മുഖപ്രസംഗം: തിന്മയുടെ ശക്തിക്കെതിരേ കരുത്തനാകട്ടെ 'ബിഗ് ഡാഡി'
Friday, November 27, 2015 11:57 PM IST
കുട്ടികളുടെ സുരക്ഷിത വളര്‍ച്ച മുന്‍പെന്നത്തേക്കാള്‍ ഗൌരവമേറിയ വിഷയമായി ഇന്നു മാറിയിട്ടുണ്ട്. വിവരവിനിമയത്തിലടക്കം സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം മുതല്‍ അണു കുടുംബങ്ങളുടെ വ്യാപനവും നഗരവത്കരണവും വരെ പലതും ചേര്‍ന്നു മാതാപിതാക്കള്‍ക്ക് ആശങ്ക വളര്‍ത്തുന്ന സാഹചര്യങ്ങളാണു നിലവില്‍ ഉള്ളത്. വീട്ടിലും സ്കൂളിലും അവയ്ക്കു പുറത്തും എല്ലാം കൂട്ടികള്‍ അപകടവക്കിലാണ് എന്ന യാഥാര്‍ഥ്യം മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു.

മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ നോട്ടത്തിനു മറ്റാള്‍ക്കാരെ ആശ്രയിക്കേണ്ടിവരുന്നു. പരമ്പരാഗത കൂട്ടുകുടുംബങ്ങളില്‍ മുത്തച്ഛന്മാരും മുത്തശ്ശിമാരും ഉണ്ടായിരുന്നു. നീണ്ട ജീവിതത്തിന്റെ അനുഭവസമ്പത്തോടെ തങ്ങളുടെ കൊച്ചുമക്കളെ കൈപിടിച്ചു നടത്താന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ഇന്ന് ആ സേവനം മഹാഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. കുട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരിചരണത്തിലാണു പുതിയ തലമുറ. ഇങ്ങനെ കുട്ടികളെ നോക്കാനുള്ളവര്‍ എത്തരക്കാരാണെന്നു പരിശോധിച്ചു നോക്കി ആളെ തെരഞ്ഞെടുക്കാന്‍ തക്ക സാഹചര്യവുമില്ല.

സ്കൂളും മറ്റു പൊതുസ്ഥലങ്ങളും പഴയതുപോലെ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് വീണ്ടും മാതാപിതാക്കളെ വിഷമിപ്പിക്കുന്നു. വേദനാജനകമായ ഒട്ടേറെ സംഭവങ്ങള്‍ സ്കൂളുകളില്‍ ഉണ്ടാകുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമൊക്കെ ബാല്യ-കൌമാരങ്ങളെ യാതൊരു ചാഞ്ചല്യവുമില്ലാതെ ഉപദ്രവിക്കുന്നതിന്റെ കഥകള്‍ അനവധിയാണ്. ശാരീരികവും മാനസികവും ഒക്കെയായ പീഡനങ്ങള്‍ ഇവിടെയെല്ലാം കുട്ടികളെ കാത്തിരിക്കുന്നു എന്നതാണ് അവസ്ഥ.

ആധുനിക വിവരവിനിമയ സാങ്കേതികവിദ്യയും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം കുട്ടികളെ വേറൊരു തരം ഭീഷണിക്ക് ഇരകളാക്കുന്നു. നിയന്ത്രണമില്ലാത്ത സമ്പര്‍ക്കങ്ങളും ബന്ധങ്ങളും അടുപ്പങ്ങളും ഉടലെടുക്കാന്‍ അവ വഴിയൊരുക്കുന്നു. വേണ്ടത്ര ത്യാജ്യഗ്രാഹ്യ വിവേചനശേഷി ഇല്ലാത്ത പ്രായത്തില്‍ ഉടലെടുക്കുന്ന കൂട്ടുകെട്ടുകളും പരിചയപ്പെടുന്ന ആള്‍ക്കാരും എങ്ങോട്ടൊക്കെയാണു കുട്ടികളെ നയിക്കുക എന്നു വിറയലോടെ മാത്രമേ മാതാപിതാക്കള്‍ക്ക് ആലോചിക്കാനാവൂ.

തിന്മയുടെ ശക്തികളും അപകടം നിറഞ്ഞ വഴിത്താരകളും എന്നും ഉണ്ടായിരുന്നുവെന്നതു ശരി. പക്ഷേ ഒരു കുട്ടി അവനോ അവള്‍ക്കോ ഉചിതമല്ലാത്ത ബന്ധങ്ങള്‍ കൊണ്ടുനടക്കുന്നുണ്േടാ എന്നു മനസിലാക്കാനും അറിയാനും മുതിര്‍ന്നവര്‍ക്കു കഴിയുമായിരുന്നു. ഇന്നിപ്പോള്‍ സൈബര്‍ ലോകം ഒരുക്കുന്ന ചതിക്കുഴികള്‍ അങ്ങനെയല്ല. ആരുടെയും കണ്ണില്‍പെടാതെ, ആരുടെയും ചെവിയില്‍ പെടാതെ, ബന്ധങ്ങള്‍ ഉണ്ടാക്കാനും കൊണ്ടുനടക്കാനും ഇന്നത്തെ ലോകത്തു കഴിയുന്നു. മേല്‍നോട്ടത്തിന് ആള്‍ക്കാരില്ലാത്ത അപകടകരമായ പന്ഥാവുകളിലൂടെ ബാല്യ-കൌമാരങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ സമൂഹം എടുക്കേണ്ട കരുതലുകള്‍ വലുതാണ്.

