എന്ന് നിന്റെ മൊയ്തീന്‍ ഐഎഫ്എഫ്കെയില്‍നിന്നു പിന്‍വലിക്കുമെന്ന് സംവിധായകന്‍
Tuesday, October 13, 2015 12:36 AM IST
തിരുവനന്തപുരം: ഐഎഫ്എഫ്കെയില്‍ തന്റെ ചിത്രമായ എന്ന് നിന്റെ മൊയ്തീന്‍ പ്രദര്‍ശിപ്പിക്കില്ലെന്നു സംവിധായകന്‍ ആര്‍.എസ്. വിമല്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിജെടി ഹാളില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് പത്മരാജന്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സദസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട ഉജ്വല കലാസൃഷ്ടിയെയാണു ജൂറി അംഗങ്ങള്‍ അപമാനിച്ചത്.

ലോകം അറിയേണ്ട മലയാളത്തിന്റെ അനശ്വര പ്രണയകഥയാണു മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ അവഗണിക്കപ്പെട്ടത്. മത്സരവിഭാഗത്തില്‍ പരിഗണിക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാണു ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്കു പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ താന്‍ പറഞ്ഞിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാഡമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ല.


ഐഎഫ്എഫ്കെയില്‍ സിനിമ നല്‍കുന്ന സംവിധായകര്‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ചു പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നതു ഗതികേടാണ്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മാത്രം ചിത്രം ഉള്‍പ്പെടുത്തിയത് യുവസംവിധായകരോടുള്ള വെല്ലുവിളിയാണ്. മതേതരത്വ കാഴ്ചപ്പാടുകളോടുള്ള അധികൃതരുടെ അവഗണന പ്രതിഷേധാര്‍ഹമാണെന്നും വിമല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.