മരാധിഷ്ഠിത വ്യവസായ കൈമാറ്റത്തിനു ഡിഎഫ്ഒയുടെ അനുമതി വേണ്ട
Saturday, October 10, 2015 1:30 AM IST
മലപ്പുറം: മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കു ബാധകമായ ഫോറസ്റ് നിയമത്തിലെ അപാകത പരിഹരിച്ചു സര്‍ക്കാര്‍ പുതിയ ഗസറ്റ് വിജ്ഞാപനമിറക്കി. എട്ടോളം പുതിയ താത്കാലിക തിരുത്തലുകളുമായാണു ഫോറസ്റ് റൂള്‍ പുറത്തിറങ്ങിയത്.

ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തിയതാണു പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. നേരത്തെ മൂന്നു വര്‍ഷമായിരുന്നു ലൈസന്‍സ് കാലാവധി. ഫോറസ്റ് റൂളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരളാ സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു പുതിയ വിജ്ഞാപനമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനത്തിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം കാലാവധിയെന്നതു മൂന്നു വര്‍ഷമാക്കിയിട്ടുണ്ട്. വനത്തിനു സമീപമുള്ള മരവ്യവസായങ്ങള്‍ അടച്ചു പൂട്ടണമെന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെയാണു ലൈസന്‍സ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കാക്കിയത്. ഫര്‍ണിച്ചര്‍ യൂണിറ്റും സോമില്ലും ഒരേ വളപ്പില്‍ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. മുമ്പ് ഇതിനു അനുമതി നിഷേധിച്ചിരുന്നു.

സ്ഥാപനം അടച്ചു പൂട്ടാനുള്ള അധികാരം വനംവകുപ്പിനു മാത്രമാക്കിയിട്ടുണ്ട്. അതേസമയം, മരാധിഷ്ഠിത വ്യവസായങ്ങള്‍ കൈമാറ്റം ചെയ്യാനോ പണയം വയ്ക്കാനോ ലോണെടുക്കാനോ ഡിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി ഇനിമുതല്‍ വേണ്ട. ഇതിനു പുറമെ ഫോറസ്റ് റൂള്‍ പ്രകാരം ആറു മാസത്തിനകം ലൈസന്‍സ് പുതുക്കാന്‍ കഴിയാത്തവര്‍ക്കു വിജ്ഞാപനം പുറത്തിറങ്ങിയതു മുതല്‍ ആറു മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനു പിഴ അടച്ചാല്‍ മതിയാകും. മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കു മാസം 200 രൂപയും അല്ലാത്തവയ്ക്ക് 500 രൂപയുമാണു പിഴ. ലൈസന്‍സ് പുതുക്കണമെങ്കില്‍ നേരത്തെ മൂന്നു മാസം മുമ്പ് അപേക്ഷ നല്‍കേണ്ടിയിരുന്നു. മാത്രമല്ല, വൈകി പുതുക്കുന്നതു പുതിയ ലൈസന്‍സായാണു പരിഗണിച്ചിരുന്നതും.


ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ.ബി. ഗണേഷ്കുമാര്‍, കെ.രാധാകൃഷ്ണന്‍, പി.കെ ബഷീര്‍, സി.പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിഷേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഒ ജോസ്കുമാര്‍, ജനറല്‍ സെക്രട്ടറി കെ.സി.എന്‍ അഹമ്മദ്കുട്ടി, വൈപ്രസിഡന്റ് എ.സലാഹുദീന്‍ എടവണ്ണ, ഗുലാം മുഹമ്മദ് പൊന്നാനി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.