തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണം: വി.എം. സുധീരന്‍
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണം: വി.എം. സുധീരന്‍
Saturday, October 10, 2015 12:51 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഡിസിസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കെപിസിസി സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളില്‍നിന്നു കെപിസിസിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണിത്. അതുപോലെ ജനപ്രതിനിധികള്‍, കെപിസിസി-ഡിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, പോഷക സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരുമായി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആശയവിനിമയം നടത്തി അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്തുവേണം സ്ഥാനാര്‍ഥിനിര്‍ണയം ത്തേണ്ടത്.


സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ വിജയ സാധ്യതയ്ക്കും പൊതുസ്വീകാര്യതയ്ക്കും സ്വഭാവശുദ്ധിക്കും പാര്‍ട്ടിയോടുള്ള കൂറിനും പ്രാമുഖ്യം നല്‍കണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍, പ്രത്യേകിച്ച് അസാന്മാര്‍ഗിക കൃത്യങ്ങള്‍, മദ്യം, മയക്കുമരുന്ന്, സാമ്പത്തികകുറ്റങ്ങള്‍ എന്നിവയില്‍ പ്രതികളായവരെയും അഴിമതി ആരോപണ വിധേയരായവരെയും സ്ഥാനാര്‍ഥികളാക്കരുത്. ഇത്തരത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടില്ലയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ സ്ഥാനാര്‍ഥിത്വം നല്‍കാവൂ.

നല്ല പ്രതിച്ഛായയും വിജയസാധ്യതയും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാര്‍ഥികളെ കണ്െടത്തി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിക്കാന്‍ കൂട്ടായപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്ന് സുധീരന്‍ സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.