സന്ധ്യ മയങ്ങുന്നു, ഒരു ദീപമണയുന്നു
സന്ധ്യ മയങ്ങുന്നു, ഒരു ദീപമണയുന്നു
Saturday, October 10, 2015 12:53 AM IST
വി.ആര്‍. ഹരിപ്രസാദ്

എഴുപതുകളില്‍ കിഷോര്‍ കുമാറോ ലതാ മങ്കേഷ്കറോ ആഷാ ഭോസ്ളേയോ ഇല്ലാതെ, ആര്‍.ഡി. ബര്‍മനോ ലക്ഷ്മികാന്ത്- പ്യാരേലാലോ കല്യാണ്‍ജി- ആനന്ദ്ജിയോ ഇല്ലാതെ ഒരു ഹിന്ദി സിനിമയിലെ പാട്ടുകള്‍ ആലോചിക്കാന്‍ അത്ര എളുപ്പമല്ലായിരുന്നു. അങ്ങനെയൊരു കാലത്താണ് 1976ല്‍ ഒരു സിനിമയില്‍ മുഖ്യഗായകരായി യേശുദാസും ഹേമലതയും വരുന്നത്.., പാട്ടെഴുത്തുകാരനും സംഗീതസംവിധായകനുമായി രവീന്ദ്ര ജയിന്‍ വരുന്നത്.., ചിത്ചോര്‍ എന്ന സിനിമ പിറക്കുന്നത്.

കാലങ്ങള്‍ക്കിപ്പുറമിരുന്നു ഹിന്ദിയിലെ ഏറ്റവും ജനപ്രിയമായ അമ്പതു പാട്ടുകളുടെ കണക്കെടുത്താല്‍ അതില്‍ ചിത്ചോറിലെ ജബ് ദീപ് ജലേ ആനാ, ജബ് ശാം ധലേ ആനാ എന്ന പാട്ടുണ്ട്. രവീന്ദ്ര ജയിന്‍ എഴുതി അദ്ദേഹംതന്നെ ഈണമിട്ട സുന്ദരഗാനം.

എഴുപതുകളുടെ തുടക്കംമുതല്‍ക്കേ രവീന്ദ്ര ജയിന്‍ വിസ്മയസംഗീതവുമായി രംഗത്തുണ്െടങ്കിലും മുന്‍നിരക്കാര്‍ക്കൊപ്പം പ്രശസ്തനായിരുന്നില്ല. യേശുദാസാകട്ടെ സലില്‍ ചൌധരിക്കുവേണ്ടി നിസഗമപനിസരിഗാ എന്ന പാട്ടുപാടി വരവറിയിച്ചിട്ടേയുള്ളൂ. സംവിധായകന്‍ ബസു ചാറ്റര്‍ജിക്കു യേശുദാസിന്റെ ശബ്ദത്തോട് ഏറെയിഷ്ടം. ഒരു പാട്ട് യേശുദാസിനെക്കൊണ്ടു പാടിക്കാമെന്നു ബസു നിര്‍ദേശംവച്ചു. എന്തിന് ഒരെണ്ണമാക്കുന്നു, എല്ലാ പാട്ടും യേശുദാസിനു നല്‍കാം എന്നായിരുന്നു രവീന്ദ്ര ജയിനിന്റെ മറുപടി.

അതേസമയം, ചാറ്റര്‍ജി പൂര്‍ണമനസോടെയല്ല ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ രവീന്ദ്ര ജയിനെ ചുമതലപ്പെടുത്തിയത്. അതു നിര്‍മാതാവ് ബര്‍ജാത്യയുടെ തീരുമാനമായിരുന്നു. എന്റെ ഫേവറിറ്റ് സലില്‍ദാ ആയിരുന്നു. ഞാന്‍ മാത്രമാണു തീരുമാനമെടുക്കുന്നതെങ്കില്‍ സലില്‍ ചൌധരിയെത്തന്നെ പാട്ടുകള്‍ ഏല്പിക്കുമായി”രുന്നു”- ബസു ചാറ്റര്‍ജി പിന്നീടു പറഞ്ഞു. അങ്ങനെയായിരുന്നെങ്കില്‍ ചരിത്രം ഒരുപക്ഷേ മറ്റൊന്നായേനെ.

