അങ്കത്തട്ട്
അങ്കത്തട്ട്
Thursday, October 8, 2015 12:01 AM IST
ആകാംക്ഷയുണര്‍ത്തി കണ്ണൂര്‍

കണ്ണൂര്‍: മാറ്റങ്ങളും പുതുമകളുമായാണു കണ്ണൂര്‍ ഇക്കുറി തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. അടിയൊഴുക്കുകള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ആകാംക്ഷയുമുണര്‍ത്തുന്നു. 2010 ല്‍ പല ജില്ലകളും യുഡിഎഫിലേക്കു കൂറുമാറിയപ്പോള്‍ എല്‍ഡിഎഫിനെ കൈവിടാതെ ഒപ്പം നില്‍ക്കുകയായിരുന്നു കണ്ണൂര്‍. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന ആധിപത്യത്തിന് ഇടിവ് തട്ടിയേക്കുമോ എന്ന ആശങ്ക ഇടതു ക്യാമ്പില്‍ത്തന്നെ ശക്തം.

പുതിയ കോര്‍പറേഷനും നാലു പുതിയ നഗരസഭകളും ഇത്തവണ കണ്ണൂരിലുണ്ട്. ഇവയുടെ രൂപീകരണത്തോടെ പുനര്‍വിഭജിക്കപ്പെട്ട ജില്ലാ- ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളും ഇല്ലാതായ പത്തു പഞ്ചായത്തുകളും നിലവിലുള്ള രാഷ്ട്രീയ ബലാബലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ബിജെപിക്കു മുന്നേറ്റമുണ്ടാക്കാനാകുമോയെന്നും ഉണ്ടാക്കാനായാല്‍ അതിന്റെ നേട്ടവും കോട്ടവും ആര്‍ക്കെന്നും അറിയാനുള്ള കൌതുകവും കണ്ണൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

കഴിഞ്ഞതവണ രണ്ടു നഗര സഭാ വാര്‍ഡുകളിലടക്കം 12 വാര്‍ഡുകളില്‍ മാത്രമാണു ജില്ലയില്‍ ബിജെപിക്കു വിജയിക്കാനായത്. ഇത്തവണ അവര്‍ കൂടുതല്‍ പിടിക്കുന്ന വോട്ടുകളും വാര്‍ഡുകളും അന്തിമഫലത്തെ മാറ്റിമറിച്ചേക്കാം. ചെറിയ ഭൂരിപക്ഷത്തിനാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയവും ഭരണവും നിര്‍ണയിക്കപ്പെടുന്നത് എന്നതിനാല്‍ മാറ്റങ്ങള്‍ നിര്‍ണായകമാണ്. ശ്രീനാരായണഗുരു ഫ്ളോട്ട് വിവാദവും സിപിഎം-ബിജെപി പാര്‍ട്ടികളിലെ പ്രവര്‍ത്തകരുടെ കൂടുമാറ്റങ്ങളും എസ്എന്‍ഡിപി നിലപാടും കണ്ണൂരിലും ഇളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

പുതുതായി രൂപംകൊണ്ട കോര്‍പറേഷനില്‍ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോര്‍പറേഷനാക്കപ്പെട്ട കണ്ണൂര്‍ നഗരസഭയും പള്ളിക്കുന്ന്, പുഴാതി, എടക്കാട് ഗ്രാമപഞ്ചായത്തുകളും യുഡിഎഫാണു ഭരിക്കുന്നത്. എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നു. വ്യക്തമായ മേല്‍ക്കൈ യുഡിഎഫിനു നിലവില്‍ കോര്‍പറേഷനിലുണ്ട്.

ജില്ലാ പഞ്ചായത്തില്‍ 26 വാര്‍ഡില്‍ ഇരുപതും നേടിയ എല്‍ഡിഎഫിനാണു മേധാവിത്വം. ഇത്തവണ രണ്ടു വാര്‍ഡുകള്‍ കുറഞ്ഞതിനൊപ്പം വലിയതോതില്‍ പുനര്‍വിഭജനവും നടന്നു. പുനര്‍വിഭജിക്കപ്പെട്ടതിന്റെ ഗുണം തങ്ങള്‍ക്കു ലഭിക്കുമെന്നു യുഡിഎഫ് അവകാശപ്പെടുന്നു. ഒന്‍പത് നഗരസഭയില്‍ നാലെണ്ണം പുതിയതാണ്. നിലവിലുള്ള ആറില്‍ ഒന്നൊഴികെ അഞ്ചും എല്‍ഡിഎഫ് ഭരിക്കുന്നു. കോര്‍പറേഷനായതോടെ യുഡിഎഫ് ഭരിച്ചിരുന്ന കണ്ണൂര്‍ നഗരസഭ ഇല്ലാതായി. 2012 ല്‍ ഇലക്ഷന്‍ നടന്ന മട്ടന്നൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല.

