തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ നില ഗുരുതരം
തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ നില ഗുരുതരം
Friday, October 9, 2015 12:30 AM IST
അയര്‍ക്കുന്നം: തെരുവുനായയുടെ കടിയേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു. മറ്റക്കര മഞ്ഞാമറ്റം ഓണാച്ചേരില്‍ ജോസിന്റെ ഭാര്യ ഡോളിക്കാണു (40) തെരുവുനായയുടെ കടിയേറ്റു ഗുരുതരാവസ്ഥയിലായിരിക്കുന്നത്.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ഡോളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയായി ഡോളിയുടെ അവസ്ഥ വഷളായിരിക്കുകയാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പേ വിഷബാധയാണോ വീട്ടമ്മയുടെ ആരോഗ്യനില വഷളാകാനുള്ള കാരണമെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണു ഡോളിയെ മഞ്ഞാമറ്റത്തുവച്ചു തെരുവുനായ അക്രമിച്ചത്. ഡോളിയെ തെരുവു നായ അക്രമിക്കുന്നതു കണ്ട നാട്ടുകാരാണു രക്ഷകരായി ഓടിയെത്തിയത്. ഡോളിയെ രക്ഷപ്പെടുത്തിയശേഷം നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം ഏതാനും ദിവസങ്ങള്‍ക്കകം തിരികെ വീട്ടിലെത്തി. 15 ദിവസത്തിനുശേഷം വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഡോളിയെ കഴിഞ്ഞ ചൊവാഴ്ച ദിവസം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു ആരോഗ്യനില വഷളായി. ഡോളിയുടെ ഭര്‍ത്താവ് ജോസ് സ്വകാര്യ ബസ് ഡ്രൈവറാണ്.

മാവേലിക്കരയില്‍ അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു

മാവേലിക്കര: മറ്റംതെക്ക് ഭാഗത്ത് അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മറ്റംതെക്ക് പുളിമൂട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(44), തറയില്‍ ശിവശങ്കരപ്പിള്ള, പൊതിയില്‍ തറയില്‍ സരോജിനി(54), സിന്ധു(42), വല്യത്ത് മേക്കതില്‍ ശരണ്യ(13) എന്നിവര്‍ക്കാണു കടിയേറ്റത്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോള്‍ കണ്ടിയൂര്‍ തെക്കേനടയില്‍ വച്ചാണ് ഉണ്ണിക്കൃഷ്ണനെ നായ് കടിച്ചത്. ഈസമയം അതുവഴിവന്ന ഓട്ടോഡ്രൈവറാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. വീടിനു സമീപം പുല്ലുചെത്തിക്കൊണ്ട് നില്‍ക്കവേയാണ് സരോജിനിക്കു കടിയേറ്റത്.


നെടുങ്കണ്ടത്ത് ഏഴുപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു

നെടുങ്കണ്ടം: നെടുങ്കണ്ടം ടൌണും പരിസരവും നായ്ക്കള്‍ കൈയടക്കി. ടൌണിലൂടെയും ഇടവഴികളിലൂടെയും അലയു ന്ന ഇവ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന ങ്ങള്‍ക്കും ഭീഷണിയായി. നെടുങ്കണ്ടം താലൂക്ക് ഓഫീസ് റോഡ്, ആശുപത്രി പരിസരം, സിവില്‍ സ്റേഷന്‍, ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, കരുണ ആശുപത്രി റോഡ് എന്നിവിടങ്ങള്‍ നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറി. ഇന്നലെ താലൂക്ക് ആശുപത്രി പരിസരത്ത് രണ്ടുപേര്‍ക്കു നായ്ക്കളുടെ കടിയേറ്റു. താലൂക്ക് ആശുപത്രിയിലേക്കു ഭാര്യയുമായി എത്തിയ താന്നിമൂട് കുന്നേല്‍ ശിവരാമന്‍, മുണ്ടിയെരുമ സ്വദേശി സജി എന്നിവര്‍ക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഈ ഭാഗത്തുതന്നെ ഏഴുപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. താലൂക്ക് ആശുപത്രിയില്‍ പേവിഷബാധയ്ക്കുള്ള മരുന്നു സുലഭമല്ലാത്തതിനാല്‍ കടിയേല്‍ക്കുന്നവര്‍ കോട്ടയം, തേനി മെഡിക്കല്‍ കോളജുകളെയാണ് ആശ്രയിക്കുന്നത്. ഇതു വന്‍ സാമ്പത്തിക ബാധ്യതയും വരുത്തുന്നു. നെടുങ്കണ്ടത്തെ സര്‍ക്കാര്‍വക ഭൂമികള്‍ കാടുപിടിച്ചു കിടക്കുകയാണ്. നായക്കള്‍ പെറ്റുപെരുകുന്നത് ഇവിടെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.