വിശപ്പിനെ തോല്‍പിച്ച കുരുന്നു കാരുണ്യം
വിശപ്പിനെ തോല്‍പിച്ച കുരുന്നു കാരുണ്യം
Saturday, October 10, 2015 1:24 AM IST
കണ്ണൂര്‍: മാസത്തില്‍ ഒരു നേരത്തെ ഭക്ഷണം വേണ്െടന്നുവച്ച് അതുവഴി സ്വരൂപിച്ച തുക ജില്ലാ കളക്ടറുടെ ജീവകാരുണ്യനിധിയിലേക്കു സംഭാവന നല്‍കി കുട്ടികളുടെ മഹത്തായ മാതൃക. ഉറ്റവരോ ഉടയവരോ ഇല്ലാത്ത കുഞ്ഞുങ്ങളാണ് ഇതെന്നു മനസിലാക്കുമ്പോഴാണ് ഈ കാരുണ്യപ്രവൃത്തിക്കു യശസ്സ് കൂടുന്നത്. കണിച്ചാര്‍ ജീസസ് ശിശുഭവനിലെ 21 കുട്ടികളാണു മാസത്തില്‍ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു സ്വരൂപിച്ച 10,000 രൂപ ജില്ലാ കളക്ടറുടെ പാവങ്ങളെ സഹായിക്കാനുള്ള പദ്ധതിയിലേക്കു കൈമാറിയത്. പത്തുമാസമായി സ്വരുക്കൂട്ടിയ തുകയുമായി ഇന്നലെ രാവിലെയാണു തങ്ങളുടെ എല്ലാമായ സിസ്റര്‍ വിമല തോമസിനൊപ്പം പച്ചയുടുപ്പണിഞ്ഞു കുട്ടികള്‍ കളക്ടറുടെ ചേംബറിലെത്തിയത്. മൂന്നാം ക്ളാസുകാരി കവിതയ്ക്കായിരുന്നു വന്ന കാര്യം കളക്ടറെ ബോധ്യപ്പെടുത്താനുള്ള ചുമതല. ഇടയ്ക്കൊന്നു പതറിയെങ്കിലും വളരെ തന്മയത്വത്തോടെ തന്നെ തങ്ങളുടെ ജീവിത ചുറ്റുപാടുകളും വന്നതിന്റെ ഉദ്ദേശലക്ഷ്യവും കളക്ടറോട് ഈ കൊച്ചുമിടുക്കി വിവരിച്ചു.

ഇവിടെ വന്നു സംസാരിക്കുന്നതിന് അനുമതി നല്‍കിയ കളക്ടര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒത്തിരി നന്ദി പറഞ്ഞുകൊണ്ടായിരുന്നു കവിത സംസാരം തുടങ്ങിയത്. മാതാപിതാക്കളുടെ സ്നേഹമോ ലാളനയോ തലോടലോ ലഭിക്കാതെപോയ തങ്ങള്‍ക്ക് ഈശ്വരന്‍ ഒത്തിരി മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും ഇവയെല്ലാം നൂറിരട്ടിയായി നല്‍കുന്നുണ്െടന്നു കവിത പറഞ്ഞു.

അവര്‍ നല്‍കുന്ന അധ്വാനത്തിന്റെ ഒരു പങ്ക് ഉപയോഗിച്ചാണു സിസ്ററും കമ്മിറ്റിക്കാരും ഞങ്ങളെ വളര്‍ത്തുന്നതെന്ന സത്യവും കവിതയും സഹപാഠികളും കളക്ടറോടു പറഞ്ഞു. വിഷമില്ലാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും വിളയുന്ന തങ്ങളുടെ കൃഷിയിടത്തില്‍ നെല്‍ക്കൃഷിയുമുണ്െടന്ന കവിതയുടെ വിവരണം പുതുതലമുറയ്ക്ക് ഒരു സന്ദേശം കൂടിയായിരുന്നു. മൂന്നര വയസുമുതല്‍ 17 വയസുവരെയുള്ള 23 കുട്ടികളാണു ജീസസ് ശിശുഭവനിലുള്ളത്.


എസ്എസ്എല്‍സിയും പ്ളസ്ടുവും പഠിക്കുന്ന രണ്ടുപേര്‍ക്കു പഠനത്തിരക്കില്‍ കളക്ടറെ കാണാനെത്തിയില്ല. മൂന്നര വയസുള്ള രാജസ്ഥാന്‍കാരനായ അപ്പു ഒഴികെ സ്ഥാപനത്തിലെ മറ്റുള്ളവരെല്ലാം പെണ്‍കുട്ടികളാണ്. കൊച്ചുകുട്ടിയായതിനാലാണ് രാജുവിനെ ഇവരുടെ കൂടെ നിര്‍ത്തുന്നതെന്നു സിസ്റര്‍ വിമല ദീപികയോടു പറ ഞ്ഞു.

കേരളത്തിനു പുറമെ രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും ശിശുഭവനിലുണ്ട്. പാവപ്പെട്ടവരാണ് എന്നതിനാല്‍ ഡെസ്റിറ്റ്യൂഷന്‍ (വളരെ ദരിദ്രര്‍) സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനു കളക്ടര്‍ ഇടപെടണമെന്നു സംസാരത്തിനിടെ കവിതയും സിസ്ററും കളക്ടറോട് അഭ്യര്‍ഥിച്ചു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു കളക്ടര്‍ ഉറപ്പും നല്‍കി. സര്‍ക്കാര്‍ സഹായത്തിന്റെ കാര്യവും ഇവര്‍ സൂചിപ്പിച്ചു. ചൈല്‍ഡ് ലൈനിന്റെ സഹായംകൊണ്ടാണ് തങ്ങള്‍ സുരക്ഷിതമായി കഴിയുന്നതെന്നും കുട്ടികള്‍ പറഞ്ഞു. തങ്ങളുടെ ഭവനത്തിലേക്ക് ഇവര്‍ കളക്ടറെ ക്ഷണിക്കുകയും വരാമെന്നു കളക്ടര്‍ സമ്മതിക്കുകയുംചെയ്തു. കമ്മിറ്റി അംഗങ്ങളായ സുരേഷ്, സന്തോഷ്, ചൈല്‍ഡ് ലൈനിലെ ഹരി, സ്മിത എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

എല്ലാ മതവിഭാഗത്തിലുംപെട്ട 51 അംഗ കമ്മിറ്റിയാണു ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പഠനത്തോടൊപ്പം ട്യൂഷന്‍, കംപ്യൂട്ടര്‍, പാട്ട്, ഡാന്‍സ്, ബാന്‍ഡ് തുടങ്ങിയവയും ഇവിടെ പരിശീലിക്കുന്നു. സുമനസുകളുടെ സഹായത്താല്‍ ഇവര്‍ക്കു താമസിക്കാനായി സ്വന്തം കെട്ടിടവും അതില്‍ സംവിധാനങ്ങളുമുണ്ട്. ശിശുഭവനു സമീപം കളിസ്ഥലവും കൃഷിമന്ത്രിയുടെ സഹകരണത്തോടെ മീന്‍കുളവും നിര്‍മിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.