ബേഡകത്തു വിമതരോട് ഒത്തുതീര്‍പ്പുമായി സിപിഎം
ബേഡകത്തു വിമതരോട് ഒത്തുതീര്‍പ്പുമായി സിപിഎം
Wednesday, October 14, 2015 12:55 AM IST
കാസര്‍ഗോഡ്: തരംതാഴ്ത്തിയ നേതാവിനു സീറ്റ്. പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കല്‍. ബേഡകത്ത് വിമതപ്രവര്‍ത്തനങ്ങള്‍ നടത്തിയവരോടാണു സിപിഎം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിട്ടുവീഴ്ച ചെയ്തിരിക്കുന്നത്. സിപിഎമ്മിലെ വിഭാഗീയതയില്‍ സംസ്ഥാനശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ബേഡകം ഏരിയ കമ്മിറ്റിയിലെ പ്രശ്നങ്ങള്‍. 2012ലെ സംഘടനാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണു ബേഡകം ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത ഉടലെടുത്തത്.

ഔദ്യോഗികപക്ഷത്തു മത്സരിച്ച അഞ്ചുപേരെയും ജില്ലയിലെ പ്രമുഖ സിഐടിയു നേതാവിന്റെ സഹായത്തോടെ തോല്‍പ്പിച്ചായിരുന്നു വിമതരുടെ പകവീട്ടല്‍. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമസിച്ച ഔദ്യോഗികവിഭാഗം നേതാവിന്റെ വീടിനു വിമതര്‍ കരിഓയില്‍ ഒഴിക്കുകവരെ ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ നതൃത്വത്തിലുള്ള അന്വേഷണ സം ഘം തര ഞ്ഞടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നിരുന്നുവെന്നു കണ്െടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെട്ട അഞ്ചുപേരെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ഏരിയ സെക്രട്ടറിയായിരുന്ന സി.ബാലനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്നരവര്‍ഷം കഴിഞ്ഞു സി.ബാലന്‍ വീണ്ടും ഈ സ്ഥാനത്തേക്കെത്തിയപ്പോള്‍ ഇതിനെ അംഗീകരിക്കാതെ കുറ്റിക്കോല്‍ പഞ്ചായത്തിലെ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജു അഗസ്റിന്‍ തത്സ്ഥാനം രാജിവച്ചു. തുടര്‍ന്നു സജുവിനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇതേത്തുടര്‍ന്നു കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പടുപ്പ് വാര്‍ഡില്‍ കോണ്‍ഗ്രസാണു ജയിച്ചത്. പാര്‍ട്ടിവിരുദ്ധ നടപടിയുടെ പേരില്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്ന പി.ദിവാകരനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയുംചെയ്തു.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍ മാസ്റര്‍ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ പോലും തയാറായില്ല. വിമതര്‍ പരസ്യമായി പ്രകടനം നടത്തുകയും നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടിട്ടുപോലും പ്രശ്നം പരിഹരിക്കാനായില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മധ്യസ്ഥര്‍ മുഖേന നടത്തിയ ചര്‍ച്ചയിലാണു പ്രശ്നം ഒത്തുതീര്‍പ്പായത്. പി.ദിവാകരനെ സ്ഥാനാര്‍ഥിയാക്കാനും സജു അഗസ്റിനെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കാനും തീരുമാനിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് 11ാം വാര്‍ഡിലാണ് ദിവാകരന്‍ മത്സരിക്കുന്നത്.

കാസര്‍ഗോട്ട് 2005 ആവര്‍ത്തിക്കാന്‍ ബിജെപി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഇക്കുറി ബിജെപിക്കു പ്രതീക്ഷയേറെയാണ്. കന്നട മേഖലയിലെ നിര്‍ണായക സ്വാധീനവും കേന്ദ്രഭരണത്തിന്റെ തണലും എസ്എന്‍ഡിപി കൂട്ടുകെട്ടും ഇക്കുറി ഗുണംചെയ്യുമെന്നാണു ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. ഇതുവഴി 2005ലെ വിജയം ആവര്‍ത്തിക്കാനാണു പാര്‍ട്ടി പരിശ്രമിക്കുന്നത്. 2005ല്‍ ആറു പഞ്ചായത്തില്‍ അധികാരം നേടിയ ബിജെപി 2010ലെ തെരഞ്ഞെടുപ്പില്‍ മൂന്നു പഞ്ചായത്തുകളിലൊതുങ്ങി.

