പട്ടയഭൂമിയിലെ കര്‍ഷകരുടെ അവകാശത്തെ തടസപ്പെടുത്തില്ല: മന്ത്രി അടൂര്‍ പ്രകാശ്
പട്ടയഭൂമിയിലെ കര്‍ഷകരുടെ അവകാശത്തെ തടസപ്പെടുത്തില്ല: മന്ത്രി അടൂര്‍ പ്രകാശ്
Wednesday, October 14, 2015 12:43 AM IST
തിരുവനന്തപുരം: ചാലക്കുടി മുനിയാട്ടുകുന്നിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുകയും കര്‍ഷകരുടെ പട്ടയ ഭൂമിയിലുള്ള അവകാശത്തെയോ സ്വാതന്ത്യ്രത്തെയോ ഒരുവിധത്തിലും ബാധിക്കാന്‍ അനുവദിക്കില്ല എന്നു തീരുമാനം എടുക്കുകയും ചെയ്തായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും പട്ടയഭൂമിയിലെ കര്‍ഷകരുടെ അവകാശത്തെയോ സ്വാതന്ത്യ്രത്തേയോ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ചാലക്കുടിയിലെ വിഷയവുമായി ബന്ധപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണു വനം വകുപ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇത് മറ്റൊരു ജില്ലയെയും ബാധിക്കുന്ന പ്രശ്നമില്ല.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് ഇടുക്കിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമരപരിപാടി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് ഇതില്‍നിന്നു സമരസമിതി പിന്മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളില്‍ നല്‍കിയിട്ടുള്ള പട്ടയത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നു കരുതുന്നതു ശരിയല്ല. ഇത് തെറ്റിദ്ധാരണ മാത്രമാണ്.

ചാലക്കുടി മുനിയാട്ടുകുന്നിലെ കര്‍ഷകര്‍ക്ക് അനുവദിച്ചു കൊടുത്ത പട്ടയഭൂമിയില്‍ അനധികൃതമായി നടന്നുവന്ന പാറഖനനം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബന്ധപ്പെട്ട കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം കൂടിയത്. യോഗത്തില്‍ റവന്യൂ മന്ത്രിക്കു പുറമേ അഡ്വക്കറ്റ് ജനറല്‍, റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ സെക്രട്ടറി, ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.