കഴുകന്‍കണ്ണുകള്‍ തകര്‍ക്കാന്‍ ബിഗ് ഡാഡി
കഴുകന്‍കണ്ണുകള്‍ തകര്‍ക്കാന്‍ ബിഗ് ഡാഡി
Thursday, November 26, 2015 12:26 AM IST
കോഴിക്കോട്: സംരക്ഷകരാകേണ്ടവരുടെ കഴുകന്‍ കണ്ണുകള്‍ തകര്‍ത്തു കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കേരളാ പോലീസിന്റെ 'ബിഗ് ഡാഡി' സുസജ്ജമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ് ചെയ്ത ഡിജിപിയുടെ ഈ സാന്ത്വന വാക്കുകള്‍ നൂറുകണക്കിനാളുകള്‍ ഇതിനകം ഷെയര്‍ ചെയ്തു. കുടുംബങ്ങളിലോ സ്കൂളിലോ യാത്രാവേളകളിലോ പൊതുസ്ഥലങ്ങളിലോ ട്യൂഷന്‍ ക്ളാസുകളിലോ കളിസ്ഥലങ്ങളിലോ എവിടെയായാലും കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും സംരക്ഷിക്കാനും ബിഗ് ഡാഡി സജ്ജമാണെന്നു ഡിജിപി ഉറപ്പു നല്‍കുന്നു.

പോസ്റ് ഇങ്ങനെ: 'ഓണ്‍ലൈന്‍ വ്യവഹാരങ്ങള്‍ ഏറിവരുന്ന ഈ യുഗത്തില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചു മാതാപിതാക്കള്‍ക്ക് ആകുല മനസോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ നമ്മുടെ കുട്ടികളുടെ സുരക്ഷ മറ്റേതൊരു കാലഘട്ടത്തെക്കാളും ശ്രദ്ധിക്കേണ്ടതും ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞതുമായി മാറിക്കഴിഞ്ഞു. അണുകുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന ബാല്യങ്ങളും മാതാപിതാക്കളുടെ മതിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്ത കുട്ടികളും ഇന്റര്‍നെറ്റിന്റെ മായാലോകത്തിലൂടെ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും കുറ്റവാളികളുടെ സ്വാധീനത്തിനും അകപ്പെട്ടു കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതു തടഞ്ഞേ മതിയാകൂ.

സുരക്ഷിതമെന്നും സുരക്ഷ നല്‍കുമെന്നും മാതാപിതാക്കള്‍ കരുതുന്ന പല കരങ്ങളും ഈ കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയ്ക്കെതിരെ നാം ജാഗരൂകരായിരിക്കണം. സ്നേഹവും പരിചരണവും മാതാപിതാക്കളില്‍നിന്നു ലഭിക്കുന്ന കുഞ്ഞുങ്ങളും പ്രലോഭനത്തിന് ഇരകളായി ജീവിതം തള്ളിനീക്കുന്നതു തടയേണ്ടതുണ്ട്. ഈ ജാഗ്രതയില്‍ പോലീസിന്റെ പിതൃമുഖമാണ് ഓപ്പറേഷന്‍ ബിഗ് ഡാഡി.


പ്രലോഭനത്തിന്റെ ചതിക്കുഴികളില്‍ വീണാലും ഒരിക്കലെങ്കിലും തിരിച്ചുവരാന്‍ ഒരു കുട്ടി ചിന്തിച്ചാലോ ആഗ്രഹിച്ചാലോ ചൂഷണത്തിന്റെ ഏതു നീരാളി കൈകളെയും തകര്‍ത്ത് ആ കുട്ടിയെ ജീവിതത്തിന്റെ നന്മയിലേക്കു കൊണ്ടുവരാന്‍ ബിഗ് ഡാഡി സഹായിക്കും. സ്നേഹിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും ചൂഷകരായി മാറുമ്പോള്‍ ആരോടു രക്ഷയ്ക്കായി യാചിക്കും എന്ന കുട്ടികളുടെ ചോദ്യത്തിനും ചിന്തയ്ക്കുമുള്ള മറുപടിയാണു കേരള പോലീസിന്റെ ബിഗ് ഡാഡി ഓപ്പറേഷന്‍. അണുകുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന ബാല്യങ്ങള്‍ക്കു സുരക്ഷയുടെ പ്രത്യാശയും സംരക്ഷണവും ബിഗ് ഡാഡി ഉറപ്പാക്കും.

ഇതൊരു ചൂണ്ടുപലകയാണ്. കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നതിന്റെ തെളിവും ഒപ്പം തിരുത്തല്‍ വേണ്ട ഒരുവശം സമൂഹത്തിനുമുണ്െടന്നുള്ള ഓര്‍മപ്പെടുത്തലുമാണ്.

സംരക്ഷിക്കേണ്ടവര്‍ ചൂഷണത്തിന്റെ കഴുകന്‍ കണ്ണുകളുയര്‍ത്തിയാല്‍, കുട്ടികളെ സംരക്ഷിക്കാന്‍ ഒരു ബിഗ് ഡാഡി ഉണ്െടന്ന് ഇനി നമുക്ക് ധൈര്യമായി വിശ്വസിക്കാം'. ഫോണ്‍, ഡിജിപി- 9497999999, ഐജി ക്രൈംസ്- 9497998998.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.