തെരുവുനായ ഉന്മൂലന പരിപാടിയില്‍നിന്നു ജോസ് മാവേലി മാപ്പുപറഞ്ഞു പിന്മാറി
തെരുവുനായ ഉന്മൂലന പരിപാടിയില്‍നിന്നു ജോസ് മാവേലി മാപ്പുപറഞ്ഞു പിന്മാറി
Saturday, October 10, 2015 1:29 AM IST
കൊച്ചി: തെരുവുനായ് ഉന്മൂലന പരിപാടിയിലൂടെ നായ്ക്കളെ കൊല്ലുന്നതില്‍നിന്നു സാമൂഹ്യപ്രവര്‍ത്തകനായ ജോസ് മാവേലി പിന്‍മാറി. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കു 200 രൂപവീതം പാരിതോഷികം പ്രഖ്യാപിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുക്കാനൊരുങ്ങിയ സാഹചര്യത്തിലാണു പരിപാടിയില്‍നിന്നു പിന്മാറിയതായി ജോസ് മാവേലി അറിയിച്ചത്.

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കു പാരിതോഷികം ഏര്‍പ്പെടുത്തിയതിനെതിരേ മേനക ഗാന്ധി ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കിയിരുന്നു. മേനക ഗാന്ധിയുടെ സംഘടനയായ പിഎഫ്എ (പീപ്പിള്‍സ് ഫോര്‍ അനിമല്‍) യുടെ പ്രതിനിധിവഴിയാണു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര ജോസ് മാവേലിയെ ഓഫീസിലേക്കു വിളിച്ചുവരുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന സംഭവമായതിനാല്‍ നായ്ക്കളെ കൊല്ലുന്ന പരിപാടിയില്‍നിന്നു പിന്‍മാറി മാപ്പ് എഴുതി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ റൂറല്‍ എസ്പി ഉപദേശിച്ചയച്ചു. തുടര്‍ന്നു കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി മാപ്പ് അപേക്ഷ എഴുതി നല്‍കി.

മലയാളത്തിലും ഇംഗ്ളീഷിലും തയാറാക്കിയ മാപ്പ് അപേക്ഷയിയില്‍ ‘തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയ്ക്കു പ്രേരണ നല്‍കിയതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും നിയമം അനുവദിക്കുന്നതല്ലാത്തതിനാല്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതു മേലില്‍ ആവര്‍ത്തിക്കില്ലെന്നുമാണു ജോസ് മാവേലി പറഞ്ഞിരിക്കുന്നത്. തെരുവു നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് അവയെ ഉന്മൂലനം ചെയ്യുകയല്ല യഥാര്‍ഥ പ്രതിവിധിയെന്നു മനസിലാക്കുന്നതിനാല്‍ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പരിപാടിയില്‍നിന്നു പിന്‍മാറുകയാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.


അതേസമയം, തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനം നിയമപരമായി തുടരുമെന്നും ജോസ് മാവേലി പറയുന്നു. പഞ്ചായത്തുമായി സഹകരിച്ചു ഡോഗ് പോപ്പുലേഷന്‍ മാനേജ്മെന്റ് ആന്‍ഡ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. പഞ്ചായത്തിന്റെ സഹായത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി നായ് സംരക്ഷണ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ഇനി സംഘടന വഴി ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.