എടപ്പാളില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് നാലുപേര്‍ മരിച്ചു
എടപ്പാളില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് നാലുപേര്‍ മരിച്ചു
Wednesday, November 25, 2015 12:41 AM IST
എടപ്പാള്‍: പൊന്നാനി റോഡില്‍ ബിയ്യം വലിയ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റില്‍ ഇടിച്ചശേഷം തോട്ടിലേക്ക് മറിഞ്ഞു നാലുപേര്‍ മരിച്ചു. കൊണ്േടാട്ടിക്കടുത്ത് ബസ് ലോറിയില്‍ ഇടിച്ചു അഞ്ചു പേര്‍ മരിച്ചതിന്റെ നടുക്കം മാറുംമുമ്പേയുണ്ടായ ദുരന്തം മലപ്പുറത്തിനു താങ്ങാനാകാത്തതായി. മൂന്നു പേരുടെ മൃതദേഹങ്ങള്‍ സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോയി. ഒരാളുടെ മൃതദേഹം പൊന്നാനിയില്‍ സംസ്കരിച്ചു.

തിങ്കളാഴ്ച തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. എറണാകുളം പള്ളുരുത്തി മുക്കത്തറ രാജീവന്‍- കവിത ദമ്പതികളുടെ മകന്‍ അതുല്‍രാജ് (15), ചേന്നമംഗലം പോള ഹൌസില്‍ ഷാജി - അജിത ദമ്പതികളുടെ മകന്‍ അമല്‍ കൃഷ്ണ (15), കടവന്ത്ര മലക്കപ്പറമ്പില്‍ സുനില്‍കുമാറിന്റെ മകന്‍ സുധീഷ് (15), എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ യുഡി ക്ളര്‍ക്ക് ചങ്ങരംകുളം സ്വദേശി നെടുംപറമ്പില്‍ ചാക്കപ്പന്റെ മകന്‍ സേവ്യര്‍ (52) എന്നിവരാണ് മരിച്ചത്.

ടവേരയുടെ ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി സത്യന്‍, മരണമടഞ്ഞ സേവ്യറിന്റെ മകന്‍ ഡെല്‍വിന്‍, കൂട്ടുകാരായ ബിജോയ്, സമീര്‍, സൂരജ്, രാഹുല്‍, റിസ് വാന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, അമല മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

തേഞ്ഞിപ്പലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥി സംഘം. ഹാന്‍ഡ്ബോള്‍ എറണാകുളം ജില്ലാ ടീമംഗങ്ങളാണ് മരണമടഞ്ഞ മൂന്നുപേരും പരിക്കേറ്റവരും. എറണാകുളം സ്വദേശിയായ സേവ്യര്‍ ഏറെക്കാലമായി ചങ്ങരംകുളത്താണ് താമസിക്കുന്നത്. മകന്‍ ഡെല്‍വിനും സഹോദര പുത്രന്‍ ബിജോയിയും ഉള്‍പ്പെട്ട സംഘമായതിനാല്‍ സേവ്യറിന്റെ വീട്ടില്‍ ഇവര്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്നു. സംഘത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനായി ചങ്ങരംകുളത്തുനിന്നു വാടകയ്ക്ക് ടവേര കാര്‍ വിളിച്ചു പോയതായിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. അമല്‍കൃഷ്ണ പറവൂര്‍ അരിമ്പാടം ബിഡിഎച്ച്എസ്എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ്. സഹോദരി അസ്മിത.


അതുല്‍രാജ് എറണാകുളം ജോണ്‍ ടി. ബ്രിട്ടോ ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ്. അമല്‍രാജ് സഹോദരനാണ്. എറണാകുളം എസ്ആര്‍വി ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ് സുധീഷ്. അമല്‍കൃഷ്ണയും സുധീഷും ഹാന്‍ഡ്ബോള്‍ ടീമിന്റെ കീപ്പര്‍മാരാണ്. സേവ്യര്‍ പഞ്ചയത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ്. പൊന്നാനി താലൂക്ക് മുന്‍ പ്രസിഡന്റുമായിരുന്നു. ഡെലീനയാണ് ഭാര്യ. മെല്‍ബിന്‍ മറ്റൊരു മകനാണ്.

റോഡരികിലെ വൈദ്യുതിപോസ്റ് ഇടിയില്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് മുന്നോട്ടുപോയ കാര്‍ രണ്ട് ചെറുമരങ്ങളും തകര്‍ത്ത് കായലിനോടു ചേര്‍ന്ന തോട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് തകര്‍ന്ന കാറിനുള്ളില്‍ നിന്നു അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ ഏറെ സമയം വേണ്ടിവന്നു. വയല്‍ പ്രദേശമായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അതുവഴിവന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അതിന്റെ ലൈറ്റിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയെത്തിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടി. നാലുപേരും തത്സമയം മരണമടഞ്ഞിരുന്നു. മരിച്ച നിലയിലായിരുന്നു. ഇവരെയെല്ലാം തിരിച്ചറിയാന്‍ മണിക്കൂറുകളോളമെടുത്തു. മകനും കൂട്ടുകാര്‍ക്കും ഭക്ഷണമൊരുക്കി കാത്തിരുന്ന സേവ്യറിന്റെ ഭാര്യ ഡെലീന ദുരന്തവാര്‍ത്തയറിഞ്ഞതോടെ അബോധാവസ്ഥയിലായി.

എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല് മൃതദേഹങ്ങളും പൊന്നാനി സിഐ പി.രാധാകൃഷ്ണപിള്ള, എസ്ഐ ശശീന്ദ്രന്‍ മേലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തി. അതുല്‍രാജ്, അമല്‍കൃഷ്ണ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. സേവ്യറിന്റെ മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.