ഉള്‍നാടന്‍ ജലഗതാഗതത്തിനു സബ്സിഡി; കേരള ഹൌസിനു പത്തു കോടി
Thursday, November 26, 2015 12:30 AM IST
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തില്‍ കടലില്‍ക്കൂടിയുള്ള ചരക്കുനീക്കത്തിന് ഏര്‍പ്പെടുത്തിയ സബ്സിഡി ഉള്‍നാടന്‍ ജലഗതാഗതത്തിനുകൂടി വ്യാപിപ്പിച്ചു. ഉള്‍നാടന്‍ ജലഗതാഗതം വഴിയുള്ള ചരക്കുനീക്കത്തിന് ഒരു കിലോമീറ്ററിന് ടണ്ണിന് ഒരു രൂപ നിരക്കില്‍ സബ്സിഡി നല്‍കണമെന്ന ശിപാര്‍ശയ്ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കൂടുതല്‍ വ്യവസ്ഥകള്‍ ഇതിനായി ഉള്‍പ്പെടുത്തി. സബ്സിഡി ലഭിക്കുന്നതിനുള്ള കുറഞ്ഞ ദൈര്‍ഘ്യം 20 കിലോമീറ്ററായിരിക്കും. ദേശീയപാത, സംസ്ഥാന ജലപാത, ഫീഡര്‍ കനാല്‍ എന്നിവ ഗതാഗതയോഗ്യമാകുന്ന മുറയ്ക്കു സബ്സിഡി ലഭിക്കും. രജിസ്റര്‍ ചെയ്തിട്ടുള്ളതും ഏറ്റവും കുറഞ്ഞത് 50 ടണ്‍ കപ്പാസിറ്റിയുള്ളതുമായ മെക്കനൈസ്ഡ് യാനങ്ങള്‍ക്കായിരിക്കും സബ്സിഡിക്ക് അര്‍ഹത. പദ്ധതിയുടെ നിര്‍വഹണച്ചുമതല ചീഫ് എന്‍ജിനീയര്‍ക്ക് ആയിരിക്കും. ചരക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നതാണ്.

ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടം വില്ലേജില്‍ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ഒരേക്കര്‍ ഭൂമി വൈദ്യുതി ബോര്‍ഡിന് സബ്സ്റേഷന്‍ നിര്‍മിക്കാന്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.


കോ- ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് (കേപ്പ്) എന്‍ജിനിയറിംഗ് കോളജ് നിര്‍മിക്കുന്നതിനായി തൃശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തിന്റെ 5.4 ഏക്കര്‍ ഭൂമിയുടെ ഉപയോഗാനുമതി നല്‍കും. ഇതേ ആവശ്യത്തിന് തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി വില്ലേജില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചതു റദ്ദാക്കിയാണു പുതിയ ഭൂമി നല്‍കുന്നത്. ഹൈക്കോടതിയില്‍ ഈ ഭൂമി സംബന്ധിച്ച കേസിനു തീരുമാനം ആകാത്തതിനാലാണിത്.

ന്യൂഡല്‍ഹിയിലെ കേരള ഹൌസ് കോമ്പൌണ്ടില്‍ പുതിയ ഡോര്‍മിറ്ററി ബ്ളോക്കിന്റെ നിര്‍മാണത്തിനുള്ള 10 കോടിയുടെയും കപൂര്‍ത്തല പ്ളോട്ടിന്റെ സമഗ്ര വികസനത്തിനായുള്ള 20 കോടിയുടെയും പദ്ധതികള്‍ക്കും മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.