു പറയാം. സുറിയാനിയും മതബോധനവുമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വളരെ ലളിതമായ ഭാഷയില്‍ വിശ്വാസകാര്യങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഈ ലാളിത്യവും ഹൃദ്യതയും പ്രകടമായിരുന്നു.

മെത്രാനായപ്പോള്‍ വിശ്വാസം പരിരക്ഷിക്കുകയും കൈമാറുകയും ചെയ്യുകയെന്നതു തന്റെ അടിസ്ഥാനദൌത്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സ്നേഹത്തോടെയുള്ള ശുശ്രൂഷയ്ക്കായി അദ്ദേഹം അജപാലനരംഗത്തെ എല്ലാ മേഖലകളിലേക്കും കടന്നുചെന്നു. സഭയുടെ പുനരുജ്ജീവനത്തെ ലക്ഷ്യമാക്കിയുള്ള രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ രേഖകള്‍ ജനങ്ങള്‍ക്കു വിശദീകരിച്ചുകൊടുക്കാനുള്ള പരിശ്രമത്തിന് അദ്ദേഹം ഏറെ പിന്തുണ നല്‍കി. മതബോധനവകുപ്പ് സജ്ജമാക്കാന്‍ അദ്ദേഹം ഏറെ ഉത്സാഹിച്ചു.


അല്മായര്‍ക്കു ശരിയായ ബോധനം നല്‍കുക ലക്ഷ്യമാക്കി അധ്യയനമണ്ഡലം രൂപീകരിക്കുന്നതിനു പിതാവ് വലിയ പിന്തുണ നല്‍കി. സ്നേഹനിലയത്തിന്റെ സ്ഥാപനവും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പ്രേഷിതപ്രവര്‍ത്തനത്തിനായി നമ്മുടെ യുവജനങ്ങള്‍ ഉത്തരേന്ത്യയിലേക്കും മറ്റും പോകുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്. വൈദിക സെമിനാരിയിലെ പരിശീലനകാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി.

കാവുകാട്ടു പിതാവിനെ ഏറെ ശ്രദ്ധേയനാക്കിയ കാര്യമായിരുന്നു അദ്ദേഹത്തിന്റെ പൌരോഹിത്യ രജതജൂബിലിയോടനുബന്ധിച്ചുണ്ടായ ഭവനനിര്‍മാണ പദ്ധതി. ജീവിതത്തില്‍ എന്നും ലാളിത്യം പുലര്‍ത്തിയിരുന്ന പിതാവിനു തന്റെ ജൂബിലി ആഡംബരപൂര്‍ണമാക്കരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അത്തരം ചെലവുകള്‍ ഒഴിവാക്കി, അതിനു പകരം പാവപ്പെട്ടവര്‍ക്കു ഭവനങ്ങള്‍ നിര്‍മിച്ചുകൊടുക്കണമെന്നാണു പിതാവ് നിര്‍ദേശിച്ചത്. അങ്ങനെ തുടങ്ങിയ ജൂബിലി സ്മാരക ഭവനനിര്‍മാണ പദ്ധതി ലോകശ്രദ്ധ നേടിയെന്നു പറയാം.

അദ്ദേഹത്തിന്റെ ഇടയലേഖനം പൂന സെമിനാരിയില്‍ പഠിച്ചിരുന്ന ഞങ്ങള്‍ തര്‍ജമചെയ്തു ക്രൈസ്റ് ടു ദി വേള്‍ഡ് എന്ന ഇംഗ്ളീഷ് മാസികയ്ക്ക് അയച്ചുകൊടുക്കുകയും അവര്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ഒരു പ്രസ്ഥാനം കേരളത്തിലെ സര്‍ക്കാരിനുപോലും മാര്‍ഗദര്‍ശനമായി എന്നതാണു വസ്തുത.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് ഭരണം റഷ്യന്‍ കരുത്തിന്റെ പ്രതാപകാലത്തായിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുക എളുപ്പമല്ലായിരുന്നതുകൊണ്ടു പള്ളിക്കൂടങ്ങള്‍ പിടിച്ചെടുക്കാനാണ് അവര്‍ ആദ്യംതന്നെ ശ്രമിച്ചത്. ഇതിനെതിരേയുള്ള നീക്കത്തിനു പിതാവും നേതൃത്വം നല്‍കി. പിന്നീടു ഭൂനിയമവും മറ്റും വന്നപ്പോള്‍ മറ്റു സമുദായങ്ങളും രംഗത്തെത്തി. അങ്ങനെയാണു വിമോചനസമരം രൂപപ്പെട്ടത്. അതിന്റെ നേതൃസ്ഥാനത്തു മന്നത്ത് പദ്മനാഭനും പിതാവും ഉണ്ടായിരുന്നു.

അങ്ങനെ ആത്മീയരംഗത്തും സാമൂഹികരംഗത്തും ഒരുപോലെ ശ്രദ്ധപതിപ്പിച്ച ആളായിരുന്നു ദൈവദാസനായ കാവുകാട്ടു പിതാവ്. വിശ്വാസവും സ്നേഹവും വേര്‍പെടുത്താനാവാത്ത സവിശേഷതകളാണെന്ന പിതാവിന്റെ സാക്ഷ്യമാണു നമുക്കു പ്രചോദനമാ കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.