കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍നിന്നു മാറ്റാതെ പിന്തിരിയില്ല: ഹൈറേഞ്ച് സംരക്ഷണ സമിതി
കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍നിന്നു മാറ്റാതെ പിന്തിരിയില്ല: ഹൈറേഞ്ച് സംരക്ഷണ സമിതി
Wednesday, November 25, 2015 12:44 AM IST
സ്വന്തം ലേഖകന്‍

ചെറുതോണി: ജില്ലയിലെ 47 വില്ലേജുകളും ഇഎസ്എയില്‍നിന്നും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിച്ചു. കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോല പട്ടികയില്‍നിന്നും ഒഴിവാക്കണം. ഏതെല്ലാം വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടായാലും എതിര്‍പ്പും ഭീഷണിയും ഉണ്ടായാലും ഈ ആവശ്യത്തില്‍നിന്നും പിന്മാറില്ല. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുംവരെ പോരാട്ടം തുടരുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. 2005 മുതല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സമരരംഗത്താണ്. ചെറുതോണിയില്‍ നടന്ന ഉപവാസ സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയിലെ നാലു വില്ലേജുകള്‍ ഒഴിവാക്കിയ ഭരണാധികാരികള്‍ ഇടുക്കിയിലെ കൃഷിക്കാരെ അവഗണിച്ചതിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കും. സമരം ആരംഭിച്ചിട്ടേയുള്ളു. ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

1993-ലെ ഭൂമിപതിവ് ചട്ടമനുസരിച്ച് നല്കിയ പട്ടയസ്ഥലം വനപ്രദേശമാണെന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിന്‍വലിക്കുക, ഇഎഫ്എല്‍ നിയമം പിന്‍വലിക്കുക, പട്ടയത്തിലെ ഉപാധികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട 42 സമിതി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉപവാസ സത്യഗ്രഹം അനുഷ്ഠിച്ചത്.


ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരത്തോളംപേര്‍ സത്യഗ്രഹമിരുന്നു. പാലക്കാട് ജില്ലയില്‍ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദേശീയ കര്‍ഷകസമാജം സെക്രട്ടറി മുതലംകോട് മണി ഉപവാസസമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കെതിരായ അവകാശ നിഷേധ സമരങ്ങളില്‍ കേരളത്തിലെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ജോയ്സ് ജോര്‍ജ് എംപി, ദി പീപ്പിള്‍ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. വി.സി സെബാസ്റ്യന്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാ. ജോസ് മോനിപ്പിള്ളി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ഇന്‍ഫാം ദേശീയ വൈസ്ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മൌലവി മുഹമ്മദ് റഫീഖ് അല്‍ ഖൌസരി, കെ.കെ. ദേവസ്യ, വൈദീകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് മംഗലശേരി സമാപനപ്രസംഗം നടത്തി. രാവിലെ പത്തിന് ആരംഭിച്ച ഉപവാസ സത്യഗ്രഹം വൈകുന്നേരം നാലിനു സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.