ഹരിതം
ഹരിതം
Saturday, October 10, 2015 1:39 AM IST
വളര്‍ത്താം, ഒന്നിന്റെ ചെലവില്‍ മൂന്നു വാഴ

ടോം ജോര്‍ജ്

ഒന്നിന്റെ ചെലവില്‍ മൂന്ന്് ഏത്തവാഴ വളര്‍ത്തിയാലെന്താ? ഒരുകുഴപ്പവുമില്ലെന്നു മാത്രമല്ല സംഗതി വിജയമാണെന്നു തെളിയിക്കുകയാണ് കുറവിലങ്ങാട്, ഇലഞ്ഞി മു ട്ടപ്പിള്ളില്‍ ജെയിംസ് മാത്യു. ഒരു ചുവട്ടില്‍ മുന്നുവാഴ വീതം വച്ചു. ഇതുമൂലം ഒന്നിനു നല്‍കുന്ന വളം കൊണ്ട് മൂന്നെണ്ണവും വളര്‍ന്നു. ചെലവു കുറവ്, സ്ഥലവും പണിക്കൂലിയും ലാഭം. കീടനാശിനി കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്ന നേട്ടം വേറെയും.

ത്രികോണാകൃതിയില്‍ ഒന്നൊന്നര അടി ഇടയകലം നല്‍കി വാഴനട്ടു. കന്നു നടാന്‍ ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്തു. കുഴിയില്‍ സ്റെറാമീല്‍ അടിവളമായി നല്‍കി. മേട്ടുപ്പാളയം നേന്ത്രനാണ് നട്ടത്. കൂത്താട്ടുകുളത്തെ വിത്തു വില്‍പന കേന്ദ്രത്തില്‍ നിന്നാണ് വാഴക്കന്നു വാങ്ങിയത്. വീടിന്റെ ഒരുഭാഗത്ത് റോബസ്റ്റയും ഒരുചുവട്ടില്‍ മൂന്നെണ്ണം വീതം നട്ടിട്ടുണ്ട്. ഇത് ജെയിംസിന്റെ ആദ്യ പരീക്ഷണമാണ്. എന്നാല്‍ റോബസ്റയും ഏത്തനും ജെയിംസിനെ നിരാശപ്പെടുത്തിയില്ല. ഒരുകുലയ്ക്ക് 12-15 കിലോ വരെ തൂക്കം ലഭിച്ചു. ഒരു ചുവട്ടില്‍ ഒന്നുവച്ചു നട്ടാലും ഇത്രയൊക്കെ തൂക്കമേ ലഭിക്കൂ. മൂന്നിരട്ടി ലാഭം, പ്രത്യേകിച്ച് വലിയ ചെലവില്ലാതെ ലഭിച്ചു.

ആറുമാസം കൊണ്ടു വാഴകള്‍ കുലച്ചു. 15 ദിവസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തി.8-8-16 എന്ന വളുവും ചാണകപ്പൊടിയും ചുവട്ടില്‍ നല്‍കി. 3-19 എന്നത് ഫോളിയാര്‍ സ്പ്രേ ആയി ഇലകളിലും നല്‍കി.

നാലു മാസമായപ്പോള്‍ ഇലയില്‍ മഞ്ഞപ്പു കണ്ടതിനേത്തുടര്‍ന്നാണ് ഇതു നല്‍കിയത്. മരുന്നിന്റെ കൂടെ വളവും ചേര്‍ത്ത് രണ്ടു തവണ നല്‍കി. ഒരു ചുവടിന് 250-300 ഗ്രാം വളമാണ് ഒരു പ്രാവശ്യം നല്‍കിയത്. ഒരു ചുവട്ടില്‍ ഒരു വാഴയേ ഉള്ളൂ എങ്കിലും ഇത്രതന്നെ വളം നല്‍കണം. ആഴ്ചയില്‍ ഒന്നെന്ന തോതില്‍ വളം നല്‍കിയാല്‍ വളര്‍ച്ച കൂടുമെന്നും ജെയിംസ് പറയുന്നു. ഓണ സമയത്ത് വെട്ടിയ കുലകള്‍ കിലോയ്ക്ക് 38 രൂപയ്ക്കു വിറ്റു. ഇപ്പോള്‍ 35 രൂപയ്ക്കാണു വില്‍പ്പന. ഒരിഞ്ചിന്റെ മോട്ടര്‍ ഉപയോഗിച്ചാണ് ജലസേചനം. കൃഷിയില്‍ വ്യാപൃതനായ ജെയിംസിന്റെ മനസില്‍ തോന്നിയ ഒരു ആശയമാണ് ഒരു ചുവട്ടില്‍ മൂന്നു ഏത്തവാഴ വച്ചുള്ള പരീക്ഷണം. അതു വിജയിക്കുകയും ചെയ്തു.

