ആര്‍എസ്എസിന്റെ വിഭാഗീയത വെള്ളാപ്പള്ളി ഏറ്റെടുക്കുന്നു: ഉമ്മന്‍ചാണ്ടി
ആര്‍എസ്എസിന്റെ വിഭാഗീയത വെള്ളാപ്പള്ളി ഏറ്റെടുക്കുന്നു: ഉമ്മന്‍ചാണ്ടി
Thursday, November 26, 2015 12:29 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സമൂഹത്തില്‍ വിഭാഗീതയയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രസ്താവനകള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഏറ്റെടുക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപത്തിനു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

വികസനം മലപ്പുറത്തും കോട്ടയത്തും മാത്രമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും ഉണ്ടാക്കുന്നതാണ്. ആര്‍എസ്എസും ബിജെപിയും നടത്തുന്ന വസ്തുതാ വിരുദ്ധമായ ആക്ഷേപങ്ങള്‍ വെള്ളാപ്പള്ളിയും ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസനം എത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ പേര്‍ക്കും യാതൊരു തടസവുമില്ലാതെ സഹായം ലഭിക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്.

ചെയ്യാന്‍ ബാധ്യതയുള്ളതാണു സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്വമാണു നിറവേറ്റിയത്. അതല്ലാതെ വികസനം ഒരിടത്തു കുന്നുകൂടി ഇട്ടതല്ല. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം, ഏറ്റവും പിന്നോക്ക ജില്ലയെന്ന പരിഗണന നല്‍കി കാസര്‍ഗോഡിനാണ് ആദ്യം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയുടെയും കൊച്ചിയുടെയും അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കു തുടക്കമിട്ടു. പണി ആരംഭിച്ച കൊച്ചി സിറ്റി ഗ്യാസ് പദ്ധതിയില്‍ നിന്ന് ജനുവരി 26ന് ആദ്യ കണക്ഷന്‍ നല്‍കും.

അഞ്ചു മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 11 എണ്ണം കൂടി ആരംഭിക്കാനായി. ഇടുക്കി, വയനാട് ജില്ലകള്‍ക്കു വേണ്ടിയും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു.


എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തി. കേരളത്തിലെ 42 പഞ്ചായത്തുകള്‍ ഒഴികെ എല്ലായിടത്തും ഹോമിയോ ആശുപത്രികള്‍ സ്ഥാപിക്കാനായി. മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ- അലോപ്പതി- ഹോമിയോ ഡിസ്പെന്‍സറികളോ ആശുപത്രികളോ ഉള്ള സംസ്ഥാനമായി കേരളം വൈകാതെ മാറും.

ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അനുവദിച്ച 21 കോളജുകളില്‍ 20 എണ്ണവും ഇതേവരെ ഒരു കോളജും ഇല്ലാതിരുന്ന നിയോജക മണ്ഡലങ്ങളിലാണ്. അട്ടപ്പാടിയിലാണു മറ്റൊരു കോളജ്. ഹൈസ്കൂള്‍ ഇല്ലാത്ത ഒരു പഞ്ചായത്തും സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന നയത്തിന്റെ ഭാഗമായി 19 എണ്ണം അനുവദിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടാകരുതെന്ന നയത്തിന്റെ ഭാഗമായി 137 പഞ്ചായത്തുകളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത ഒന്‍പതു പഞ്ചായത്തുകള്‍ മാത്രമാണു സംസ്ഥാനത്ത് ഇപ്പോള്‍ ശേഷിക്കുന്നത്.

കാരുണ്യ ചികില്‍സാ സഹായ വിതരണവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ജീവനക്കാരുടെ കുറവു മൂലമാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായത്. ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാരുണ്യ ചികില്‍സാ സഹായ പദ്ധതി യുഡിഎഫ് സര്‍ക്കാറിന്റെയും മുന്‍ ധനമന്ത്രി കെ.എം. മാണിയുടെയും ഏറ്റവും വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.