തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തും; ശബരിമല റോഡ് വികസനത്തിന് 70 കോടി
Thursday, October 8, 2015 11:47 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തകര്‍ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാകും നടപടി.

ശബരിമല തീര്‍ഥാടനകാലത്തിനു മുന്നോടിയായി ഇവിടേക്കുള്ള റോഡ് വികസനത്തിന് 70 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. ശബരിമല റോഡ് വികസനത്തിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ റോഡുകളാണു വികസിപ്പിക്കുന്നത്. ശബരിമലയ്ക്കായി നേരത്തേ 15 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ശബരിമല വികസനത്തിനായി 423 കോടി രൂപ അനുവദിച്ചു.

ശബരിമലയിലേക്കുള്ള യാത്രയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സേഫ് സോണ്‍ പദ്ധതിക്കു മന്ത്രിസഭ അനുമതി നല്‍കി.

കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ശബരിമല തീര്‍ഥാടന കാലത്തിനു മുന്നോടിയായുള്ള അവലോകന യോഗം ചേര്‍ന്നിരുന്നു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ 170 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം.


എന്നാല്‍, അവശ്യ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 70 കോടി രൂപ അനുവദിക്കുകയായിരുന്നു. മണ്ഡലകാലത്തിനു മുമ്പു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ശബരിമല റോഡുകള്‍ക്കായി 55 കോടി രൂപ അനുവദിച്ചിരുന്നു.

മഴയില്‍ തകര്‍ന്ന റോഡുകള്‍ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഒരു നിയോജകമണ്ഡലത്തിലേക്ക് അഞ്ചു കോടി രൂപ വീതം വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, തകര്‍ന്ന റോഡുകളുടെ എസ്റിമേറ്റ് തയാറാക്കി നല്‍കിയാല്‍ ആവശ്യമായ തുക അനുവദിക്കാമെന്നു ധനമന്ത്രി കെ.എം. മാണി മന്ത്രിസഭയെ അറിയിച്ചു. തുടര്‍ന്നാണ് എസ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുക നല്‍കാന്‍ തീരുമാനിച്ചത്.

കണ്‍സ്യൂമര്‍ ഫെഡിന് നിലവിലുള്ള കടങ്ങള്‍ തീര്‍ക്കാന്‍ 100 കോടി രൂപ കൂടി ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.