സ്വാമി ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രി അന്വേഷണ സാധ്യതാ റിപ്പോര്‍ട്ട് തേടി
സ്വാമി ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രി അന്വേഷണ സാധ്യതാ റിപ്പോര്‍ട്ട് തേടി
Tuesday, October 13, 2015 12:12 AM IST
തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തുന്നതു സംബന്ധിച്ചു സാധ്യതാ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി ക്രൈംബ്രാഞ്ചിനോടു നിര്‍ദേശിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനോടാണ് ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകള്‍ അനുസരിച്ചു തുടരന്വേഷണം നടത്താനുള്ള സാധ്യതാറിപ്പോര്‍ട്ട് എത്രയും പെട്ടെന്നു നല്‍കണമെന്നാണ് നിര്‍ദേശം.

മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നാണ് സ്വാമി ശാശ്വതീകാനന്ദയുടെ ബന്ധുക്കളുടെയും ശിവഗിരി മഠത്തിന്റെയും ആവശ്യം.വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നിലപാടു കടുപ്പിച്ചതോടെയാണ് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സുധീരനുമായി ചര്‍ച്ചനടത്തിയിരുന്നു.


സ്വാമിയുടെ മരണംസംബന്ധിച്ചു നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പുതിയവെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ പുനരന്വേഷണ കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാധ്യതാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണു മൂവരുടെയും തീരുമാനം.

അതേസമയം, സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വെള്ളാപ്പള്ളി നടേശനും സ്വാമിയുടെ ബന്ധുക്കളും ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.