അക്കാദമി അംഗത്വം രാജിവയ്ക്കല്‍: പ്രചോദനം പകരുന്നതാണെന്ന് പ്രഫ. എം.കെ. സാനു
Sunday, October 11, 2015 12:40 AM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവയ്ക്കുന്നത് തങ്ങളെപ്പോലെയുള്ളവര്‍ക്കുപ്രചോദനം പകരുന്നതാണെന്ന് പ്രഫ. എം.കെ. സാനു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ ആവിഷ്കാര സ്വാതന്ത്യ്രം എഴുത്തുകാരന് പ്രാണവായുപോലെയാണ്. കല്‍ബുര്‍ഗിയുടെ കൊലപാതകം മനുഷ്യരാശിയോടാകെയുള്ള ക്രൂരതയും അഭിപ്രായസ്വാതന്ത്യ്രത്തോടുള്ള വെല്ലുവിളിയുമാണ്. യുക്തിബോധവും മനഃസാക്ഷിയും അനുസരിച്ചാണ് എഴുത്തുകാര്‍ പ്രതികരിക്കുന്നത്. ഒരു താപസന്റെ വ്രതനിഷ്ഠയോടെയാണ് എഴുത്തുകാര്‍ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ഇതിന്റെ പേരില്‍ കൊലപ്പെടുത്തുകയെന്നതിനേക്കാള്‍ വലിയ ക്രൂരതയില്ല. ഇത്തരം നടപടികള്‍ക്കെതിരായ എഴുത്തുകാരുടെ പ്രതിഷേധം എഴുത്തിലെ പുതുതലമുറയ്ക്കും മാര്‍ഗദര്‍ശകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.