കൊല്ലത്തെ അങ്കത്തിനു പുതുമകളേറെ
കൊല്ലത്തെ അങ്കത്തിനു പുതുമകളേറെ
Saturday, October 10, 2015 1:34 AM IST
കൊല്ലം: കൊല്ലം ആസ്ഥാനമായുള്ള മൂന്നു സംഘടനകളുടെ നിലപാടുമാറ്റം കൊണ്ടുതന്നെ രാഷ്ട്രീയകേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതാണു കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ്. ആര്‍എസ്പിയുടെ മുന്നണിമാറ്റം, കേരള കോണ്‍ഗ്രസ്-ബിയുടെ ഇടതുബാന്ധവം, എസ്എന്‍ഡിപിയുടെ പുതിയ ചങ്ങാത്തം എന്നിവയാണു കൊല്ലത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.

2010ലെ തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പറേഷനിലും ത്രിതല പഞ്ചായത്തുകളിലും ഇടതുമുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

കോര്‍പറേഷനിലെ നാലാമൂഴത്തില്‍ എല്‍ഡിഎഫിനു കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആര്‍എസ്പി ഒപ്പമില്ലാത്തതും എസ്എന്‍ഡിപിയുടെ പുതിയ ബാന്ധവവും അവര്‍ക്ക് ഏറെ ക്ഷീണമുണ്ടാക്കും. എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റിന്റെയും ആസ്ഥാന മന്ദിരങ്ങള്‍ നില്‍ക്കുന്ന കൊല്ലം കോര്‍പറേഷനില്‍ ബിജെപി എസ്എന്‍ഡിപിയുമായി സഹകരിച്ച് 55 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു തീരുമാനിച്ചിട്ടുള്ളത്. ഇത് ഇരുമുന്നണി സ്ഥാനാര്‍ഥികളുടെയും വിജയപ്രതീക്ഷകള്‍ക്കു വിലങ്ങുതടിയാകും. ചിലപ്പോള്‍ അട്ടിമറികളും സംഭവിച്ചേക്കാം എന്നതാണു സ്ഥിതി. തൃക്കടവൂര്‍ പഞ്ചായത്തിനെ പുതുതായി കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്തത് യുഡിഎഫിന് അനുകൂലമായ ഘടകമാണ്.

കേരള കോണ്‍ഗ്രസ്-ബി ഒപ്പമുള്ളത് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിനു കൂടുതല്‍ കരുത്ത് പകരും. പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍. ഈ മേല്‍ക്കൈ മറികടക്കാന്‍ യുഡിഎഫിന് തെക്കന്‍മേഖലയില്‍ ആര്‍എസ്പിയുടെ ശക്തമായ പിന്തുണയുണ്ടാകും. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്തില്‍ ഇക്കുറി വാശിയേറിയ പോരാട്ടമായിരിക്കും.

ബ്ളോക്ക് പഞ്ചായത്തുകളിലെ രാഷ്ട്രീയ കാലാവസ്ഥയും ഇതുതന്നെ. ഇവിടെ ഇക്കുറി യുഡിഎഫ് നില മെച്ചപ്പെടുത്താനാണു സാധ്യത. ഇതിനെ പ്രതിരോധിക്കാന്‍ കിഴക്കന്‍ മേഖലയില്‍ ഇടതുമുന്നണിക്കു കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.

പരവൂര്‍ നഗരസഭയ്ക്ക് ഇരുമുന്നണികളെയും മാറിമാറി വരിക്കുന്ന ചരിത്രമാണുള്ളത്. എങ്കിലും ഇവിടത്തെ തീരദേശ വാര്‍ഡുകളായിരിക്കും മുന്നണികളുടെ വിധി നിര്‍ണയിക്കുക. ആകെയുള്ള 32 സീറ്റുകളില്‍ ഇത്തവണ 28 എണ്ണത്തില്‍ ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പുനലൂര്‍, കരുനാഗപ്പള്ളി നഗരസഭകളില്‍ ഇടതുപക്ഷത്തിന് നിലവില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. പിള്ള ഗ്രൂപ്പിന്റെ ഇടതു കൂട്ടുകെട്ട് പുനലൂരില്‍ അവര്‍ക്ക് അല്‍പ്പം ഗുണം ചെയ്യും. എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് കരുനാഗപ്പള്ളിയില്‍ ഇരുപക്ഷത്തിനും തലവേദനയുമാകും.

പുതുതായി രൂപീകരിക്കപ്പെട്ട കൊട്ടാരക്കര നഗരസഭയില്‍ പിള്ള ഗ്രൂപ്പിലാണ് ഇടതിന്റെ പ്രതീക്ഷ. 18 വാര്‍ഡുകള്‍ ഉണ്ടായിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യത പാലിക്കുകയായിരുന്നു. മുനിസിപ്പാലിറ്റി ആയപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 29 ആയി. അടുത്തിടെ നേതാക്കളടക്കം നിരവധി പേര്‍ പിള്ളയുടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയുണ്ടായി.

ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ജില്ലയില്‍ 70ല്‍ നിന്ന് 68 ആയി കുറഞ്ഞിട്ടുണ്ട്. ആകെ 1,234 വാര്‍ഡുകള്‍. പ്രാദേശിക വികാരങ്ങളും വിഷയങ്ങളുമായിരിക്കും വാര്‍ഡുകളില്‍ വിധി നിര്‍ണയിക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജില്ലയില്‍ 23 പഞ്ചായത്ത് മെംബര്‍മാരും പരവൂര്‍ നഗരസഭയില്‍ ഒരു കൌണ്‍സിലറും ഉണ്ടായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

കൊല്ലം 2010ല്‍

കൊല്ലം കോര്‍പറേഷന്‍ (55)
എല്‍ഡിഎഫ്- 34
യുഡിഎഫ്- 20
പിഡിപി- ഒന്ന്

ജില്ലാ പഞ്ചായത്ത് (26)

എല്‍ഡിഎഫ്-16
യുഡിഎഫ്-10

ബ്ളോക്ക് പഞ്ചായത്ത് (11)

എല്‍ഡിഎഫ്-എട്ട്
യുഡിഎഫ്-മൂന്ന്.

ഓച്ചിറ, ശാസ്താംകോട്ട, ചവറ (യുഡിഎഫ്), വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര, ചിറ്റുമല, മുഖത്തല, ചടയമംഗലം, ഇത്തിക്കര (എല്‍ഡിഎഫ്).

നഗരസഭ (3)
പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി (മൂന്നും എല്‍ഡിഎഫ്).

ഗ്രാമപഞ്ചായത്ത് (70)

എല്‍ഡിഎഫ്-42
യുഡിഎഫ്-28

ഇടുക്കി പിടിക്കാന്‍ നെട്ടോട്ടം

തൊടുപുഴ: കസ്തൂരിരംഗന്‍ വിഷയം കത്തിനില്‍ക്കുന്ന ഇടുക്കിയില്‍ ജനവികാരം തങ്ങള്‍ക്കൊപ്പമാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും തയാറെടുക്കുന്നു. പ്രതിപക്ഷം പോലുമില്ലാത്ത ജില്ലാ പഞ്ചായത്തും സംസ്ഥാനത്തെ ഏകഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും യുഡിഎഫിനാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിലേക്കു വന്നശേഷം നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കോയ്മ നേടിയെങ്കിലും പിന്നീടു നടന്ന നിയമസഭയിലും പാര്‍ലമെന്റിലും എല്‍ഡിഎഫ് ശക്തി തെളിയിച്ചു. അതുകൊണ്ടുതന്നെ ഇടുക്കി പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ്.

ബിജെപി സാന്നിധ്യം അറിയിക്കുമെങ്കിലും പഞ്ചായത്തുകളുടെ ഭരണം ഇതുവരെ കൈയാളിയിട്ടില്ല. എന്നാല്‍, എസ്എന്‍ഡിപിയുമായി കൈകോര്‍ത്തു വരുന്ന ബിജെപിയുടെയും പോരാട്ടവീര്യത്തെ അവഗണിക്കാനും സാധിക്കില്ല. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ളോക്ക് പഞ്ചായത്ത്, 52 ഗ്രാമപഞ്ചായത്തുകള്‍, രണ്ട് നഗരസഭ എന്നിവയാണ് ഇക്കുറിയുള്ളത്. കട്ടപ്പന നഗരസഭ രൂപീകൃതമായതോടെ രണ്ട് നഗരസഭകള്‍ ഇടുക്കിയിലുണ്ട്. 34 വാര്‍ഡുകളുള്ള കട്ടപ്പന നഗരസഭ വന്നതോടെ പഞ്ചായത്തുകളുടെ എണ്ണം 52-ലേക്കു ഒതുങ്ങി. പള്ളിവാസല്‍, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍, കൊക്കയാര്‍, ചിന്നക്കനാല്‍, ദേവികുളം പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫ് ലഭിച്ചത്. നിലവിലുള്ള എട്ടു ബ്ളോക്കുകളില്‍ എട്ടും യുഡിഎഫ് നേടി. അടിമാലി, ദേവികുളം, നെടുങ്കണ്ടം, ഇളംദേശം, ഇടുക്കി, കട്ടപ്പന, തൊടുപുഴ, അഴുത തുടങ്ങിയ ബ്ളോക്കുകളും യുഡിഎഫിന്റെ കൈയിലാണ്.

