മുഖപ്രസംഗം: വിയോജിക്കാനുള്ള സ്വാതന്ത്യ്രം പ്രധാനം
Wednesday, October 14, 2015 12:00 AM IST
അസഹിഷ്ണുതയും അക്രമങ്ങളും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതു രോഗലക്ഷണമല്ല, രോഗം തന്നെയാണ്. സമീപകാലത്ത് ഇതു രാജ്യത്തുടനീളം വര്‍ധിതമായി കാണുന്നു എന്നതു വലിയ ആശങ്കയുണ്ടാക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രാജ്യത്ത് അസഹിഷ്ണുതയും അതു മൂലമുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്നുവെന്നതു സ്വാഭാവികമായും ഭരണനേതൃത്വത്തിനെതിരേ വിമര്‍ശനത്തിനു കാരണമാണ്. എന്നാല്‍, ഈ വിമര്‍ശനത്തിനു യുക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. അഥവാ, മറുപടി നല്‍കാന്‍ ഭരണനേതൃത്വം തയാറല്ല. സര്‍ക്കാരിന്റെ ഈ നിസംഗത അസഹ്യമായ നിലയില്‍ എത്തിയിരിക്കുന്നതുകൊണ്ടാണു രാജ്യത്തെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക നായകരും പരസ്യമായി പ്രതിഷേധിച്ചു തുടങ്ങിയിരിക്കുന്നത്.

തങ്ങളുടെ നിലപാടുകളോടു വിയോജിക്കുന്നവരെയെല്ലാം ശാരീരികമായി ആക്രമിക്കുന്നതു ഫാസിസ്റുകളുടെയും ഗുണ്ടകളുടെയും രീതിയാണ്. അത്തരക്കാരുടെ തോളില്‍ കൈയിട്ടു ഭരണം നടത്താമെന്നു ജനാധിപത്യത്തില്‍ വിശ്വാസമുള്ള ആരും കരുതില്ല. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരെ അംഗീകരിക്കാന്‍ മടിക്കുന്ന തീവ്ര പ്രാദേശികവാദത്തിലൂന്നിയ ആശയസംഹിതയാണു ശിവസേനയുടേത്. മുമ്പു മദ്രാസികളെന്നു വിളിച്ച് മലയാളികള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യക്കാരെ മുംബൈയില്‍നിന്നു നാടുകടത്താന്‍ ശ്രമിച്ചവര്‍ പിന്നീടു യുപിക്കാര്‍ക്കും ബിഹാറികള്‍ക്കുമെതിരേയും തിരിഞ്ഞു. അമിതാഭ് ബച്ചനെപ്പോലെ ദേശീയതലത്തില്‍ ഏറെ ആരാധകരുള്ള കലാകാരന്മാരെപ്പോലും അവര്‍ വെറുതേ വിട്ടില്ല. ഇപ്പോഴിതാ പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങു സംഘടിപ്പിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ കരിഓയില്‍ ഒഴിച്ചുകൊണ്ടു ശിവസേന സ്വന്തം മുഖം ഒരിക്കല്‍ക്കൂടി വികൃതമാക്കിയിരിക്കുന്നു.

ലോകമെങ്ങും ചുറ്റിനടന്ന് ഇന്ത്യയിലേക്കു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും വികസനത്തിലേക്കു കുതിക്കുന്ന ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും പ്രസംഗിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദിക്ക് ഇത്തരം ഫാസിസ്റ് പ്രവര്‍ത്തനങ്ങളെ മൂര്‍ച്ചയുള്ള ഭാഷയില്‍ അപലപിക്കാന്‍പോലും കഴിയുന്നില്ല. മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യകക്ഷികളാണെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള ബന്ധം തുടക്കംമുതല്‍ അത്ര സുഖകരമായിരുന്നില്ല. എന്നിരുന്നാലും ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ ശിവസേനയുടെ സഹായം കൂടിയേ തീരൂ. ഈ അവസ്ഥ മുതലെടുത്തു തങ്ങളുടെ തീവ്രനിലപാടുകള്‍ കൂടുതല്‍ തീവ്രമാക്കുന്ന ശിവസേനയുടെ നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മാത്രമല്ല രാജ്യത്തെയാകെ നാണംകെടുത്തുന്നു.