തളിപ്പറമ്പ് നഗരസഭ വിഭജിച്ചാണ് പുതിയ ആന്തൂര്‍ നഗരസഭയുണ്ടാക്കിയത്. തളിപ്പറമ്പിലും പുതിയ നഗരസഭകളായ ശ്രീകണ്ഠപുരം, ഇരിട്ടി,പാനൂര്‍ എന്നിവിടങ്ങളിലും യുഡിഎഫ് ഭരണം പ്രതീക്ഷിക്കുന്നു.

പതിനൊന്ന് ബ്ളോക്ക് പഞ്ചായത്തുകളില്‍ ഒന്നില്‍ മാത്രമാണു യുഡിഎഫ് ഭരണം. അതാകട്ടെ നറുക്കെടുപ്പിലൂടെ ലഭിച്ചതാണ്. 81 ഗ്രാമപഞ്ചായത്തുകളില്‍ 53 ലും കഴിഞ്ഞതവണ എല്‍ഡിഎഫാണു വിജയിച്ചത്. 28 ല്‍ യുഡിഎഫും. ഉപതെരഞ്ഞെടുപ്പും യുഡിഎഫിലെ കാലുമാറ്റവും വഴി രണ്ടു പഞ്ചായത്തുകള്‍ കൂടി പിന്നീട് ഇടതിനു ലഭിച്ചു.

പത്തു പഞ്ചായത്തുകള്‍ ഇല്ലാതായതോടെ ഇനിയുള്ളത് 71 എണ്ണം മാത്രം. എട്ടു പുതിയ പഞ്ചായത്തുകള്‍ ശിപാര്‍ശ ചെയ്യപ്പെട്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ വഴി ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

കണ്ണൂര്‍ 2010 ല്‍

കണ്ണൂര്‍ കോര്‍പറേഷന്‍ (ഇലക്ഷന്‍ ഇതാദ്യം)

ജില്ലാപഞ്ചായത്ത് ആകെ ഡിവിഷന്‍-26
എല്‍ഡിഎഫ് 20
യുഡിഎഫ് -06

ബ്ളോക്ക് പഞ്ചായത്ത് (11 എണ്ണം)

എല്‍ഡിഎഫ്-10
യുഡിഎഫ്-01

നഗരസഭ (6)

എല്‍ഡിഎഫ്: പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി.
യുഡിഎഫ്: കണ്ണൂര്‍.

ഗ്രാമപഞ്ചായത്ത് (81)

എല്‍ഡിഎഫ്-55
യുഡിഎഫ്-26


ആലപ്പുഴയില്‍ പൊടിപാറും

ആലപ്പുഴ: ജില്ലയില്‍ ഇരുമുന്നണികളും ബിജെപിയും പോരാട്ടത്തിനു കച്ചമുറുക്കിക്കഴിഞ്ഞു. 73 ഗ്രാമ പഞ്ചായത്തുകള്‍, 12 ബ്ളോക്ക് പഞ്ചായത്തുകള്‍, അഞ്ച് നഗരസഭകള്‍, 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്. 39ഗ്രാമപഞ്ചായത്തുകളില്‍ അധികാരമുറപ്പിച്ച എല്‍ഡിഎഫ് കഴിഞ്ഞതവണ യുഡിഎഫിനെക്കാള്‍ മുന്നിലായിരുന്നു. എന്നാല്‍ ബ്ളോക്ക് പഞ്ചായത്തുകളില്‍ ഏഴെണ്ണം യുഡിഎഫിനും നാലെണ്ണം എല്‍ഡിഎഫിനുമാണ്. നഗരസഭകളുടെ കാര്യത്തില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം. കായംകുളം, ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരസഭകള്‍ യുഡിഎഫ് ഭരണത്തിലാണ്. ആലപ്പുഴ നഗരസഭ എല്‍ഡിഎഫ് ഭരിക്കുന്നു. മാവേലിക്കര യു.ഡി.എഫിനൊപ്പം ആയിരുന്നെങ്കിലും ആറുമാസം മുമ്പു നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെ എല്‍ഡിഎഫ് അധികാര ത്തിലെത്തി.


22 അംഗ ജില്ലാപഞ്ചായത്തില്‍ 13 സീറ്റുമായാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മുഴുവന്‍ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. എസ്എന്‍ഡിപിയുമായി ചേര്‍ന്നായിരിക്കും ബിജെപി മത്സരിക്കുക. 16,29,576 വോട്ടര്‍മാരാണു ജില്ലയിലുള്ളത്. ഇതില്‍ 7,71,843 പുരുഷന്മാരും 8,57,726 വനിതകളുമാണ്.

പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന കായംകുളം നഗര സഭാ ഭരണം, കോണ്‍ഗ്രസിലെ ചക്കളത്തിപ്പോരുമൂലം കുപ്രസിദ്ധമാണ്. 44 അംഗ നഗരസഭയില്‍ 25 സീറ്റാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫിന് 17ഉം ബിജെപിക്ക് രണ്ടും സീറ്റുണ്ട്. വനിതാ സംവരണമായ ചെങ്ങന്നൂരിലും സ്ഥിതി വ്യത്യസ്തമല്ല. യുഡിഎഫ് 14, എല്‍ഡിഎഫ് 11, ബിജെപി-രണ്ട് എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.

