പത്രികാ സമര്‍പ്പണം രണ്ടു ദിവസംകൂടി മാത്രം
പത്രികാ സമര്‍പ്പണം രണ്ടു ദിവസംകൂടി മാത്രം
Tuesday, October 13, 2015 12:27 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ഇനി രണ്ടു ദിവസം കൂടി മാത്രം. അവസാന മണിക്കൂറുകളിലും സീറ്റ് വിഭജന- സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച സജീവമാണ്.

ഇടതുമുന്നണിയും ബിജെപിയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അല്‍പം മുന്നിലാണ്. പല സ്ഥലങ്ങളിലും അവരുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. യുഡിഎഫില്‍ ഇപ്പോഴും ചര്‍ച്ചകളും തര്‍ക്കങ്ങളും തുടരുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തു തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്കിറങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണു യുഡിഎഫ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ കെപിസിസി ആസ്ഥാനത്തു ചര്‍ച്ച നടത്തി. പ്രാദേശികതലത്തില്‍ തര്‍ക്കപരിഹാരം നടക്കട്ടേയെന്ന നിലപാടാണു നേതാക്കള്‍ സ്വീകരിച്ചത്. ജില്ലാതലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇവര്‍ പ്രകടിപ്പിച്ചത്.

ഇടതുമുന്നണിയില്‍ ഘടകകക്ഷികളുമായി കാര്യമായ തര്‍ക്കമില്ലാതെ സീറ്റ് വിഭജനം നടത്താന്‍ സാധിക്കുന്നുണ്ട്. ബിജെപിയും എസ്എന്‍ഡിപിയുമായുള്ള ധാരണപ്രകാരമുള്ള സീറ്റ് വിഭജനവും നടന്നു വരുന്നു. ബിജെപി- എസ്എന്‍ഡിപി ബന്ധത്തില്‍ ആദ്യദിവസങ്ങളിലുള്ള ആവേശം ഇപ്പോള്‍ പ്രകടമല്ലെങ്കിലും എസ്എന്‍ഡിപിക്കു ശക്തിയുള്ള സ്ഥലങ്ങളില്‍ അവര്‍ക്കു സീറ്റുകള്‍ വിട്ടു കൊടുത്തുകൊണ്ടാണു സ്ഥാനാര്‍ഥി നിര്‍ണയം. ഇന്നലെ രാത്രി വൈകിയും വിവിധ ജില്ലകളിലും യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണ്.


സീറ്റു നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ പത്രികാ സമര്‍പ്പണവും തണുപ്പന്‍ മട്ടിലാണ്. ഇന്നും നാളെയും പത്രികാ സമര്‍പ്പണത്തിനു സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ എത്തേണ്ട സ്ഥിതിയാണ്.

പല ജില്ലകളിലും ഈ സമയപരിധിയിലും തീരുമാനമുണ്ടാകില്ലെന്നാണു സൂചന. അങ്ങനെ വന്നാല്‍ ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കും. പിന്‍വലിക്കാനുള്ള സമയത്തോടെ ധാരണയിലെത്താനായിരിക്കും ശ്രമം.

കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളും ചര്‍ച്ചാവിഷയമായി. വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സാധ്യത സംബന്ധിച്ചു ക്രൈംബ്രാഞ്ച് ഡിജിപിയോടു റിപ്പോര്‍ട്ടു തേടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്നീടു പറഞ്ഞു.

ബിജെപി- എസ്എന്‍ഡിപി ബന്ധം സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫും മൌനം പാലിക്കുന്നു എന്ന ഇടത് ആരോപണവും ചര്‍ച്ചാവിഷയമായി. ഇക്കാര്യത്തില്‍ എടുത്തു ചാടിയുള്ള പ്രതികരണത്തിലേക്കു പോകേണ്െടന്നാണു തീരുമാനം. കാത്തിരുന്നു കാണുക എന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.