ഇടുക്കിയില്‍ പട്ടയം, കസ്തൂരിരംഗന്‍, തോട്ടംമേഖലയിലെ സമരങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ശക്തമായ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സാന്നിധ്യം മറന്നുള്ള ഒരു പോരാട്ടത്തിന് ഇവിടെ പ്രസക്തിയില്ല. ഇവരുടെ സാന്നിധ്യം തങ്ങള്‍ക്കു നേട്ടമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. പട്ടയവും കസ്തൂരിരംഗനും കര്‍ഷക മനസുകളില്‍ നീറുമ്പോള്‍ അതു മുതലാക്കാനുള്ള കഴിവു പ്രകടിപ്പിക്കുന്ന മുന്നണിക്കും പാര്‍ട്ടികള്‍ക്കും വിജയമുറപ്പാണ്. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലെ സമരം തെരഞ്ഞെടുപ്പിനെ ബാധിക്കും. തമിഴ് വോട്ടര്‍മാരെ പ്രതീക്ഷിച്ച് അണ്ണാ ഡിഎംകെ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇടുക്കിയിലുണ്ട്.


ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി വനിതയ്ക്കാണ്. മൂന്നു ബ്ളോക്ക് പഞ്ചായത്തുകളിലും വനിതാ സംവരണം. 23 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനവും വനിതകള്‍ക്ക്. തൊടുപുഴ നഗരസഭാധ്യക്ഷ വനിതയാണ്. ഇതേസമയം പുതിയതായി രൂപീകൃതമായ കട്ടപ്പന നഗരസഭ അധ്യക്ഷപദവി ജനറലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ വോട്ടെടുപ്പ് നവംബര്‍ രണ്ടിനു നടക്കും. ജില്ലയില്‍ 8.45 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. 4,25,177 സ്ത്രീകളും 4,19,821 പുരുഷന്മാരും. 52 ഗ്രാമപഞ്ചായത്തുകളിലായി ആകെ 792 വാര്‍ഡാണുള്ളത്. 1384 പോളിംഗ് സ്റേഷനും. ഇതില്‍ 414 വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നീ എട്ട് ബ്ളോക്ക് പഞ്ചായത്താണ് ജില്ലയിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ 16 വാര്‍ഡാണുള്ളത്. തൊടുപുഴ നഗരസഭയില്‍ 35 ഉം കട്ടപ്പന നഗരസഭയില്‍ 34 ഉം പോളിംഗ്് സ്റേഷനുകളാണുള്ളത്. 8200 വോട്ടുയന്ത്രങ്ങള്‍ കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പിനു സജ്ജമായിട്ടുണ്ട്.

ഇടുക്കി 2010ല്‍

ജില്ലാപഞ്ചായത്ത് (16)

(പ്രതിപക്ഷമില്ല)
കോണ്‍-11
കേരള കോണ്‍ഗ്രസ് -എം-5

ബ്ളോക്ക് പഞ്ചായത്ത് (8)

യുഡിഎഫ്-8
എല്‍ഡിഎഫ്-0

നഗരസഭ -1 (തൊടുപുഴ-35)

യുഡിഎഫ് -24
സിപിഎം-6
ബിജെപി -4
എസ്ഡിപിഐ-1

ഗ്രാമപഞ്ചായത്ത് (53)

യുഡിഎഫ് -43
എല്‍ഡിഎഫ് -10

കോഴിക്കോടന്‍ മണ്ണ് ആര്‍ക്കു മധുരിക്കും?

കോഴിക്കോട്: സാമൂതിരിയുടെയും അങ്കച്ചേകവന്‍മാരുടെയും തട്ടകത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തിനു തീച്ചൂട്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം ബിജെപിയും കച്ചമുറുക്കുന്നതോടെ കടുത്ത മത്സരത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു.

കോഴിക്കോടിന്റെ ചരിത്രത്തില്‍ എന്നും ഇടതിനാണു മേല്‍ക്കൈ. കഴിഞ്ഞ 40 വര്‍ഷമായി നഗരഭരണം ഇടതുപക്ഷത്തിന്റെ കൈകളിലാണ്. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചതു മുതല്‍ ഇടതിനൊപ്പം തന്നെ. ബ്ളോക്ക് പഞ്ചായത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളും ഇടതു വശം ചേര്‍ന്നുനില്‍ക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം യുഡിഎഫ് വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ കോഴിക്കോട്ടും ഇതിന്റെ അലയൊലികളുണ്ടായി. പല ഗ്രാമപഞ്ചായത്തുകളും നേടിയ യുഡിഎഫ,് കോര്‍പറേഷനില്‍ ഭരണം നേടിയില്ലെങ്കിലും നില മെച്ചപ്പെടുത്തി. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയസ്ഥിതി സങ്കീര്‍ണമാണ്. ഇരുപക്ഷത്തിനും തുല്യസാധ്യതകളാണു കല്‍പ്പിക്കപ്പെടുന്നത്. ജില്ലയില്‍ ഒരു പഞ്ചായത്തു പോലും സ്വന്തമായിട്ടില്ലെങ്കിലും എസ്എന്‍ഡിപിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടില്‍ ചില മുന്നേറ്റങ്ങള്‍ നടത്താമെന്നു ബിജെപിയും കണക്കുകൂട്ടുന്നു.

