തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കും: പൊമ്പിളൈ ഒരുമൈ
Sunday, October 11, 2015 12:21 AM IST
മൂന്നാര്‍: തൊഴിലാളികള്‍ തോട്ടങ്ങളില്‍ ഹാജരാകണമെന്ന് അഭ്യര്‍ഥിച്ചു കെഡിഎച്ച്പി കമ്പനി തൊഴിലാളികള്‍ക്കു കത്ത് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരവും മെല്ലെപ്പോക്കു നയംമൂലവും വന്‍ നഷ്ടമാണു കമ്പനിക്കുണ്ടായിട്ടുള്ളതെന്നും മുമ്പു കമ്പനിയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ തൊഴിലാളികള്‍ വലിയ പിന്തുണയാണു നല്‍കിയിട്ടുള്ളതെന്നും അതു തുടര്‍ന്നും ഉണ്ടാകണമെന്നും കമ്പനി ആവശ്യപ്പെട്ടു.

കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള വിശദീകരണവുമായാണ് കത്തിറങ്ങിയിട്ടുള്ളത്. ആരോപണ വിധേയമായ ഒമ്പതു വിഷയങ്ങളെക്കുറിച്ചാണ് വിശദീകരണം. ടാറ്റാ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡ് സ്ഥലം കൈയേറി എന്നവകാശപ്പെടുന്ന കേസിനെക്കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കി കമ്പനിവക സ്ഥലത്ത് സര്‍ക്കാര്‍ പലതവണ സര്‍വേ നടത്തുകയും 278.24 ഹെക്ടര്‍ സ്ഥലം കുറവുള്ളതായി കണ്െടത്തിയിട്ടുണ്െടന്നും കമ്പനി വാദിക്കുന്നു.


ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ക്ക് കമ്പനി പണം നല്‍കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കത്തില്‍ അറിയിച്ചു. ഇന്നലെ കെഡിഎച്ച്പി കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണംചെയ്തു. കഴിഞ്ഞമാസം 12 ദിവസം ചെയ്ത ജോലിക്ക് മാത്രമാണ് ശമ്പളം നല്‍കിയത്. മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിനാല്‍ ആര്‍ക്കും കൂടുതല്‍ തുക ലഭിച്ചില്ല.

ഇതിനിടെ ഐക്യ ട്രേഡ് യൂണിയന്‍ വേദിയിലും പൊമ്പിളൈ ഒരുമൈ വേദിയിലും ഇന്നലെയും ശക്തമായി സമരം തുടര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചായിരുന്നു ഇന്നലെ പൊമ്പിളൈ ഒരുമ സമര വേദിയിലെ ചര്‍ച്ച. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി തെളിയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.