പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റില്‍
പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റില്‍
Wednesday, November 25, 2015 12:46 AM IST
കായംകുളം: പോലീസ്സേനയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ സസ്പെന്‍ഡു ചെയ്യപ്പെട്ട സിവില്‍ പോലീസ് ഓഫീസറും മുഖ്യപ്രതി ശരണ്യയുടെ ഭര്‍ത്താവുമുള്‍പ്പെടെ മൂന്നുപേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റുചെയ്തു. തൃക്കുന്നപ്പുഴ പോലീസ്സ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവംവീട്ടില്‍ പ്രദീപ്(40), മുഖ്യപ്രതി ശരണ്യയുടെ ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി പ്രദീപ്(32), ശരണ്യയുടെ സഹോദരന്‍ ശരത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.

കേസില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായ തൃക്കുന്നപ്പുഴ എസ്ഐ സന്ദീപിനെയും ക്രൈംബ്രാഞ്ച് കസ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പോലീസുകാരുള്‍പ്പെടെ നിരവധി ഉന്നതര്‍ക്കു തട്ടിപ്പില്‍ ബന്ധമുണ്െടന്നു വെളിപ്പെടുത്തിയിരുന്നു.

അറസ്റിലായ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, തൃക്കുന്നപ്പുഴ എസ്ഐ സന്ദീപ് എന്നിവര്‍ക്കെതിരേ ശരണ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. എസ്ഐ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായംകുളം ഡിവൈഎസ്പി എസ്. ദേവമനോഹര്‍ മൊഴിമാറ്റി പറയാന്‍ കസ്റഡിയില്‍ വച്ച് മര്‍ദിച്ചെന്നും ശരണ്യ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ ഒരാഴ്ച്ച മുമ്പ് സസ്പെന്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പിയെ കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ശരണ്യയുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിനെ മുമ്പ് പോലീസിന്റെ അന്വേഷണസംഘം കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റു ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. തട്ടിപ്പിനു ശരണ്യയെ സഹായിച്ചെന്നും തട്ടിപ്പിലൂടെ ലഭിച്ച പണം ഇയാള്‍ക്കും ലഭിച്ചെന്ന കണ്െടത്തലിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ് ചെയ്തത്.


പിന്‍വാതില്‍ നിയമനംവഴി പോലീസില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായാണ് കേസ്. സര്‍ക്കാര്‍ പോലീസ് മുദ്രകള്‍ ആലേഖനം ചെയ്ത വ്യാജ നിയമന ഫയലുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ശരണ്യയെക്കൂടാതെ പിതാവ് സുരേന്ദന്‍, മാതാവ് അജിത, ബന്ധുക്കളായ ശംഭു, രാജേഷ് എന്നിവരും തട്ടിപ്പില്‍ അറസ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്. ഇതോടെ ഈ കേസില്‍ അറ സ്റിലായവരുടെ എണ്ണം എട്ടായി. ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരില്‍നിന്നും തട്ടിപ്പിനു സഹായം ലഭിച്ചിട്ടുണ്ടന്ന് ശരണ്യ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായി നിലനില്‍ക്കെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ശക്തമാണ്.

മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു: ശരണ്യ

കായംകുളം: പോലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ ഉന്നതര്‍ക്കും പങ്കുള്ളതായി താന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യപ്രതി ശരണ്യ. ഇന്നലെ കായംകുളം കോടതിയില്‍ പോലീസ് ഹാജരാക്കി പുറത്തേക്കു ഇറക്കുമ്പോഴാണ് ഇവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇനിയും പലതും തുറന്നു പറയാനുണ്ട്. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് സ്റാഫ് താന്‍ നല്‍കിയ വെളിപ്പെടുത്തലിനെതുടര്‍ന്ന് മാനനഷ്ടക്കേസിനു നോട്ടീസ് അയച്ചു. ഇതു താന്‍ ഭയക്കുന്നില്ലന്നും മൊഴിമാറ്റി പറയിക്കാന്‍ പലരും ശ്രമിച്ചതായും ശരണ്യ പറഞ്ഞു. മാതാവ് അജിതയെയും ശരണ്യയ്ക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.