70 ഗ്രാമപഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, 12 ബ്ളോക്ക് പഞ്ചായത്തുകള്‍, 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, കോഴിക്കോട് കോര്‍പറേഷനിലെ 75 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെയാണ് ഇത്തവണ തെരഞ്ഞെടുക്കേണ്ടത്. 2010ല്‍ 75 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്നത് 70 ആയി ചുരുങ്ങി. രണ്ട് മുനിസിപ്പാലിറ്റികളില്‍നിന്ന് ഏഴായി കൂടി. നേരത്തെയുള്ള കൊയിലാണ്ടി, വടകര എന്നിവയ്ക്കു പുറമെ കൊടുവള്ളി, പയ്യോളി, ഫറോക്ക്, രാമനാട്ടുകര, മുക്കം എന്നിവയാണു പുതിയ മുനിസിപ്പാലിറ്റികള്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു മലയോര മേഖലകളില്‍ നിലനില്‍ക്കുന്ന ആശങ്ക, ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖന്റെ വധത്തിനു ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ മാറ്റങ്ങള്‍, ജാതിസംഘടനകളുടെ രംഗപ്രവേശം തുടങ്ങിയവയെല്ലാം പ്രചാരണ വിഷയമാകും.

ആര്‍എംപിക്ക് വടകരയിലും പരിസരത്തുമുള്ള ജനസമ്മിതിയും ബിജെപിക്ക് അനുകൂലമായി ഉണ്ടായേക്കാവുന്ന അടിയൊഴുക്കുമാണ് സിപിഎമ്മിനെ അലട്ടുന്നത്. യുഡിഎഫിലെ ഒരുക്കങ്ങള്‍ക്കു പതിവ് പോലെ തര്‍ക്കങ്ങളുമായാണു തുടക്കം. മുന്നണി കണ്‍വീനര്‍സ്ഥാനം സംബന്ധിച്ചു സോഷ്യലിസ്റ് ജനതയും മുസ്ലിംലീഗും തമ്മിലുള്ള തര്‍ക്കവും തുടരുന്നു.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍-യുവും മുസ്ലിം ലീഗും കുടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് 14നുള്ളില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

എസ്എന്‍ഡിപിക്കു പുറമേ പിന്നോക്ക സമുദായ സംഘടനകളുടെ കൂട്ടായ്മ, കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, ലോക്ജനശക്തി പാര്‍ട്ടി, തുടങ്ങിയ ചെറുകക്ഷികളുമായി ചേര്‍ന്നുള്ള പരീക്ഷണത്തിനാണു ബിജെപി ഇറങ്ങുന്നത്. 2010ല്‍ കോര്‍പറേഷനില്‍ ഏഴു വാര്‍ഡുകളില്‍ രണ്ടാംസ്ഥാനം നേടാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നു. ഈ വാര്‍ഡുകളില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല.

കൊയിലാണ്ടി മുനിസിപ്പാലിറ്റി, കുന്നമംഗലം, പെരുവയല്‍, മുക്കം, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലും വിജയപ്രതീക്ഷയുണ്െടന്നു ബിജെപി നേതൃത്വം പറയുന്നു.

കോഴിക്കോട് 2010ല്‍

കോഴിക്കോട് കോര്‍പറേഷന്‍ (75)
എല്‍ഡിഎഫ്-41
യുഡിഎഫ്-34

ജില്ലാ പഞ്ചായത്ത് (27)

എല്‍ഡിഎഫ്-14
യുഡിഎഫ്-13

നഗരസഭ- രണ്ട്

കൊയിലാണ്ടി, വടകര
(രണ്ടിടത്തും എല്‍ഡിഎഫ്)

ബ്ളോക്ക് പഞ്ചായത്തുകള്‍ (12)

എല്‍ഡിഎഫ്-9 (കോഴിക്കോട്, ചേളന്നൂര്‍, കുന്നമംഗലം, ബാലുശേരി, പേരാമ്പ്ര, കുന്നുമ്മല്‍,പന്തലായനി,തോടന്നൂര്‍, തൂണേരി) യുഡിഎഫ്-3 (മേലടി, കൊടുവള്ളി, വടകര)

ഗ്രാമപഞ്ചായത്തുകള്‍ (75)
എല്‍ഡിഎഫ് -36
യുഡിഎഫ്-38
ആര്‍എംപി-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.