സീറ്റുകാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു മന്ത്രി കെ.എം. മാണി
സീറ്റുകാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു മന്ത്രി കെ.എം. മാണി
Saturday, October 10, 2015 1:23 AM IST
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ബാലന്‍സ് നിയന്ത്രിക്കാന്‍വിധം ശക്തിയും ആള്‍ബലവുമുള്ള പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ് എന്നു മന്ത്രി കെ.എം. മാണി. മുന്‍കാല ഇലക്ഷനില്‍ തനിച്ചുമത്സരിച്ചു കരുത്തു തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ് എന്നും മാണി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ഓരോ ചലനവും സംസ്ഥാന രാഷ്ട്രീയത്തില്‍ സുപ്രധാനമാണെന്നും കേരള രാഷ്ട്രീയത്തെ മാറ്റിയ ചരിത്ര സംഭവമായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവിയെന്നും മാണി പറഞ്ഞു. ഇടതുപക്ഷത്തുനിന്നപ്പോഴും യുഡിഎഫിലായപ്പോഴും കര്‍ഷകത്തൊഴിലാളിക്കും കര്‍ഷകര്‍ക്കുംവേണ്ടി നിലകൊണ്ടു. കര്‍ഷകത്തൊഴിലാളി, കര്‍ഷക പെന്‍ഷനുകള്‍ നടപ്പാക്കിയതില്‍ സുപ്രധാനമായ പങ്കാണ് കേരളകോണ്‍ഗ്രസിനുള്ളത്.

ബജറ്റില്‍ 300 കോടി രൂപയാണു റബര്‍ കര്‍ഷകര്‍ക്കായി ബജറ്റില്‍ നീക്കിവച്ചത്. വിളയുടെ വില കുറഞ്ഞാല്‍ ന്യായവില ബാങ്കിലൂടെ കര്‍ഷകര്‍ക്കു നല്‍കുന്ന പദ്ധതി ഇതാദ്യമാണ്. നെല്ലിന് കര്‍ഷകര്‍ ആവശ്യപ്പെട്ടത് കിലോഗ്രാമിന് 20 രൂപയായിരുന്നുവെങ്കില്‍ 21.50 രൂപ ലഭ്യമാക്കിയതിലൂടെ പാര്‍ട്ടിയുടെ കര്‍ഷകസ്നേഹമാണ് തെളിയിക്കുന്നത്.


കേരള കോണ്‍ഗ്രസ് മാറിനിന്നാല്‍ കേരളത്തില്‍ ഒരു മുന്നണിയും ഭരിക്കില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം അഞ്ചു മിനിറ്റുകൊണ്ടു പരിഹരിക്കാനാവില്ലെന്ന മുന്‍നിലപാട് മാണി ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എം 52-ാം ജന്മദിന സമ്മേളനം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. തുടര്‍ന്നു പാര്‍ട്ടി നേതാക്കളുടെ യോഗവും ചേര്‍ന്നു.

എംപിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ്, എന്‍. ജയരാജ്, ടി.യു. കുരുവിള, പാര്‍ട്ടി ഭാരവാഹികളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം. പുതുശേരി, വക്കച്ചന്‍ മറ്റത്തില്‍, പി.സി. ജോസഫ്, പി.കെ. സജീവ്, തോമസ് ചാഴികാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ജോബ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.