ഹോട്ടലുകളില്‍ അമിതവില ഈടാക്കിയാല്‍ 15,000 രൂപ പിഴ
Thursday, November 26, 2015 12:29 AM IST
തിരുവനന്തപുരം: അമിത വില ഈടാക്കുന്ന ഹോട്ടലുകളില്‍ നിന്ന് 15,000 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഹോട്ടല്‍ ഭക്ഷണ വില ക്രമീകരണ ബില്ലിന്റെ കരടിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഹോട്ടലുകളിലും റസ്ററന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടുകൂടി തയാറാക്കിയ 2015 ലെ കേരള ഹോട്ടലുകള്‍ ഭക്ഷണവില ക്രമീകരണ ബില്ലിന്റെ കരട് 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഇതനുസരിച്ച് എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അഥോറിറ്റി രൂപീകരിക്കും. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റര്‍ ചെയ്യുകയും ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് പ്രധാന ചുമതല. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ള ആളോ ആയിരിക്കും ചെയര്‍മാന്‍. ആറ് അനൌദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും.

ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവരപ്പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ല. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അപേക്ഷിക്കേണ്ടതും ജില്ലാ അഥോറിറ്റി ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതുമാണ്. ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ജില്ലാ അഥോറിറ്റിക്ക് അധികാരമുണ്ട്. രജിസ്ട്രേഷന്‍ റദ്ദാക്കിയതായി തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണം. രജിസ്റര്‍ ചെയ്യാതെ ഹോട്ടല്‍ നടത്തിയാലും അമിതവില ഈടാക്കിയാലും അയ്യായിരം രൂപ വരെ പിഴ ശിക്ഷിക്കാം. ജില്ലാ അഥോറിറ്റിയുടെ ഉത്തരവുകള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാനത്തിനെതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. ജില്ലാ അഥോറിറ്റികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പൊതുതാത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃപരിശോധിക്കാം. ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലിന്റെ നിര്‍വചനത്തില്‍ വരും.


നക്ഷത്ര ഹോട്ടലുകളും ഹെറിറ്റേജ് വിഭാഗം ഹോട്ടലുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ജീവനക്കാര്‍ക്കുവേണ്ടി നടത്തുന്ന ഹോസ്റലുകളും കാന്റീനുകളും ഇതില്‍ ഉള്‍പ്പെടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.