സഹായപദ്ധതിയില്‍ റബര്‍ ബോര്‍ഡിനും ബാങ്കുകള്‍ക്കും മെല്ലെപ്പോക്ക്
സഹായപദ്ധതിയില്‍ റബര്‍ ബോര്‍ഡിനും ബാങ്കുകള്‍ക്കും മെല്ലെപ്പോക്ക്
Friday, October 9, 2015 12:25 AM IST
സ്വന്തം ലേഖകന്‍

കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ ബില്ലുകളും മറ്റു രേഖകളുമായുള്ള കര്‍ഷകരുടെ നെട്ടോട്ടം മൂന്നുമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച സഹായം 7.33 കോടി രൂപ മാത്രം. ബാങ്ക് അക്കൌണ്ടുകളില്‍ എത്തിയ തുക നാലര കോടി. റബര്‍ക്കടകളും ഓഫീസുകളും ആര്‍പിഎസുകളും അക്ഷയ സെന്ററുകളും കയറിയിറങ്ങി തലചുറ്റിയ കര്‍ഷകര്‍ക്കുനേരേ ബാങ്കുകളും മെല്ലെപ്പോക്കു തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി.

300 കോടി രൂപ വകയിരുത്തിയ ആശ്വാസ പദ്ധതിയില്‍ ജൂലൈ മൂന്നാം വാരത്തിനു മുമ്പു ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കു മാത്രമേ ബാങ്കില്‍ പണം ലഭിച്ചിട്ടിട്ടുള്ളൂ. ഇന്നലെ വരെ 29,495 അപേക്ഷകള്‍ക്കുള്ള സഹായമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെങ്കിലും ബാങ്കുകളുടെ നടപടി ഇഴയുന്നതിനാല്‍ അക്കൌണ്ടില്‍ പണം എത്തി പണം കൈയില്‍ കിട്ടിയവരുടെ എണ്ണം കൃത്യമായി ആര്‍ക്കുമറിയില്ല.

ഇതോടകം 2.81 ലക്ഷം ചെറുകിടക്കാര്‍ ആര്‍പിഎസുകളിലൂടെ സഹായപദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 1,00,892 പേര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ ബില്ല് അപ് ലോഡിംഗ് നടത്തിയെങ്കിലും 50 ശതമാനം പേരുടെ രേഖകള്‍ മാത്രമെ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ വിദഗ്ധ പരിശോധന നടത്തിയിട്ടുള്ളൂ. ഫീല്‍ഡ് ഓഫീസര്‍മാര്‍ പരിശോധിച്ച് അനുമതി നല്‍കിയതില്‍ 47,770 അപേക്ഷകള്‍ക്കാണു പണം അനുവദിക്കാന്‍ ബാങ്ക് നടപടി പൂര്‍ത്തിയായിരിക്കുന്നത്. തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ പരിശോധനകളും അനുമതിയുമായവയില്‍ തന്നെ പണം അനുവദിക്കുന്നതിന് ബാങ്കുകളില്‍ രണ്ടാഴ്ചയിലേറെയാണ് കാലതാമസമുണ്ടായിരിക്കുന്നത്. കംപ്യൂട്ടര്‍ സൈറ്റിലെത്തുന്ന ഈ രേഖകളിലേക്കു പണം വിട്ടുകൊടുക്കാന്‍ നിസാരസമയം മാത്രം വേണമെന്നിരിക്കെയാണ് ബാങ്കുകളുടെ അവഗണന. പദ്ധതിയില്‍ സര്‍ക്കാര്‍ 300 കോടി പ്രഖ്യാപിച്ചെങ്കിലും ഖജനാവില്‍നിന്നും കാര്യമായ കോടികളൊന്നും ബാങ്കിലേക്ക് ഒഴുകുന്നില്ലെന്നാണ് റബര്‍ ബോര്‍ഡ് പറയുന്നത്.


ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ബില്ല് അപ്ലോഡ് ചെയ്ത അപേക്ഷകളുടെ സൂക്ഷ്മപരിശോധന എന്നു തുടങ്ങുമെന്നു പറയാന്‍ റബര്‍ ബോര്‍ഡിനു പറ്റുന്നില്ല. സാഹചര്യം അനുവദിച്ചാല്‍ നവംബര്‍ രണ്ടാം വാരത്തോടെ ഇതു പരിഗണിക്കാനായേക്കും എന്നു മാത്രമാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.

കാലപ്പഴക്കം ചെന്ന റബര്‍ മരങ്ങള്‍ ഗ്രാമങ്ങളില്‍ വ്യാപകമായി വെട്ടിമാറ്റുന്ന ഈ സീസണില്‍ റീപ്ളാന്റിംഗ് സബ്സിഡിക്കുള്ള അപേക്ഷകളുടെ പരിശോധനയും തോട്ടങ്ങള്‍ സന്ദര്‍ശിച്ചുള്ള പരിശോധനകളും നടക്കേണ്ടതിനാല്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ വിലസ്ഥിരതാ പദ്ധതിയിലെ അപേക്ഷകള്‍ മടക്കിക്കെട്ടിക്കഴിഞ്ഞു. ചുവപ്പുനാടയില്‍ വരിഞ്ഞുകെട്ടിയ ഈ ഫയല്‍ക്കെട്ടുകള്‍ ഉടനെയൊന്നും അഴിക്കാന്‍ നിവൃത്തിയില്ലെന്നാണ് ഫീല്‍ഡ് ഓഫീസര്‍മാരുടെ പ്രതികരണം.

ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന സീസണ്‍ വരാനിരിക്കെ സഹായപദ്ധതി അപേക്ഷകളുടെ വരവും വിറ്റ ഷീറ്റിന്റെ തൂക്കവും കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജോലിഭാരം മൂലം ഫീല്‍ഡ് ഓഫീസര്‍മാര്‍ പരിശോധനയ്ക്കായി തോട്ടങ്ങളിലേക്കു മടങ്ങുന്നത്. കിലോയ്ക്ക് 140 രൂപ ഉറപ്പിക്കാന്‍ ലാറ്റക്സ് വിറ്റതിന്റെ ബില്ലുകളുടെ അപ് ലോഡിംഗ് തുടങ്ങിയെങ്കിലും ഒന്നാംഘട്ടം പരിശോധന തുടങ്ങിയിട്ടില്ല. ലാറ്റക്സ് ബില്ലുകളില്‍ ഡിസംബറിനുശേഷമേ സാമ്പത്തിക സഹായം ലഭിക്കൂ എന്ന് വ്യക്തം. റബര്‍ ബോര്‍ഡ് രജിസ്ട്രേഷനുള്ള ലാറ്റക്സ് ഡീലര്‍, പ്രോസസിംഗ് യൂണിറ്റ്, മാന്യുഫാക്ചര്‍ എന്നിവിടങ്ങളില്‍ ലാറ്റക്സ് വാങ്ങിയതിന്റെ ബില്ലുകള്‍ മാത്രമേ ഈ പദ്ധതിയില്‍ പരിഗണിക്കൂ. ആര്‍പിഎസുകളില്‍ ലാറ്റക്സ് നല്‍കുന്നവര്‍ക്കും സഹായം ലഭിക്കും. അതേസമയം, റബര്‍ ബോര്‍ഡ് ലൈസന്‍സില്ലാതെ ലാറ്റക്സ് വാങ്ങുന്ന സ്വകാര്യ വ്യക്തി, ഏജന്‍സി, കമ്പനി, ഫാക്ടറി എന്നിവിടങ്ങളില്‍ വിറ്റതും വിറ്റുകൊണ്ടിരിക്കുന്നതുമായ കര്‍ഷകര്‍ ഏറെപ്പേരാണെന്നിരിക്കെ ഇവരെ സഹായപദ്ധതിയില്‍ പരിഗണിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.