എല്‍ഡിഎഫ് അധികാരത്തിലിരുന്ന ആലപ്പുഴ നഗരസഭയില്‍ കഴിഞ്ഞ തവണ അതിശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തിയതെങ്കിലും 52 വാര്‍ഡുകളില്‍ 25 ഇടത്തുമാത്രമേ വിജയിക്കാനായുള്ളൂ. 26 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഡിസിസി ഓഫീസ് നില്‍ക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതുമൂലം വിമതയായി മത്സരിച്ച എം.ജി. സതീദേവിയുടെ വിജയം എല്‍ഡിഎഫ് മുതലെടുത്തു. ഉന്നത സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ മുന്‍കൈയെടുത്തു നട ത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സതീദേവി എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ 27 സീറ്റുമായി എല്‍ഡിഎഫ് ഭരണത്തിലെത്തി.

തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയ ചേര്‍ത്തല നഗരസഭയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഔട്ടാവാന്‍ കാരണം സിപിഎമ്മിലെ പടലപ്പിണക്കങ്ങളും സിപിഐ -സിപിഎം തര്‍ക്കങ്ങളുമായിരുന്നു. ഇതേത്തുടര്‍ന്നു 35 സീറ്റുള്ള നഗരസഭയില്‍ 22 സീറ്റു നേടി യുഡിഎഫ് അധികാരത്തിലെത്തി. 12 ഇടത്ത് മാത്രം എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും കരകയറി. പുതുതായി ഹരിപ്പാട് നഗരസഭയും ഇക്കുറിയുണ്ട്.
മാവേലിക്കര നഗരസഭയില്‍ ആറുമാസംമുമ്പ് അവിശ്വാസം അവതരിപ്പിച്ചു അധികാരത്തിലെത്താനായത് എല്‍ഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.


ആലപ്പുഴ 2010 ല്‍

ഗ്രാമപഞ്ചായത്ത് (73)
എല്‍ഡിഎഫ്-39, യുഡിഎഫ്-34
ബ്ളോക്ക് പഞ്ചായത്ത് (12)
എല്‍ഡിഎഫ്-അഞ്ച്, യുഡിഎഫ്-ഏഴ്

തൈക്കാട്ടുശേരി(യുഡിഎഫ്),പട്ടണക്കാട്(യുഡിഎഫ്), കഞ്ഞിക്കുഴി(എല്‍ഡിഎഫ്), ആര്യാട്(എല്‍ഡിഎഫ്), അമ്പലപ്പുഴ(യുഡിഎഫ്), ചമ്പക്കുളം(യുഡിഎഫ്), വെളിയനാട്(എല്‍ഡിഎഫ്), ചെങ്ങന്നൂര്‍(യുഡിഎഫ്), ഹരിപ്പാട്(യുഡിഎഫ്്), മാവേലിക്കര(എല്‍ഡിഎഫ്), ഭരണിക്കാവ്(എല്‍ഡിഎഫ്), മുതുകുളം(യുഡിഎഫ്).


നഗരസഭ (അഞ്ച്)

എല്‍ഡിഎഫ്-രണ്ട്(ആലപ്പുഴ, മാവേലിക്കര), യുഡിഎഫ്-മൂന്ന്(ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍)


ജില്ലാപഞ്ചായത്ത്

ഡിവിഷനുകള്‍ (22)
എല്‍ഡിഎഫ്-13, യുഡിഎഫ്-ഒമ്പത്


ആരവങ്ങളില്ലാതെ മട്ടന്നൂര്‍ നഗരസഭ

മട്ടന്നൂര്‍: സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് ആരവമുയരവേ മട്ടന്നൂര്‍ മൂകമാണ്. ഇലക്ഷന്‍ നടക്കാത്ത ഏക നഗരസഭയാണു മട്ടന്നൂര്‍. 2012ല്‍ തെരഞ്ഞെടുപ്പ് നടന്ന ഇവിടെ അടുത്ത തെരഞ്ഞെടുപ്പിനായി രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം.

സ്പെഷല്‍ പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ 1990ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ നഗരസഭയാക്കി ഉയര്‍ത്തി. എന്നാല്‍ 1991 ല്‍ യുഡിഎഫ് സര്‍ക്കാര്‍ നഗരസഭ വീണ്ടും പഞ്ചായത്താക്കി. ഇതിനെതിരേ എല്‍ഡിഎഫ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 1995 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവിടെ വോട്ടെടുപ്പ് നടന്നില്ല. 1996ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തിനെ വീണ്ടും നഗരസഭയാക്കി. പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫാണു വിജയിച്ചത്.

34 വാര്‍ഡുകളുളള നഗരസഭയുടെ നിലവിലുള്ള ചെയര്‍മാന്‍ സിപിഎമ്മിലെ കെ. ഭാസ്കരനാണ്. 2017 സെപ്റ്റംബറിലാണ് മട്ടന്നൂര്‍ നഗരസഭയിലേക്കുളള അടുത്ത തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.