കൊല്ലപ്പെട്ട സിസ്റര്‍ ജോസ് മരിയയുടെ തലയിലേതു മാരകമുറിവെന്നു പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Friday, October 9, 2015 12:34 AM IST
കോട്ടയം: ചേറ്റുതോട് തിരുഹൃദയമഠത്തില്‍ സിസ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ (81)മരണത്തിനു കാരണമായതു തലയിലേറ്റ മാരകമായ ക്ഷതവും മുറിവുമാണെന്നു സ്ഥിരീകരിക്കുന്ന വിശദമായ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചു. തലയോട്ടിയില്‍ വലതുചെവിയുടെ മുകളില്‍ ഏഴു സെന്റി മീറ്റര്‍ നീളവും രണ്ടു സെന്റി മീറ്റര്‍ വീതിയും ഒന്നര സെന്റി മീറ്റര്‍ ആഴവുമുള്ള മുറിവാണു പോസ്റ് മോര്‍ട്ടത്തില്‍ കണ്െടത്തിയത്.

ചേറ്റുതോട് മഠത്തില്‍ കഴിഞ്ഞ ഏപ്രില്‍ 17ന് അര്‍ധരാത്രി അതിക്രമിച്ചുകയറി സിസ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതു താനാണെന്ന സതീഷ് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെ കല്ലറ തുറന്നു വെള്ളിയാഴ്ച മൃതദേഹം പോസ്റ്മോര്‍ട്ടം നടത്തിയിരുന്നു. മാരകമായ ആയുധം ഉപയോഗിച്ചുള്ള അടിയെത്തുടര്‍ന്നു തലയോട് പൊട്ടി ആന്തരികരക്തസ്രാവം ഉണ്ടായതായും തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തലമുടിയിലും രക്തത്തിന്റെ അംശമുണ്ടായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം നടത്തിയ പോസ്റ്മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കേസില്‍ കുറ്റപത്രം അടിയന്തരമായി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പോലീസിനു കൈമാറുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സതീഷ് ബാബുവിനെതിരേ രണ്ടാമത്തെ കൊലക്കേസ് ചാര്‍ജ് ചെയ്തു.

പാലാ സിഎംസി, ചേറ്റുതോട് എസ്എച്ച് മഠങ്ങളില്‍ കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ കേസിനു പുറമെ പ്രതി സതീഷ് ബാബുവിനെ ഇയാള്‍ അതിക്രമം നടത്തിയ മറ്റുമഠങ്ങളിലും എത്തിച്ചു തെളിവെടുപ്പു തുടരുകയാണ്. കോട്ടയം എസ്എച്ച് മൌണ്ടിലെ എസ്ഡി കോണ്‍വന്റില്‍ താന്‍ സമാനമായ അക്രമത്തിന് എത്തിയിരുന്നുവെന്നു വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു തെളിവെടുപ്പു നടത്തിയത്. സെപ്റ്റംബര്‍ 14നു രാത്രിയില്‍ ഇവിടെ എത്തി മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ സതീഷ് അപഹരിച്ചു. ഇതിനു മുമ്പ് മൂന്നുതവണയും ഇതേ കോണ്‍വെന്റില്‍ ആക്രമണം നടത്താന്‍ സതീഷ് ബാബു എത്തിയിരുന്നതായി പോലീസ് പറഞ്ഞു.


14നു രാത്രി 11നു പ്രതി കോണ്‍വന്റിന്റെ രണ്ടാംനിലയിലെ ഭിത്തിയില്‍ കയറിനിന്നു ജനാലയുടെ കര്‍ട്ടണ്‍ മാറ്റുന്നത് കന്യാസ്ത്രീകള്‍ കണ്ട് ബഹളം വയ്ക്കുകയും ചെയ്തു. ഇതറിഞ്ഞ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അയല്‍വാസികളും തുടര്‍ന്നു കണ്‍ട്രോള്‍ റൂം പോലീസും എത്തി പ്രദേശത്ത് വിശദമായ തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്െടത്താനായില്ല. എസ്ബി കോണ്‍വന്റിന്റെ ഭിത്തിയില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ച് ഇവ സതീഷിന്റേതുതന്നെയാണെന്നു വിരലടയാള വിദഗ്ധര്‍
സ്ഥിരീകരിച്ചു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് മൂന്നു മാസത്തിനുള്ളില്‍ വിചാരണ തുടങ്ങാനും പറ്റുന്ന വിധം നടപടിക്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്. രണ്ടു കൊലക്കേസുകള്‍, മൂന്നു വധശ്രമം, മോഷണം തുടങ്ങി വിവിധ വകുപ്പുകളിലായി 25 കേസുകളാണ് സതീഷിനെതിരേ ഇതുവരെ ചാര്‍ജുചെയ്തിരിക്കുന്നത്. പ്രതിക്ക് ഇനി ജാമ്യം ലഭിച്ചാല്‍ ഒളിവില്‍പോകാനിടയുണ്െടന്നും ഇയാള്‍ കൊടുംകുറ്റവാളിയാണെന്നും വ്യക്തമാക്കി പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിച്ച് ഉടന്‍ വിചാരണ തുടങ്ങണമെന്നും ആവശ്യപ്പെട്ട് പോലീസ് ആഭ്യന്തര വകുപ്പിന് അടുത്തയാഴ്ച കത്തു നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.