ബീഫ് ഫെസ്റിവലിനെ അനുകൂലിച്ചിട്ടില്ലെന്ന് അധ്യാപികയുടെ വിശദീകരണം
Thursday, October 8, 2015 12:29 AM IST
തൃശൂര്‍: തൃശൂര്‍ ശ്രീകേരളവര്‍മ കോളജില്‍ കുട്ടികള്‍ ബീഫ് ഫെസ്റിവല്‍ നടത്തിയതിനെ അനുകൂലിച്ചിട്ടില്ലെന്ന് മലയാളവിഭാഗം അധ്യാപിക ടി.എസ്. ദീപ പ്രിന്‍സിപ്പലിനു വിശദീകരണം നല്‍കി. ഫെസ്റിവലിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതു ചെയ്യരുതെന്ന നിര്‍ദേശമാണ് താന്‍ കുട്ടികള്‍ക്കു നല്‍കിയത്. അക്രമങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ കോളജില്‍ ഉണ്ടായിരുന്നില്ലെന്നും എഴുതിനല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപികയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പ്രിന്‍സിപ്പല്‍ സി.എം. ലത അറിയിച്ചു. ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തൃശൂരില്‍ ഇല്ലാതിരുന്നതിനാല്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഇന്നു തീരുമാനമെടുക്കും. അതേസമയം, പ്രശ്നം രമ്യമായി പരിഹരിക്കാനും വിവിധ കോണുകളില്‍നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്കു കടക്കാതിരിക്കാനുമാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്.


കോളജിലെ ബീഫ് ഫെസ്റുമായി ബന്ധപ്പെട്ടല്ല താന്‍ പ്രതികരിച്ചതെന്നും, തന്റെ അഭിപ്രായത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും വിശദീകരണത്തില്‍ അധ്യാപിക വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങള്‍ തന്റെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അധ്യാപിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.