ഈ കരുതലിലേക്കു കേരള പോലീസിന്റെ ഡയറക്ടര്‍ ജനറല്‍ അവതരിപ്പിച്ചിരിക്കുന്ന “'ബിഗ് ഡാഡി' ഒരു നല്ല കാല്‍വയ്പാണ്. സൈബര്‍ ലോകമടക്കം നാനാതലങ്ങളില്‍നിന്നുള്ള പ്രലോഭനങ്ങളുടെയും ചൂഷണങ്ങളുടെയും ഇരകളായി തിന്മയുടെ വലയത്തില്‍ പെടുന്നവര്‍ക്കു രക്ഷയ്ക്കൊരു കരമായിട്ടാണു 'ബിഗ് ഡാഡി'യെ ഡിജിപി അവതരിപ്പിച്ചിരിക്കുന്നത്.


കുട്ടികള്‍ക്കായി നിലവിലുള്ള ചൈല്‍ഡ്ലൈന്‍ എന്ന ഹെല്‍പ്ലൈന്‍ സംവിധാനത്തില്‍നിന്നു കുറേക്കൂടി കവിഞ്ഞ ഒന്നായാണ് 'ബിഗ് ഡാഡി' വിഭാവന ചെയ്തിരിക്കുന്നത് എന്നു വേണം മനസിലാക്കാന്‍. മൊബൈലും സാമൂഹ്യമാധ്യമങ്ങളും ഒക്കെ ഉപയോഗിച്ച് അരങ്ങേറുന്ന നിരവധി കുറ്റകൃത്യങ്ങളെപ്പറ്റിയും അവയില്‍ കുട്ടികള്‍ ഇരകളും കരുക്കളും ആകുന്നതിനെപ്പറ്റിയും ഉള്ള അറിവാണ് ഇതിലേക്കു നയിച്ചത് എന്നു തീര്‍ച്ചയായും അനുമാനിക്കാം. വാര്‍ത്തകളായി പുറത്ത് അറിയുന്നതിനെക്കാള്‍ വളരെക്കൂടുതല്‍ സംഭവങ്ങള്‍ കുട്ടികളുമായി ബന്ധപ്പെട്ടും കുട്ടികള്‍വഴിയും നടക്കുന്നുണ്ട്. മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ ആയ ആരുമറിയാതെ ബന്ധങ്ങള്‍ സ്ഥാപിക്കാനും അവ കൊണ്ടുനടക്കാനും ഇന്നു കുട്ടികള്‍ക്കു കഴിയുന്നു. ആ ബന്ധങ്ങളില്‍ എന്തൊക്കെയാണുള്ളതെന്ന് മറ്റാരും അറിയുന്നുണ്ടാവില്ല.

ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍ തിന്മയിലേക്കും അനഭിലഷണീയ ജീവിതത്തിലേക്കുമുള്ള സൂപ്പര്‍ഹൈവേകളായി മാറുമ്പോള്‍ മാതാപിതാക്കളും അധ്യാപകരുമൊക്കെ ഒട്ടേറെ കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കുട്ടികളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും അവരുടെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിക്കുകയും ചെയ്യാന്‍ ഇവര്‍ക്കു കഴിയണം. അവരുടെ ആശയവിനിമയത്തിന്റെ മുഖ്യപങ്കാളികളാകാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം. നവീന മാധ്യമങ്ങളിലൂടെയും അവരുമായി സഹവസിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സാമൂഹ്യമാധ്യമങ്ങളില്‍ മാതാപിതാക്കളും അധ്യാപകരുമൊക്കെ കുട്ടികളുടെ അടുത്ത മിത്രങ്ങളാകട്ടെ. അനുചിത സൌഹൃദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതൊരു കവചമായിരിക്കുകയും ചെയ്യും. കുട്ടികളുടെ സൈബര്‍ ജീവിതം അതുവഴി ഒട്ടൊക്കെ നിയന്ത്രിതമാവുകയും ചെയ്യും. പരമ്പരാഗതമല്ലാത്ത മാധ്യമങ്ങള്‍ കടന്നുവരുമ്പോള്‍ അവയിലേക്കു കടന്നുചെന്നു തങ്ങളുടെ കരുതല്‍ ദൌത്യം നിറവേറ്റാന്‍ മാതാപിതാക്കളും അധ്യാപകരുമൊക്കെ തയാറാകണം.

എത്ര കരുതലുകളെയും മറികടക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. അങ്ങനെ തിന്മയുടെ ലോകത്തു പെട്ടു പോകുന്നവരെ ഉദ്ദേശിച്ചാണു 'ബിഗ് ഡാഡി'. ഏതെങ്കിലും ദുര്‍ബല സാഹചര്യത്തില്‍ സൈബര്‍ കുരുക്കില്‍ പെട്ടുപോയവര്‍ക്കു പിന്നീട് സാധാരണജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഒരു കൈത്താങ്ങ് 'ബിഗ് ഡാഡി' നല്കും എന്നാണു പറയുന്നത്. അങ്ങനെയൊന്നു നമ്മുടെ സമൂഹത്തില്‍ അടിയന്തരാവശ്യം തന്നെയാണ്. കാവല്‍ ആകേണ്ടവര്‍, സംരക്ഷണം നല്‍കേണ്ടവര്‍, പ്രതിരോധകവചം ചമയ്ക്കേണ്ടവര്‍ ചൂഷകരും പീഡകരും ഒക്കെയാകുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമായി മാറുന്നു. കുട്ടികളെ രക്ഷിക്കുന്നതോടൊപ്പം സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങളെയും അവിഹിത പ്രവര്‍ത്തകരെയും കണ്െടത്തുന്നതിനു വഴിതെളിക്കാവുന്നതുമാണ് ഈ സംരംഭം. അതു വിജയകരമാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.