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളാണ് ഇക്കുറിയും ബിജെപി പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. കേരളത്തില്‍ ബിജെപി ഒറ്റയ്ക്കു ഭരിക്കുന്ന ഏക പഞ്ചായത്തും കാസര്‍ഗോഡാണുള്ളത്, 1979ല്‍ രൂപീകൃതമായ മധൂര്‍ പഞ്ചായത്തില്‍ ബിജെപി മാത്രമാണ് അധികാരം കൈയാളിയിട്ടുള്ളത്. 20 സീറ്റുള്ള പഞ്ചായത്തില്‍ 15 സീറ്റും ബിജെപിക്കാണ്. കാറഡുക്ക, പൈവെളിഗെ എന്നിവയാണ് നിലവില്‍ ബിജെപി ഭരിക്കുന്ന മറ്റു പഞ്ചായത്തുകള്‍. അതേസമയം, 2005ല്‍ നേടിയ കുമ്പഡാജെ, എന്‍മകജെ, ബെള്ളൂര്‍ എന്നിവ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല. മഞ്ചേശ്വരം, ബദിയഡുക്ക, മംഗല്‍പാടി, മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണായക ശക്തിയാണ്. ഈ പഞ്ചായത്തുകളില്‍ മിക്കതിലും പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയാണു ബിജെപി. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ 11 കൌണ്‍സിലര്‍മാരുള്ള ബിജെപിയാണു പ്രതിപക്ഷകക്ഷി. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ അഞ്ചു സീറ്റുണ്ട്. ബിജെപിക്കു കാര്യമായ വേരോട്ടമില്ലാത്ത കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ളോക്കുകളിലെ പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാന്‍ എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് സഹായകരമാകുമെന്നാണു നേതൃത്വം പ്രതീക്ഷിക്കുന്നത്.


സംസ്ഥാനത്തുതന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ജില്ലയായിട്ടു കാസര്‍ഗോഡിനെ സംസ്ഥാന നേതൃത്വം കണക്കാക്കുന്നതിനാല്‍ കന്നട നേതാക്കളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ദിവസങ്ങളായി ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, പാര്‍ട്ടിയുടെ നിലവിലുള്ള നേതൃത്വത്തിനോട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പ് ബിജെപിക്കു തിരിച്ചടിയാണ്. പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോചെയ്തു. മുന്‍ കാസര്‍ഗോഡ് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജയലക്ഷ്മി ഭട്ട്, മുന്‍ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പട്ടികയില്‍പെടുന്നു.

പൊരുതാന്‍ മുന്‍ എംഎല്‍എയും

കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ എംഎല്‍എയും രംഗത്ത്. ഹൊസ്ദുര്‍ഗ് നിയോജകമണ്ഡലത്തില്‍നിന്ന് 1991 മുതല്‍ 2001 വരെ രണ്ടു തവണ എംഎല്‍എയായിരുന്ന എം.നാരായണനാണു മത്സരത്തിനു താരപ്പൊലിമയേകി രംഗത്തുവന്നത്.

സിപിഐ പ്രതിനിധിയായി മത്സരിക്കുന്ന ഇദ്ദേഹം ജില്ലാ പഞ്ചായത്തിലെ ബേഡകം ഡിവിഷനില്‍നിന്നാണു ജനവിധി തേടുന്നത്. കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് നിയോജകമണ്ഡലത്തില്‍ ആദ്യതവണ കൊട്ടറ വാസുദേവനെയും പിന്നീട് സി.പി. കൃഷ്ണനെയുമാണു പരാജയപ്പെടുത്തിയത്. പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനായ ഇദ്ദേഹം എംഎല്‍എയായതോടെയാണു സിപിഐയുടെ സജീവപ്രവര്‍ത്തകനായത്.

സംവരണ വാര്‍ഡായതിനാല്‍ നാരായണനു നറുക്കുവീഴുകയായിരുന്നു. സിപിഐ ജില്ലാ കൌണ്‍സില്‍ അംഗം അഖിലേന്ത്യ ആദിവാസി മഹാസഭ ജോയിന്റ് സെക്രട്ടറി, സംഘടനയുടെ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.