ശിവസേനക്കാര്‍ കരിയഭിഷേകം നടത്തിയ സുധീന്ദ്ര കുല്‍ക്കര്‍ണി ബിജെപിയുടെ മുന്‍ ദേശീയ സെക്രട്ടറിയാണ്. അതിനുമുമ്പ് അദ്ദേഹം ഇടതുപക്ഷ ബന്ധമുള്ള എഴുത്തുകാരനായിരുന്നു. പിന്നീടു എ.ബി. വാജ്പേയിയുമായും എല്‍.കെ. അഡ്വാനിയുമായും അടുത്ത ബന്ധം പുലര്‍ത്തിയ കുല്‍ക്കര്‍ണി മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ “ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണതന്ത്രത്തിന്റെ ഉപജ്ഞാതാവായി. “ബ്ളിറ്റ്സ്’ വാരികയുടെ പത്രാധിപരായും വിദേശനയ വിശകലന വിദഗ്ധനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പാക് വിദേശകാര്യമന്ത്രി എഴുതിയ ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാനും ഇന്ത്യയില്‍ പ്രകാശനം ചെയ്യാനും തയാറായി എന്നതാണു കുല്‍ക്കര്‍ണിയെ കരിയില്‍ കുളിപ്പിക്കാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്. പാക്കിസ്ഥാന്റെ മുന്‍ മന്ത്രി ഏതു നിലപാടുകാരനെന്നോ പുസ്തത്തിന്റെ സ്വഭാവമെന്തെന്നോ ഒന്നും മനസിലാക്കാന്‍ ശിവസേനക്കാര്‍ ശ്രമിച്ചില്ല.


ചരിത്രത്തിലും സാഹിത്യത്തിലും സിനിമയിലും സംസ്കാരത്തിലുമൊക്കെ അധിനിവേശം നടത്താന്‍ വര്‍ഗീയ പ്രസ്ഥാനങ്ങളും തീവ്രവാദ സംഘടനകളും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചുവരുകയാണ്. സ്വാധീനമുള്ള രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ചരിത്രകാരന്മാരെയും സാഹിത്യകാരന്മാരെയും വഴിനടത്താനും ശ്രമിക്കാറുണ്ട്. പക്ഷേ അവരൊക്കെ അതിന് അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന അവസ്ഥ അപകടകരമാണ്. ഭരണാധികാരികള്‍ അത് ഒരുവിധത്തിലും അനുവദിച്ചുകൊടുത്തുകൂടാ.

വിയോജിക്കാനുള്ള സ്വാതന്ത്യ്രം ഈ രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ആ സ്വാതന്ത്യ്രം നഷ്ടപ്പെട്ടുകൂടാ. സ്വന്തമായ നിലപാടുകള്‍ പുലര്‍ത്തുന്ന എഴുത്തുകാരെ ശാരീരികമായി ആക്രമിക്കാന്‍ മാത്രമല്ല കൊല്ലാന്‍പോലും സംഘടിതശക്തികള്‍ തയാറാവുന്നു എന്നതു ഭയജനകമായ അവസ്ഥയാണ്. കന്നട സാഹിത്യകാരനും വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന കല്‍ബുര്‍ഗി കൊല ചെയ്യപ്പെട്ടത് ഈ രാജ്യത്ത് അസഹിഷ്ണുത പൈശാചികതയിലേക്കു വളരുന്നുവെന്നതിനു തെളിവാണ്. ഇതെത്തുടര്‍ന്നും നിരവധി അക്രമസംഭവങ്ങള്‍ സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക നായകര്‍ക്കും നേരേ ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖര്‍ തങ്ങള്‍ക്കു കേന്ദ്ര അക്കാദമികളില്‍നിന്നു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും സ്ഥാനങ്ങളും തിരിച്ചു നല്‍കുകയും അക്കാദമി സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും ചെയ്തു. രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതയെയും അതിനെ നിയന്ത്രിക്കാന്‍ ഉത്സാഹിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയെയും അവര്‍ നിശിതമായി വിമര്‍ശിക്കുന്നു.

അനീതിക്കെതിരേ വിരല്‍ ചൂണ്ടുമ്പോഴും വ്യത്യസ്ത ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അതിനെ അടിച്ചമര്‍ത്തുന്ന സമീപനം ഇന്ത്യന്‍ സംസ്കാരത്തിനു യോജിച്ചതല്ല. അസഹിഷ്ണുക്കളുടെ നീക്കങ്ങള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ അതു രാഷ്ട്രഗാത്രത്തെ തകര്‍ക്കും. അത് ഒഴിവാക്കാന്‍ രാജ്യത്തെ ഭരണനേതൃത്വംതന്നെയാണു മുന്‍കൈ എടുക്കേണ്ടത്. അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറായില്ലെങ്കില്‍ രാജ്യം വലിയ ആപത്തിലേക്കാവും നീങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.