ഇന്ത്യന്‍ നാടോടിസംഗീതവും ശാസ്ത്രീയ സംഗീതവും ഇഴചേര്‍ത്തുനിര്‍ത്തിയാണ് രവീന്ദ്ര ജയിന്‍ ചിത്ചോറിലെ പാട്ടുകള്‍ക്ക് ഈണമിട്ടത്. നാലു പാട്ടുകളിലെ മൂന്നും രാഗങ്ങളില്‍ അധിഷ്ഠിതം. സിനിമയുടെ പേരും സംഗീതസംവിധായകന്റെ പേരും അറിയില്ലെങ്കിലും ഇങ്ങു മലയാളനാട്ടിലെ പാട്ടുപ്രേമികള്‍ക്കുപോലും അവ അത്രമേല്‍ പരിചിതമായിരിക്കും. ഗോരി തേരാ ഗാവോം ബഡാ പ്യാരാ..., തൂ ജോ മേരേ സുര്‍ മേ..., ആജ് സേ പെഹലേ ആജ് സെ സ്യാദാ... ആര്‍ക്കു മറക്കാനാവും ഓരോന്നും! നാലു പാട്ടുകള്‍ക്കും അതിമനോഹരമായൊരു ചേര്‍ച്ചയുണ്ട്. ഓരോന്നും സിനിമയുടെ ഭാവത്തെ പൂര്‍ണമാക്കുകയും ചെയ്യുന്നു.

മുമ്പ് കല്‍ക്കട്ടയില്‍ ആകാശവാണിക്കുവേണ്ടിയും നാടകങ്ങളിലും പ്രവര്‍ത്തിച്ചിരുന്നകാലത്ത് മൃച്ഛകടികം എന്ന നാടകത്തിനുവേണ്ടി രവീന്ദ്ര ജയിന്‍ ഒരുക്കിയതാണ് ജബ് ദീപ് ജലേ ആനായുടെ ഈണം. ഏതാണ്െടല്ലാ യമന്‍ രാഗാധിഷ്ഠിത ഗാനങ്ങളുടെയും പോലെ സന്ധ്യയുടെ നിറവാണ് ഭാവം. ഒരു റൊമാന്റിക് യുഗ്മഗാനത്തിലേക്കു പ്രാര്‍ഥനയുടെ പൂര്‍ണതകൂടി കൊണ്ടുവന്നു ഈ പാട്ട്. യേശുദാസിന്റെ അനുപമമായ ആലാപനംകൂടിയായപ്പോള്‍ പാട്ട് ഹൃദയങ്ങള്‍ കടമെടുത്തു.

ഒരു സാന്ധ്യശോഭപോലും കണ്ടറിഞ്ഞിട്ടില്ലാത്തയാളാണ് ഈ പാട്ടൊരുക്കിയതെന്ന് ആരും വിശ്വസിക്കില്ല. അതെ, തന്റെ കാഴ്ചയില്ലായ്മയെ ഈണങ്ങള്‍കൊ ണ്ട് മറികടക്കുകയായിരുന്നു അലിഗഡില്‍ ജനിച്ച ഈ അതുല്യപ്രതിഭ.

എന്നെങ്കിലും കാഴ്ചകിട്ടിയാല്‍ ആദ്യം യേശുദാസിന്റെ മുഖം കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയുടെ സ്വരം എന്നാണ് അദ്ദേഹം യേശുദാസിനെ വിശേഷിപ്പിച്ചിരുന്നത്. പില്‍ക്കാലത്തു യേശുദാസിന്റെ തരംഗിണി ഓഡിയോസിനുവേണ്ടി ആവണിപ്പൂച്ചെണ്ട് എന്ന ആല്‍ബത്തിന് ഈണമൊരുക്കുകയും ചെയ്തു. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മലയാള ചലച്ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ഈണങ്ങളുണ്ട്.


ഭജനുകള്‍, ഗസലുകള്‍, എന്നുമോര്‍മിക്കുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങള്‍... എഴുതുകയും ഈണമിടുകയും പാടുകയും ചെയ്ത പാട്ടുകളിലൂടെ രവീന്ദ്ര ജയിന്‍ സംഗീതപ്രേമികളുടെ മനസുകളില്‍ എക്കാലവും ജീവിക്കും. മരണത്തിന് ആ സംഗീതത്തെ തളര്‍ത്താനാവില്ല എന്നതിനു തെളിവായി ഒരു സംഭവംകൂടിയുണ്ട്: സൌദാഗര്‍ എന്ന ചിത്രത്തിലെ പാട്ടുകളുടെ റിക്കാര്‍ഡിംഗ് വേളയിലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചത്. വാര്‍ത്തയറിഞ്ഞിട്ടും പാട്ടുകളുടെ റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ അദ്ദേഹം സ്റുഡിയോയില്‍നിന്ന് ഇറങ്ങിയുള്ളൂ. ഉറപ്പാണ്, പാട്ടിനുമുന്നില്‍ മരണങ്ങള്‍ തോ ല്‍ക്കും!




