യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു
Sunday, October 11, 2015 12:41 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് രാജിവച്ചു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ധനാരീശ്വരയ്ക്കും നല്‍കിയതായി മഹേഷ് അറിയിച്ചു. ഇരുവര്‍ക്കും ഫാക്സ് സന്ദേശമാണ് അയച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച പ്രാതിനിധ്യം പോലും ഇക്കുറി യുവാക്കള്‍ക്കു ലഭിക്കുന്നില്ലെന്നു മഹേഷ് പറഞ്ഞു. നിലവില്‍ പട്ടികജാതി അടക്കമുള്ള സ്ത്രീ സംവരണത്തിനായി 52 ശതമാനം സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടിവരും. ശേഷിച്ച സീറ്റുകള്‍ വീതിക്കുന്ന ഘട്ടത്തില്‍ യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നടപടി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലും യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെടണമെന്നും മഹേഷ് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.