മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞു തട്ടിപ്പ്: യുവാവ് പടിയില്‍
Friday, October 9, 2015 12:29 AM IST
കോട്ടയം: മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞും ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമെന്ന് ആവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്തും പണംതട്ടിയ യുവാവ് പോലീസ് പിടിയില്‍. അതിരമ്പുഴ ഐക്കാട്ടുപറമ്പില്‍ ബാബു സുരേന്ദ്രനാണു (42) കോട്ടയം ഈസ്റ് പോലീസിന്റെ പിടിയിലായത്. സിംഗപ്പൂരിലെ ഹംഗി ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്തു റാന്നി സ്വദേശിയായ യുവാവില്‍നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.

ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആശുപത്രി അധികൃതര്‍ ഇന്റര്‍വ്യൂ നടത്തുമെന്നും ഇങ്ങനെ ജോലി തരപ്പെടുത്തി നല്‍കമെന്നും പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയതെന്നും കോട്ടയം കഞ്ഞികുഴിയില്‍ വച്ചാണു പണം നല്‍കിയതെന്നും പരാതികാരന്‍ പോലീസിനോടു പറഞ്ഞു. പ്രതിയെ അന്വേഷിച്ചു പല സ്ഥലങ്ങളിലും ഇവര്‍ എത്തിയെങ്കിലും ഇവിടെനിന്നെല്ലാം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നു റാന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഇന്നലെ അതിരമ്പുഴയില്‍നിന്നു പോലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ ഏറ്റുമാനൂര്‍ പോലീസില്‍ മൂന്നും ചങ്ങനാശേരി, പാലാ, റാന്നി പോലീസ് സ്റേഷനുകളില്‍ ഒരോ കേസും നിലവിലുണ്െടന്ന് ഈസ്റ് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഡിവൈഎസ്പി വി. അജിത്തിനു ലഭിച്ച നിര്‍ദേശാനുസരണം സിഐ എ.ജെ. തോമസ്, എസ്ഐ യു. ശ്രീജിത്ത്, എഎസ്ഐ രാധാകൃഷ്ണന്‍, ഷാഡോ പോലീസുകാരായ ഷിബുകുട്ടന്‍, സജികുമാര്‍, ബിജുമോന്‍ നായര്‍, അഷറഫ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.