ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണത്തിന് ആയിരങ്ങള്‍
ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ  ചരമവാര്‍ഷികാചരണത്തിന് ആയിരങ്ങള്‍
Saturday, October 10, 2015 1:35 AM IST
ചങ്ങനാശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ദീപ്ത സ്മരണയില്‍ അദ്ദേഹത്തിന്റെ ചരമ വാര്‍ഷികാചരണത്തിന് കബറിടം സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്ത്മറിയം പള്ളിയില്‍ പതിനായിരങ്ങളെത്തി.

രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി നടന്ന വിശുദ്ധകുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് വിശ്വാസികള്‍ അനുഗ്രഹധന്യരായി. നേര്‍ച്ച സദ്യയുടെ വെഞ്ചരിപ്പ് കര്‍മം വികാരി ഫാ.കുര്യന്‍ പുത്തന്‍പുര നിര്‍വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിലുള്ള വിശ്വാസികള്‍ വീടുകളില്‍ തയാറാക്കി പള്ളിയിലെത്തിച്ച നേര്‍ച്ചപ്പൊതികളാണ് നേര്‍ച്ചസദ്യയില്‍ വിതരണം ചെയ്തത്. രാവിലെ മുതല്‍ വൈകുന്നേരംവരെ പള്ളിയങ്കണം പ്രാര്‍ഥനാമുഖരിതമായതോടൊപ്പം വിശ്വാസികളാല്‍ നിബിഡവുമായിരുന്നു.

ഏഴിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വിശുദ്ധിയുടെ ജീവിതം നയിച്ച മാര്‍ കാവുകാട്ട് നന്മയില്‍ ചരിച്ച കാരുണികനായിരുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. മുഖം നോക്കാതെ എല്ലാവരേയും സ്നേഹിച്ച് ദൈവദാസന്റെ മാതൃക അനുകരണീയമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.


ഒമ്പതിന് റവ.ഡോ.ടോം കൈനിക്കര വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി. മാര്‍ കാവുകാട്ട് പുലര്‍ത്തിയ സ്നേഹവും നന്മയും കരുണയും വിശ്വാസികള്‍ ജീവിതത്തില്‍ മാതൃകയാക്കണമെന്ന് മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.

വിവിധ സമയങ്ങളില്‍ പോസ്റു ലേറ്റര്‍ റവ. ഡോ. മാത്യു മഠത്തി ക്കുന്നേല്‍, വൈസ് പോസ്റു ലേറ്റര്‍ ഫാ. മാത്യു മറ്റം, ഫാ. തോമസ് തുമ്പയില്‍, ഫാ.ജോസ് പി. കൊട്ടാരം, ഫാ.ഡൊമിനിക് ആനിത്തോട്ടത്തില്‍, ഫാ.ജോസഫ് പനയ്ക്കേഴം, ഫാ.ജോര്‍ജ് വല്ലയില്‍, അതിരൂപതയിലെ നവവൈദികര്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.