കേരള കോണ്‍ഗ്രസ്- ജേക്കബ് കോഴിക്കോട്ടു തനിച്ചു മത്സരിക്കും
Wednesday, October 14, 2015 12:55 AM IST
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റു വിഭജനത്തില്‍ തങ്ങളെ പൂര്‍ണമായും തഴഞ്ഞെന്നാരോപിച്ചു യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്- ജേക്കബ് ജില്ലയില്‍ തനിച്ചു മത്സരിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച ശക്തി കേന്ദ്രമായ ചക്കിട്ടപാറയില്‍പോലും ഇത്തവണ സീറ്റ് നിഷേധിച്ചതു നീതീകരിക്കാനാവില്ല.

ഡിസിസി സെക്രട്ടറിമാര്‍ക്കും കോണ്‍ഗ്രസ് ഓഫീസിന്റെ തിണ്ണനിരങ്ങുന്നവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയപ്പോള്‍ ചര്‍ച്ചയ്ക്കു പോലും വിളിക്കാതെ തങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയായിരുന്നുവെന്നു നേതാക്കള്‍ ആരോപിച്ചു. ജില്ലയിലെ മിക്ക സീറ്റുകളും പേമെന്റ് സീറ്റുകളാണെന്നും ഇവ ഏതൊക്കെയാണെന്നു വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, തത്കാലം എല്‍ഡിഎഫുമായി കൂട്ടുകൂടാനില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


സീറ്റ് വിഭജനത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം മത്സരിക്കുന്ന കട്ടിപ്പാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന പാറോപ്പടി ഡിവിഷനിലും യഥാക്രമം അബ്ദുള്‍ അസീസ് തേവര്‍മലയും ബാബു ഇഞ്ചിക്കനും മത്സരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ലമെന്റ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ സലിം പുല്ലടി, ട്രഷറര്‍ തോമസ് പോക്കാട്ട്, ബാബു ഇഞ്ചിക്കന്‍, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.