മുഖപ്രസംഗം: പാര്‍ലമെന്റ് സമ്മേളനം നിഷ്ഫലമാകരുത്
Thursday, November 26, 2015 11:51 PM IST
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു തുടങ്ങുകയാണ്. യാതൊന്നും നടക്കാതെ കടന്നുപോയ വര്‍ഷകാല സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തെപ്പറ്റി ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികം. നിയമനിര്‍മാണമടക്കം ആവശ്യമായ കാര്യങ്ങള്‍ ഒന്നും സാധിക്കാതെയാണു വര്‍ഷകാല സമ്മേളനം കടന്നുപോയത്. ആ ഗതി ശീതകാല സമ്മേളനത്തിനു വരരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

ജനപ്രതിനിധികള്‍ കാര്യങ്ങള്‍ അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്തു നിയമനിര്‍മാണം നടത്തുകയും രാജ്യകാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യേണ്ട വേദിയാണു പാര്‍ലമെന്റും നിയമസഭകളും. ഈ ദൌത്യം നിറവേറ്റാനാണ് അംഗങ്ങളെ തെരഞ്ഞെടുത്തു വിട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലത്ത് ഈ ചുമതല വിസ്മരിച്ച മട്ടിലാണു പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത് എന്നു പറയാതെ തരമില്ല.

ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനു വേദികളായി പാര്‍ലമെന്റും നിയമസഭകളും മാറുകയാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ചിന്തിക്കുന്നതിനു പകരം പാര്‍ട്ടിക്കും പാര്‍ട്ടി താത്പര്യങ്ങള്‍ക്കും വേണ്ടിയാകുന്നു ചിന്ത. ഇതു തുടങ്ങിയിട്ടു കുറച്ചുകാലമായി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു പല സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്കും നയ തീരുമാനങ്ങള്‍ക്കും അന്നത്തെ പ്രതിപക്ഷം എതിരുനിന്നു. സാധ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ച് അവര്‍ പല നിയമനിര്‍മാണങ്ങളും തടസപ്പെടുത്തി. സാധ്യമായ മാര്‍ഗങ്ങളില്‍ പാര്‍ലമെന്ററി നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തുപോന്നു. അങ്ങനെ തടസപ്പെട്ട നിയമനിര്‍മാണങ്ങളില്‍ ചരക്കു സേവനനികുതി (ജിഎസ്ടി) ബില്ലും അതിനുള്ള ഭരണഘടനാഭേദഗതിയും പെടുന്നു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലേറിയപ്പോള്‍ അതുവരെ തങ്ങള്‍ എതിര്‍ക്കുകയും തടസപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന നിയമനിര്‍മാണങ്ങള്‍ക്കും നയ മാറ്റങ്ങള്‍ക്കും ശ്രമിച്ചു. അപ്പോള്‍ പ്രതിപക്ഷത്തായ പഴയ ഭരണകക്ഷി എതിര്‍പ്പുമായി രംഗത്തുവന്നു. തങ്ങള്‍തന്നെ അവതരിപ്പിച്ചു മുന്നോട്ടു കൊണ്ടുപോയ ബില്ലുകളില്‍ അവര്‍ പുതിയ പഴുതുകള്‍ കണ്െടത്തി. മുമ്പു ബിജെപി പല നിയമനിര്‍മാണങ്ങളെയും എതിര്‍ത്തത് അതു തങ്ങള്‍ തന്നെ നടത്തിയാല്‍ മതി എന്ന വാശികൊണ്ടാണെന്നു കോണ്‍ഗ്രസിനറിയാം. തങ്ങളെ വെടക്കാക്കി മിടുക്കരാകാന്‍ ബിജെപി അനുവര്‍ത്തിച്ച നയം തന്നെ തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അതിന്റെ ഫലമായാണു ജിഎസ്ടി അടക്കമുള്ളവയുടെ കാര്യത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ കടുത്ത തടസവുമായി നില്‍ക്കുന്നത്.

ഈ പ്രതിസന്ധി മോശമാക്കാന്‍ ഭരണപക്ഷത്തിന്റെ ചില നിലപാടുകളും കാരണമായി. പ്രതിപക്ഷവുമായി ശരിയായ ആശയവിനിമയത്തിനോ രാഷ്ട്രീയത്തില്‍ അവശ്യം വേണ്ടതായ ചില വിട്ടുവീഴ്ചകള്‍ക്കോ ഭരണകക്ഷി തയാറായില്ല എന്നാണു പ്രതിപക്ഷ വിമര്‍ശനം. ഏതായാലും ശീതകാല സമ്മേളനം തുടങ്ങുന്നതിനു തലേന്നു പ്രതിപക്ഷവുമായി ധാരണ ഉണ്ടാക്കാന്‍ ഭരണപക്ഷത്തുനിന്നു കൂറേക്കൂടി ക്രിയാത്മകമായ നടപടി ഉണ്ടായി. ഇതു സ്വാഗതാര്‍ഹമാണ്.

