കാരായിമാര്‍ക്കു പിന്തുണയുമായി പിണറായി
കാരായിമാര്‍ക്കു  പിന്തുണയുമായി പിണറായി
Sunday, October 11, 2015 12:26 AM IST
തലശേരി: ജയിലിലടച്ചാലും സ്വന്തം നാട്ടില്‍ പ്രവേശിക്കുന്നതു തടഞ്ഞാലും ജനമനസുകളില്‍ ഇടംനേടിയ സ്ഥാനാര്‍ഥികള്‍ ഏതു ഘട്ടത്തിലും വിജയിക്കുക തന്നെ ചെയ്യുമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ നിരപരാധിത്വം തുറന്നുകാട്ടുന്നതിനും ഇതേ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടും ഒ.വി. അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ പുതിയ ബസ്സ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സ്ഥാനാര്‍ഥികളുടെ സാന്നിധ്യമല്ല വോട്ടര്‍മാരുടെ മനസിലുള്ള ചിത്രമാണു പ്രധാനം. അതിനാല്‍ ഈ ജനനേതാക്കള്‍ വലിയ ഭൂരിപക്ഷത്തിനു വിജയിക്കും.


നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കലും നീണ്ട കാലത്തിനു ശേഷം ജാമ്യം അനുവദിക്കലും ജാമ്യം ലഭിച്ചിട്ടും നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാത്തതും നീതിനിഷേധമാണ്.

സാധാരണക്കാരന്‍ എങ്ങനെയാണ് അന്യജില്ലയില്‍ ജീവിക്കുക. നിയമത്തിന്റെ പരിരക്ഷ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കണമെന്നു വാദിക്കുന്ന കോടതികള്‍ത്തന്നെ നീതിനിഷേധത്തിന്റെ വക്താക്കളായി മാറുകയാണ്. ഇത്തരം ഉത്തരവ് ഉന്നത നീതിപീഠങ്ങളും നിയമവിദഗ്ധരും ചര്‍ച്ചചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.