വാഴമാത്രമല്ല, വീട്ടിലേക്കാവശ്യമുള്ളതെല്ലാം ജെയിംസിന്റെ അഞ്ചേക്കര്‍ പുരയിടത്തില്‍ വിളയുന്നു. വാഴക്കിടയില്‍ ചേന നട്ടിരിക്കുന്നു. ഏലം നന്നായി കായ്ച്ചു കിടക്കുന്നു. ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഇതിനിടയ്ക്കുണ്ട്. കാപ്പികൃഷിക്കിടയില്‍ കുമ്പളങ്ങ പടര്‍ന്ന് ഉണ്ടായിക്കിടക്കുന്നു. ഞാലിപ്പൂവന്‍ വാഴ, റംബൂട്ടാന്‍, കുരുമുളക്, ഫാഷന്‍ഫ്രൂട്ട്, ജാതി, മാവ്, പ്ളാവ്, സപ്പോര്‍ട്ട, മാംഗോസ്റ്റിന്‍ തുടങ്ങി എല്ലാം നിറയെ ഫലങ്ങള്‍ നല്‍കി നില്‍ക്കുന്നു. മൂന്നര ഏക്കറില്‍ റബര്‍കൃഷിയുമുണ്ട്.

റബറിന് വിലയിടിഞ്ഞ സമയത്താണ് മറ്റു കൃഷികളില്‍ ഇദ്ദേഹം സജീവമായത്. കാപ്പിത്തോട്ടത്തിനിടയ്ക്ക് തേനീച്ചയെ വളര്‍ത്തുന്നുമുണ്ട്. ഭാര്യ ജാന്‍സിയും മക്കളായ ജെസ്ബിനും, ജെസ്റ്റിനും ജെയിംസിന് എല്ലാവിധ പിന്തുണയും നല്‍കി ഒപ്പമുണ്ട്.
ഫോണ്‍- ജെയിംസ്: 9447666434.

കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍


ഡോ. സാബിന്‍ ജോര്‍ജ് അസിസ്റ്റന്റ് പ്രഫസര്‍വെറ്ററിനറി കോളജ് മണ്ണൂത്തി, തൃശൂര്‍

കന്നുകാലികളില്‍ രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധം, ചികിത്സ, രോഗ സംക്രമണം തടയല്‍ എന്നീ അടിസ്ഥാന തത്വങ്ങളില്‍ പിഴവുകളുണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എല്ലാ കന്നുകാലി ഫാമുകളിലും പിന്തുടരേണ്ട ജൈവസുരക്ഷാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ താഴെപറയുന്നവയാണ്.




മാറ്റി നിര്‍ത്തണം രോഗികളെ

രോഗം ബാധിച്ച കന്നുകാലികളെയും രോഗബാധ സംശയിക്കുന്നവയെയും കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി പ്രത്യേക ഷെഡ്ഡുകള്‍ വലിയ ഫാമുകളില്‍ ഉണ്ടാകണം. നിലവിലുള്ള ഷെഡ്ഡിന്റെ ഒരു ഭാഗവും ആവശ്യത്തിന് ഉപയോഗിക്കാം. പ്രധാന ഷെഡ്ഡില്‍ നിന്നും പരമാവധി അകലത്തിലും താഴ്ന്ന നിലയിലുമായിരിക്കണം രോഗികളുടെ പാര്‍പ്പിടം. രോഗബാധയുള്ളവയെ ശുശ്രൂഷിച്ചവര്‍ അസുഖമില്ലാത്തവയെ കൈകാര്യം ചെയ്യരുത്. രോഗമുള്ളവയെ അവസാനം ശുശ്രൂഷിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കണം.

