മദര്‍ ഫെര്‍ണാണ്ട റീവയുടെ ഭൌതികാവശിഷ്ടങ്ങള്‍ 14ന് ആലപ്പുഴയിലെത്തിക്കും
Tuesday, October 13, 2015 12:45 AM IST
ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്സ് വനിത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായിരുന്ന ധന്യ മദര്‍ ഫെര്‍ണാണ്ട റീവയുടെ ഭൌതിക അവശിഷ്ടങ്ങള്‍ 14ന് ആലപ്പുഴയിലെത്തിക്കുമെന്നു സെന്റ് ജോസഫ്സ് കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ഫിലോമിന പുത്തന്‍പുര പത്രസമ്മേളനത്തില്‍ അറിയിച്ചു.

1994നു ദൈവദാസിയായി പ്രഖ്യാപിച്ച മദര്‍ ഫെര്‍ണാണ്ട റിവയെ 2012 ലാണ് മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചത്. നാളെ മുംബൈയില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക പേടകത്തിലാക്കിയെത്തിക്കുന്ന ഭൌതികാവശിഷ്ടം റോഡ് മാര്‍ഗമാണ് ആലപ്പുഴയിലേക്കു കൊണ്ടുവരുന്നത്.

ഉച്ചകഴിഞ്ഞു മൂന്നിനു കോളജ് അങ്കണത്തില്‍ നിന്നു സന്യസ്തരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അകമ്പടിയോടെ പേടകം കത്തീഡ്രലിലെത്തിക്കും. ആലപ്പുഴ മെത്രാന്‍ ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ പേടകം ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ആലപ്പുഴ രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മികത്വം വഹിക്കും. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍, ബെല്‍ഗാം രൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാറോ തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു പ്രദക്ഷിണമായി കോണ്‍വന്റ് സ്ക്വയറിലെ ചാപ്പലിലെത്തിക്കും. ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം പേടകം ഏറ്റുവാങ്ങി കബറിടത്തിങ്കലെത്തിക്കും. തുടര്‍ന്ന് ആലപ്പുഴ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ പേടകം കബറിടത്തില്‍ പ്രതിഷ്ഠിക്കും.


കബറിടം മുദ്രവച്ച് ഔദ്യോഗിക രേഖകളില്‍ ഒപ്പുവയ്ക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. 1920 ഏപ്രില്‍ 17നു ഇറ്റലിയിലെ മോണ്‍സായി ജനിച്ച ഫെര്‍ണാണ്ട റീവ 1939 മാര്‍ച്ച് 19നാണ് കനോഷ്യന്‍ സന്യാസ ഭവനത്തില്‍ തന്റെ സന്യസ്ത ജീവിതം ആരംഭിച്ചത്. ആ വര്‍ഷം മുംബൈയിലെത്തിയ ഫെര്‍ണാണ്ട ഉന്നത വിദ്യാഭ്യാസത്തിനുശേഷം മുംബൈയില്‍ അധ്യാപികയായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് 1953ല്‍ ആലപ്പുഴയിലെത്തി നിര്‍മാണം ആരംഭിച്ച സെന്റ് ജോസഫ് വനിതാ കോളജില്‍ കെട്ടിട നിര്‍മാണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. 54 ല്‍ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പളുമായി.

രോഗബാധിതയായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി 1956ല്‍ മുംബൈയിലേക്ക് തിരിച്ച മദര്‍ ജനുവരി 22നാണ് അന്തരിച്ചത്. ആലപ്പുഴ രൂപതാധ്യക്ഷനായിരുന്ന ഡോ. മൈക്കിള്‍ ആറാട്ടുകുളത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് മദറിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്.

പത്രസമ്മേളനത്തില്‍ സെന്റ് ജോസഫ് വനിതാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കെ. ജാനറ്റ് അഗസ്റിന്‍, സിസ്റര്‍ ഡെയ്സി ആന്റണി, ഡോ. എന്‍.ആര്‍. ചിത്ര, ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.