യുവാക്കള്‍ക്കു സീറ്റ് നിഷേധിച്ചെന്ന്; കോഴിക്കോട്ട് നേതാക്കളെ തടഞ്ഞുവച്ചു
യുവാക്കള്‍ക്കു സീറ്റ് നിഷേധിച്ചെന്ന്; കോഴിക്കോട്ട് നേതാക്കളെ തടഞ്ഞുവച്ചു
Tuesday, October 13, 2015 12:31 AM IST
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ യുവാക്കളെ ഒഴിവാക്കിയതില്‍ കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

കോണ്‍ഗ്രസ് നേതൃയോഗം നടന്ന ഹോട്ടലിലേക്കു പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറോളം നേതാക്കളെ തടഞ്ഞുവച്ചു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കു സീറ്റു നല്‍കാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

അളകാപുരി ഹോട്ടലിലാണ് ഇന്നലെ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി എട്ടുവരെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോര്‍പറേഷന്‍ സീറ്റുകളിലേക്കും ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകളിലേക്കും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള യോഗമാണ് ഇന്നലെ ചേര്‍ന്നത്.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗം നടക്കുന്ന മുറിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഡിസിസി ഓഫീസില്‍ ബഹളം ഉണ്ടാകുമെന്ന ഭീതിയെത്തുടര്‍ന്നു യോഗം ഹോട്ടലിലേക്കു മാറ്റിയതായിരുന്നു. യോഗം മാറ്റിയതറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണു കെപിസിസി നേതാക്കളടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ തട്ടിക്കയറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തടയാന്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി. സിദ്ധിക് മുന്നോട്ടുവന്നെങ്കിലും പ്രവര്‍ത്തകര്‍ വകവച്ചില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.പി. നൌഷീറിന്റെ വായ അടക്കിപ്പിടിച്ചു നിശബ്ദനാക്കാന്‍ സിദ്ധിക് ശ്രമിക്കുന്നതു കാണാമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, എംപിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഡിസിസി പ്രസിഡന്റ് കെ.സി. അബു, അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ.പി. ശങ്കരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണു യോഗത്തിലുണ്ടായിരുന്നത്.


കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ അഞ്ചു സീറ്റുകളില്‍ മൂന്നിലും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വിജയിച്ചിരുന്നുവെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തവണ ഒരു സീറ്റുപോലും നല്‍കിയിട്ടില്ല. ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ മകള്‍ക്കു സീറ്റ് നല്‍കിയതിനെയും നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തോറ്റ ചരിത്രം മാത്രമുള്ള എഐസിസി അംഗം പി.വി. ഗംഗാധരനു സീറ്റ് നല്‍കിയതിനെയും യൂത്ത് നേതാക്കള്‍ ചോദ്യംചെയ്തു. പ്രശ്നം നിയന്ത്രണാതീതമായതോടെ എം.കെ. രാഘവന്‍ എംപി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. രാത്രി എട്ടോടെയാണു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.