ഞങ്ങളുടെ കാലത്തു നടത്താന്‍ സമ്മതിക്കാത്തതു നിങ്ങളുടെ കാലത്തു നടത്താന്‍ സമ്മതിക്കില്ല എന്ന പ്രതിപക്ഷ നിലപാടിനു രാഷ്ട്രീയ ന്യായീകരണം ഉണ്ട്. എന്നാല്‍ അത് അനിശ്ചിതമായി മുന്നോട്ടുകൊണ്ടുപോകുന്നതു ശരിയല്ല. മുന്‍ ഭരണകാലത്തു ബിജെപി കൈക്കൊണ്ട തടസപ്പെടുത്തല്‍ തങ്ങള്‍ക്കും ആവര്‍ത്തിക്കാനാകുമെന്നു കഴിഞ്ഞ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് തെളിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ മുട്ടുമടക്കിക്കാനും കഴിഞ്ഞു. എന്നാല്‍ ഇനിയും തടസപ്പെടുത്തല്‍ തുടരണമോ എന്നു പ്രതിപക്ഷവും ആലോചിക്കണം. പ്രത്യേകിച്ചും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ക്കു ബിഹാറിലും മധ്യപ്രദേശിലെ റത്ലാമിലും ഒക്കെ കനത്ത തിരിച്ചടി ജനങ്ങള്‍ തന്നെ നല്കിക്കഴിഞ്ഞപ്പോള്‍. ഭരണത്തിന്റെ പോരായ്മകളും തെറ്റുകളും ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കേണ്ടതു പ്രതിപക്ഷ ധര്‍മമാണ്. അതു വിജയകരമായി നടത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞതിന്റെ ഫലമാണു യഥാര്‍ഥ യജമാനന്മാരായ ജനങ്ങളില്‍നിന്നുണ്ടായ വിധി.


അത്രയും സാധിച്ച നിലയ്ക്കു പാര്‍ലമെന്റിനെ ക്രിയാത്മകമാക്കാന്‍ സഹകരിക്കുന്നതു പ്രതിപക്ഷ ധര്‍മമാണ്. ജിഎസ്ടി ബില്‍ പോലുള്ള കാര്യങ്ങളില്‍ ഇനിയും തടസപ്പെടുത്തല്‍ തുടരുന്നത് ആശാസ്യമായി കണക്കാക്കപ്പെടുകയുമില്ല. നികുതി ചുമത്തലിനു സംസ്ഥാനങ്ങള്‍ക്കുള്ള പരമാധികാരം നഷ്ടപ്പെടുത്തുന്നു എന്ന് അണ്ണാ ഡിഎംകെ, ജിഎസ്ടിയെ പരാമര്‍ശിച്ചു പറയുന്നുണ്ട്. കോണ്‍ഗ്രസ് അടക്കം മറ്റു കക്ഷികള്‍ക്കൊന്നും ആ എതിര്‍പ്പില്ല. മറിച്ച് ജിഎസ്ടി നിരക്കും സംസ്ഥാനാന്തര വ്യാപാരത്തിനുള്ള നികുതിയും മറ്റും സംബന്ധിച്ച തര്‍ക്കങ്ങളേ ഉള്ളൂ. നിരക്കു സംബന്ധിച്ച കോണ്‍ഗ്രസ് അഭിപ്രായത്തിനടുത്തു വരുന്നതാണു കേന്ദ്രം നിയോഗിച്ച കമ്മിറ്റി ശിപാര്‍ശ ചെയ്ത നിരക്ക്. 18 ശതമാനം ജിഎസ്ടി നിരക്കായാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും റവന്യു നഷ്ടം ഉണ്ടാവില്ല എന്നാണു കമ്മിറ്റി ശിപാര്‍ശ. 18 ശതമാനം കോണ്‍ഗ്രസ് നേരത്തേ മുന്നോട്ടു വച്ചതാണ്. സംസ്ഥാനാന്തര വ്യാപാരത്തിനു ചുമത്തുമെന്നു പറഞ്ഞ ഒരു ശതമാനം മനുഫാക്ചറിംഗ് ടാക്സ് ഒഴിവാക്കാനും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ജിഎസ്ടി നിയമനിര്‍മാണത്തില്‍ കോണ്‍ഗ്രസിന് എടുത്തു പറയാവുന്ന നേട്ടങ്ങളാണിവ.

തങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെ ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകരിക്കുന്ന നിലയ്ക്കു ജിഎസ്ടി നിയമനിര്‍മാണം സുഗമമായി നടക്കാന്‍ അനുവദിക്കുന്നതു കോണ്‍ഗ്രസിനു രാഷ്ട്രീയമായ നേട്ടമേ ആകൂ. സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടാന്‍ സഹായിക്കുന്നത് എന്നു പരക്കേ കരുതപ്പെടുന്ന നിയമനിര്‍മാണം അനാവശ്യമായി തടഞ്ഞില്ലെന്നും അവശ്യം വേണ്ട തിരുത്തലുകള്‍ക്കു നിര്‍ബന്ധിച്ചതേയുള്ളൂവെന്നും കോണ്‍ഗ്രസിന് അവകാശപ്പെടാം.

പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാനും ഭരണപക്ഷത്തിനുള്ള ഉത്തരവാദിത്വം വലുതാണ്. തങ്ങള്‍ക്കു വന്‍ വിജയം ലഭിച്ചു എന്നതുകൊണ്ട് മറ്റുള്ളവരെ അവഗണിച്ചു മുന്നോട്ടു പോകാം എന്നതു മിഥ്യാധാരണയാണെന്നും അതിനെ ജനം അനുകൂലിക്കുന്നില്ലെന്നും ഇതിനകം ബിജെപി മനസിലാക്കിയിരിക്കണം. രാജ്യസഭ, തെരഞ്ഞെടുക്കപ്പെടാത്തവരുടെ സഭയാണെന്ന് ആ സഭയിലെ അംഗമായ മുതിര്‍ന്ന കാബിനറ്റ് മന്ത്രി പറയുന്നിടത്തോളമെത്തിയിരുന്നു അവരുടെ അഹന്ത. അതിനു തക്ക ശിക്ഷ ജനങ്ങള്‍ നല്കിയ നിലയ്ക്ക് കുറേക്കൂടി സഹകരണ മനോഭാവം ഗവണ്‍മെന്റ് പുലര്‍ത്തുമെന്നും അങ്ങനെ പാര്‍ലമെന്റ് സമ്മേളനം സൃഷ്ടിപരമാകുമെന്നും പ്രത്യാശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.