വി.എസ് ശുദ്ധന്‍; ചുറ്റും നില്‍ക്കുന്നവര്‍ നശിപ്പിക്കുന്നു: വെള്ളാപ്പള്ളി
വി.എസ് ശുദ്ധന്‍; ചുറ്റും നില്‍ക്കുന്നവര്‍ നശിപ്പിക്കുന്നു: വെള്ളാപ്പള്ളി
Thursday, November 26, 2015 12:45 AM IST
വടകര/ കോഴിക്കോട്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശുദ്ധനാണെന്നും ചുറ്റുമുള്ളവരാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു നശിപ്പിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വടകരയില്‍ സമത്വ മുന്നേറ്റയാത്രയ്ക്കു നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോടും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സ്വീകരണ യോഗത്തിലുമാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇല്ലാത്ത വിഷയങ്ങളില്‍ അനാവശ്യ ആരോപണമാണു തനിക്കെതിരെ വി.എസ് ഉന്നയിക്കുന്നത്. എസ്എന്‍ഡിപിയില്‍നിന്നു പുറത്തുപോയവരും യോഗത്തെ നശിപ്പിക്കണമെന്നു ആഗ്രഹിക്കുന്നവരും എഴുതിക്കൊടുക്കുന്ന കാര്യങ്ങളാണു വി.എസ് വിളിച്ചു പറയുന്നത്. അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും. കഥയറിയാതെ ആട്ടം കാണുകയാണ് വി.എസ്. കമ്യൂണിസ്റുകാര്‍ കാര്യങ്ങള്‍ തിരിച്ചറിയാന്‍ വര്‍ഷം ഒരുപാടെടുക്കും. അപ്പോള്‍ ശരിയേതെന്ന് അദ്ദേഹവും മനസിലാക്കും. ദിവസവും യുഡിഎഫും എല്‍ഡിഎഫുമെല്ലാം ഒരുപോലെ ഞങ്ങളെ തെറിപറയുകയാണ്. അതിനെല്ലാം കൂടി ഒറ്റ മറുപടി ഡിസംബര്‍ അഞ്ചിനു ശംഖുമുഖത്തു പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


പലരും തന്നെ തെറിപറഞ്ഞു. അതില്‍ ഏറ്റവും വിഷമം തോന്നിയതു മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോഴാണ്. അദ്ദേഹത്തെപ്പോലൊരാള്‍ സമുദായശക്തിക്കുവേണ്ടി സംഘടിക്കാന്‍ ശ്രമിക്കുന്ന തങ്ങളെ തെറിപറയാന്‍ പാടില്ലായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.