ക്വാറന്റൈന്‍

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ നിശ്ചിതകാലയളവില്‍ പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക. കൊണ്ടുവരുമ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇതു ചെയ്യണം. കാരണം ഇവരുടെ ശരീരത്തില്‍ രോഗബാധയുണ്ടാകാം. സാധാരണ 30 ദിവസമാണ് ഇത്തരം അയിത്തത്തിന്റെ കാലയളവ്. അണുബാധയുണ്െടങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചിരിക്കാം. ഈ സമയത്ത് 23-24 ദിവസമാകുമ്പോള്‍ വിരമരുന്നും 25-26 ദിവസങ്ങളില്‍ ബാഹ്യപരാദ ബാധയകറ്റാനുള്ള മരുന്നും നല്‍കണം.

പ്രതിരോധ കുത്തിവയ്പ്

കുളമ്പുരോഗം, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ കൃത്യമായി പ്രതിരോധ കുത്തിവയ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ കുത്തിവയ്പു നല്‍കുന്നത് ശ്രദ്ധയോടെ വേണം. കുത്തിവയ്പിനു ശേഷം പ്രതിരോധ ശേഷി നേടാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.

രോഗവാഹകരെ കണ്െടത്തുക

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ രോഗാണുക്കളെ പേറുകയും മറ്റുള്ള മൃഗങ്ങളിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്ന രോഗവാഹകര്‍ പല രോഗങ്ങളുടേയും പ്രത്യേകതയാണ്. ഇവയെ കണ്െടത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്താറുണ്ട്. ക്ഷയം, ജോണ്ടിസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ളിനിക്കല്‍ അകിടുവീക്കം എന്നിവ ഉദാഹരണങ്ങളാണ്. രോഗബാധ മാറുന്ന സമയവും രോഗവാഹക ഘട്ടത്തിന് ഉദാഹരണമാണ്.

ചത്ത കന്നുകാലികളുടെ ശരീരം നീക്കം ചെയ്യല്‍

സാംക്രമീക രോഗങ്ങള്‍ വന്നുചാവുന്ന കന്നുകാലികളുടെ ശരീരം എവിടെയെങ്കിലും കൊണ്ടുപോയി ഇട്ട് തടിതപ്പാമെന്നു കരുതേണ്ട. ഇതു രോഗബാധ വ്യാപിപ്പിക്കും. ആന്ത്രാക്സ് പോലുള്ള രോഗങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ആന്ത്രാക്സ് ബാധ സംശയിക്കുന്ന ചത്ത കന്നുകാലികളുടെ ശരീരം കീറാന്‍ ശ്രമിക്കരുത്. മൃതശരീരങ്ങള്‍ കൃത്യമായ മുന്‍കരുതലോടെ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുകയാണ് ചെയ്യേണ്ടത്.

രോഗവഴികള്‍ തടയുക

അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവവഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം. രോഗം പരത്തുന്ന കൊതുക്, പട്ടുണ്ണി, ഈച്ച എന്നിവയുടെ നിയന്ത്രണം വഴിയും രോഗാണു ബാധ തടയാം. ബ്ളീച്ചിംഗ് പൌഡര്‍, കാസ്റിക്ക് സോഡ, ക്രെസോള്‍, ഫിനോള്‍, കുമ്മായം, സോപ്പ്, സോഡിയം, ഹൈപ്പോക്ളോറൈറ്റ്, അപ്പക്കാരം മുതലായവ അണുനാശിനികളായി ഉപയോഗിക്കാം.

തൊഴുത്തില്‍ ശുചിത്വം

സൂര്യപ്രകാശം, ചൂട്, അണുനാശിനികള്‍ എന്നിവ തൊഴുത്തിലെ അണുനാശനത്തിന് സഹായിക്കുന്നു. ദിവസത്തില്‍ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നത് വളരെ നല്ലതാണ്. അണുനാശിനികളായി വര്‍ത്തിക്കുന്ന രാസവസ്തുക്കള്‍, ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുത്തണം. ചാണകം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ അണുനാശിനികള്‍ പലതും ശക്തിഹീനമാകുന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമാകണം അണുനാശിനി പ്രയോഗം.

ഫോണ്‍- സാബിന്‍: 9446203839
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.