പത്രികകള്‍ ഇന്നു മൂന്നു വരെ
പത്രികകള്‍ ഇന്നു മൂന്നു വരെ
Wednesday, October 14, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

മൂന്നുമണിക്കു ശേഷം ലഭിക്കുന്ന നാമനിര്‍ദേശ പത്രികകളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. പത്രികകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കേണ്െടന്ന നിലപാട്.

രാവിലെ 11 മുതല്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. ചില രാഷ്ട്രീയകക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇന്നലെ രാത്രി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇവരെല്ലാം ഇന്നു പത്രിക സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്ന് ആയിരക്കണക്കിനു പത്രികകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. ഇന്നലെയും ആയിരക്കണക്കിനു പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 17 ആണ്.


വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ കംപ്യൂട്ടര്‍ ഉള്‍പ്പെടെ ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ബ്ളോക്ക് അടിസ്ഥാനത്തില്‍ ഒരുക്കുന്ന സ്വീകരണ- വിതരണ - വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനക്ഷമമായതും ഇന്റര്‍നെറ്റ് സൌകര്യമുള്ളതുമായ ആറു കംപ്യൂട്ടറുകള്‍ ഉണ്ടായിരിക്കണം.

മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ നാല് വീതം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഇവ സജ്ജീകരിക്കാന്‍ എല്ലാ ബ്ളോ ക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്കും മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കാന്‍ ഗ്രാമവികസന കമ്മീഷണറോടും നഗരകാര്യ ഡയറക്ടറോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.