കോട്ടയം ബസേലിയോസ് കോളജിലും എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്
കോട്ടയം ബസേലിയോസ് കോളജിലും എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്
Friday, October 9, 2015 12:35 AM IST
കോട്ടയം: സിഎംഎസ് കോളജിനു പിന്നാലെ കോട്ടയം ബസേലിയോസ് കോളജിലും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ് സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ കോളജിലെ പ്രധാന ഗേറ്റിനു മുന്നില്‍ ബ്രഡും ബീഫ് കറിയും വിതരണം ചെയ്തു. വഴിയാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബ്രഡും ബീഫ് കറിയും നല്‍കി.

കഴിഞ്ഞ ദിവസം സിഎംഎസ് കോളജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ് സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രശ്ന സാധ്യത കണക്കിലെടുത്ത് വെസ്റ് എസ്ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു കോളജിന്റെ പ്രധാന കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. തീന്മേശയിലെ ഫാഷിസത്തിനെതിരേ ജനാധിപത്യ പ്രതിഷേധം’ എന്ന മുദ്രവാക്യം മുഴക്കിയാണു വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റിനു തുടക്കമിട്ടത്.


ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഗൃഹനാഥനെ മര്‍ദിച്ചുകൊന്നതില്‍ പ്രതിഷേധിച്ചും വര്‍ഗീയനിലപാടിനെതിരേ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ച തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക പ്രഫ. ദീപ നിശാന്തിന് പിന്തുണ അറിയിച്ചുമാണു ബീഫ് ഫെസ്റ് സംഘടിപ്പിച്ചതെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്ഐ ബസേലിയസ് കോളജ് യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ എം. സാബു, സെക്രട്ടറി ജസ്വിന്‍ ജോസ്, വിഷ്ണു മാധവന്‍, സുവര്‍ണ രമണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.