വെള്ളാപ്പള്ളിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും: ഗോകുലം ഗോപാലന്‍
Saturday, October 10, 2015 1:23 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വെള്ളാപ്പള്ളിക്കെതിരേ നിലവിലുള്ള അഞ്ചു ക്രിമിനല്‍ കേസുള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനു കൈമാറി. പിന്നോക്ക വികസന കോര്‍പറേഷന് രണ്ടു ശതമാനം പലിശയില്‍ ലഭിക്കുന്ന തുകയാണ് നോഡല്‍ ഏജ ന്‍സിയെന്ന നിലയില്‍ വാങ്ങി വെള്ളാപ്പള്ളി 12 മുതല്‍ 18 ശതമാനം വരെ പലിശയ്ക്കു നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വിവര ങ്ങ ളും എസ്എന്‍ ട്രസ്റിന്റെയോയോഗത്തിന്റെയോ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ തുക വെള്ളാപ്പള്ളിയുടെയും ബന്ധുക്കളുടെയും അക്കൌണ്ടിലേക്കാണ് പോകുന്നതെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. മാറിവരുന്ന സര്‍ക്കാരുകളെ വോട്ട് ബാങ്ക് കാട്ടി ഇതില്‍ നിന്നെല്ലാമുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.


ധര്‍മപ്രചരണത്തിനായി ശ്രീനാരായണഗുരു തുടങ്ങിയ എസ്എന്‍ഡിപി യോഗത്തെ രാഷ്ട്രീയക്കാരെ കാട്ടി വിലപേശാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. വെള്ളാപ്പള്ളിക്ക് പാര്‍ട്ടി തുടങ്ങണമെങ്കില്‍ തുടങ്ങാം. എന്നാലത് യോഗത്തെ വച്ചു വിലപേശിയാകരുത്. എസ്എന്‍ ട്രസ്റിനു കീഴിലുള്ള 109 സ്ഥാപനങ്ങളിലെ ഏതാണ്ട് 904 നിയമനങ്ങളിലൂടെ 500 കോടി രൂപയാണ് നടേശനും കുടുംബവും ഉണ്ടാക്കിയത്. വി. എസിനെ കൂടാതെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഈ തെളിവുകളൊക്കെ കൈമാറും. നാളെ മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തുമെന്നും ധര്‍മ്മവേദി ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, കണ്‍വീനര്‍ സൌത്ത് ഇന്ത്യന്‍ വിനോദ്, ഡോ.സുശീല, ബിജു രമേശ് തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.