ആകാശത്തിന്റെ നിറം അവസാന മലയാളചിത്രം

ടി.ജി. ബൈജുനാഥ്

കടലിന്‍ നീലത്താളില്‍ നിശയൊരു കവിതകുറിക്കുന്നു
നക്ഷത്രങ്ങള്‍ അടര്‍ത്തിയെടുത്തവര്‍ അക്ഷരമാക്കുന്നു

ഒഎന്‍വിയുടെ ഈ വരികള്‍ക്ക് ആദ്യമായി രവീന്ദ്രജയിന്‍ സംഗീതം പകര്‍ന്നു. ഗന്ധര്‍വഗായകന്‍ യേശുദാസ് ആ ഗാനം ആലപിച്ചു.. ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം എന്ന സിനിമയിലാണ് അതു സംഭവിച്ചത്. രവീന്ദ്ര ജയിന്‍ അവസാനമായി സംഗീതം നല്കിയ മലയാളചിത്രം കൂടിയാണ് 2012ല്‍ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറം. അങ്ങനെ ഒഎന്‍വി- യേശുദാസ ്- രവീന്ദ്ര ജെയിന്‍ ആദ്യമായി ഒന്നിച്ചു. മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടിലിരുന്നാണ് ആകാശത്തിന്റെ നിറത്തിലെ രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഒഎന്‍വി വരികളെഴുതിയ ശേഷമാണു രവീന്ദ്ര ജയിന്‍ സംഗീതം നല്കിയത്. ഓരോ വരിക്കും സംഗീതം നല്കുമ്പോഴും ഇഷ്ടമായോ എന്നു വീണ്ടുംവീണ്ടും ചോദിച്ച ശേഷമായിരുന്നു അതു പൂര്‍ത്തിയാക്കിയിരുന്നത്. മകനോടെന്നപോലെയാണു ഞങ്ങളോടു പെരുമാറിയത്. വളരെ സിംപിളായ, സ്നേഹമുള്ള ഒരു മനുഷ്യന്‍- ഡോ.ബിജു ദീപികയോടു പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗിനും പ്രമോഷനും വേണ്ടിയാണ് ഗാനങ്ങള്‍ ഉപയോഗിച്ചത്. സിനിമയില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകാശത്തിന്റെ നിറത്തിന്റെ യൂ ട്യൂബിലുള്ള വീഡിയോയില്‍ കടലിന്‍ നീലത്താളില്‍...എന്ന ഗാനം ടൈറ്റില്‍ സോംഗായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് അദ്ദേഹം അന്നു ഞങ്ങളോടു സംസാരിച്ചത്. മലയാളം വരികള്‍ വളരെ സ്ഫുടമായി അദ്ദേഹം ഉച്ചരിച്ചു. മൂന്നു ദിവസമെടുത്താണു രണ്ടു പാട്ടുകള്‍ പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെയായിരുന്നു റിക്കാര്‍ഡിംഗ്. മെലഡിയായിരുന്നു രണ്ടും. ഒരു പാട്ട് യേശുദാസും മറ്റൊന്നു വിജയ് യേശുദാസുമാണു പാടിയത്. ഒഎന്‍വിയുടെ കാവ്യാത്മകമായ വരികളും യേശുദാസിന്റെ ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ ഹൃദയസ്പര്‍ശിയായ ആ ഗാനം ചരിത്രമായി.. റിക്കാര്‍ഡിംഗ് ഓര്‍മകള്‍ ഡോ.ബിജു ദീപികയുമായി പങ്കുവച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് കെ.അനില്‍കുമാര്‍ അന്നു സ്വരലയയുടെ വൈസ് ചെയര്‍മാനായിരുന്നു. അദ്ദേഹം എം.എ.ബേബിയുമായി ബന്ധപ്പെട്ടിട്ടാണു രവീന്ദ്രജയിനെ വീണ്ടും മലയാളത്തിലെത്തിച്ചത്. നിരവധി രാജ്യാന്തര ബഹുമതികള്‍ക്കു പുറമേ രവീന്ദ്രജയിന്‍ അവസാനമായി സംഗീതം നല്കിയ മലയാള ചിത്രം എന്ന പ്രത്യേകതയും ഇനി ആകാശത്തിന്റെ നിറത്തിനു സ്വന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.