അഴുക്കുചാലില്‍ മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചു
അഴുക്കുചാലില്‍ മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചു
Friday, November 27, 2015 12:19 AM IST
കോഴിക്കോട്: അഴുക്കുചാല്‍ പദ്ധതിക്കുവേണ്ടി നിര്‍മിച്ച ഭൂഗര്‍ഭ ഓവുചാലിന്റെ മാന്‍ഹോളില്‍ പരിശോധനയ്ക്കിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ചു മരിച്ചു. ഇന്നലെ രാവിലെ 11.05നു നഗരത്തിലെ പാളയത്തിനടുത്ത കണ്ടംകുളം ക്രോസ് റോഡിലെ ജയ ഓഡിറ്റോറിയത്തിനു മുന്നിലാണു നാടിനെ നടുക്കിയ സംഭവം.

ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് കരുവിശേരി സ്വദേശി മേപ്പക്കുടി ഹൌസില്‍ പി. നൌഷാദ്(32), കരാര്‍ തൊഴിലാളികളായ ആന്ധ്ര വെസ്റ് ഗോദാവരി ജില്ലയിലെ നരസാപുര സ്വദേശികളായ ബൊമ്മിടി ഭാസ്കര റാവു(41), നരസിംഹ മൂര്‍ത്തി (42) എന്നിവരാണു ദാരുണമായി മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മൂവരെയും പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. വിഷവാതകങ്ങളായ മീഥൈനും ഹൈഡ്രജന്‍ സള്‍ഫൈഡും അമിതമായി ശ്വസിച്ചതാണ് മരണ കാരണം. തൊട്ടടുത്ത കടയില്‍ ചായ കുടിക്കാനെത്തിയ നൌഷാദ്, രണ്ടു മനുഷ്യജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തത്തിന്റെ ആഴത്തിലേക്കു സ്വയം ഓടിയിറങ്ങുകയായിരുന്നു. പലരുടെയും പിന്തിരിപ്പിക്കല്‍ വകവയ്ക്കാതെയാണ് നൌഷാദ് രക്ഷാപ്രവര്‍ത്തനത്തിന് തയാറായത്. കരാറുകാരായ ചെന്നൈ ശ്രീറാം കമ്പനിക്കെതിരേ കസബ പോലീസ് കേസെടുത്തു.

ലോകബാങ്കിന്റെ ധനസഹായത്തോടെ സുസ്ഥിര നഗരവികസന പദ്ധതിയില്‍ നഗരസഭ നിര്‍മിക്കുന്ന അഴുക്കുചാല്‍ പദ്ധതി നഗരത്തില്‍ പൂര്‍ത്തിയായിട്ടില്ല. നിര്‍മാണം കരാറെടുത്ത ചെന്നൈ ശ്രീറാം ഇപിസി എന്‍ജിനിയറിംഗ് കമ്പനിയുടെ പ്രോജക്ട് ഓഫീസര്‍ ആന്ധ്ര കടപ്പ സ്വദേശി രഘുവിന്റെ നേതൃത്വത്തില്‍ അഴുക്കുചാലിന്റെ ആഴം അളക്കാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. 12 അടി ആഴമുള്ള അഴുക്കുചാലില്‍ ആറടിയോളം മലിനജലം ഉണ്ടായിരുന്നു. റോഡിനു നടുവിലെ രണ്ടടി വ്യാസമുള്ള മാന്‍ഹോള്‍ ഉയര്‍ത്തി നരസിംഹയാണ് ആദ്യം ഇറങ്ങിയത്. ഉള്ളില്‍ വിഷവാതകം ഉണ്ടാകുമെന്നറിഞ്ഞിട്ടും മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. നരസിംഹ ശ്വാസംമുട്ടി പിടയുന്നതു കണ്ട്, ഭാസ്കറും മാന്‍ഹോളിലൂടെ കുതിച്ചിറങ്ങി. ഇയാളും കുഴഞ്ഞുവീണതോടെ, അടുത്തുണ്ടായിരുന്ന രഘു സഹായത്തിന് അലറിവിളിച്ചു. ഈ സമയത്താണ് ഓട്ടോയില്‍ തൊട്ടടുത്ത ടീ സ്റാളിലേക്കു നൌഷാദ് പതിവുപോലെ ചായകുടിക്കാനെത്തിയത്. നിലവിളി കേട്ട് നൌഷാദ് അന്‍പതടിയോളം അകലെയുള്ള മാന്‍ഹോളിനടുത്തേക്കു കുതിച്ചു. കുഴിയില്‍ ഇറങ്ങരുതേ എന്ന് അടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും മറ്റും വിളിച്ചുപറഞ്ഞെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല.


ഓടിയെത്തിയ നൌഷാദ് കുഴിയിലേക്കു കമിഴ്ന്ന്, കാല്‍ മാന്‍ഹോളിന്റെ റിങ്ങില്‍ ഉറപ്പിച്ച് ഉള്ളിലുള്ളവരെ പുറത്തേക്കു വലിച്ചുകയറ്റാന്‍ ശ്രമിച്ചു.

രണ്ടുപേരുടെയും ഭാരം താങ്ങാനാവാതെ നിമിഷങ്ങള്‍ക്കകം നൌഷാദ് തല കീഴായി ഓവുചാലില്‍ വീഴുകയായിരുന്നു. ഓടിക്കൂടിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ പിന്‍വാങ്ങി.

വിവരമറിയിച്ചതനുസരിച്ചു മിനിട്ടുകള്‍ക്കകം ബീച്ച്- മീഞ്ചന്ത സ്റേഷനുകളില്‍നിന്നു ഫയര്‍ഫോഴ്സ് കുതിച്ചത്തി. മുപ്പതടി അകലെയുള്ള മറ്റൊരു മാന്‍ഹോള്‍ തുറന്നുവച്ച്, വാതകരൂക്ഷത ശമിപ്പിച്ച ശേഷം ഫയര്‍മാന്‍മാരായ അനൂപ്, മുഹമ്മദ് സാലിജ് എന്നിവര്‍ ഓക്സിജന്‍ മാസ്ക് ധരിച്ചു കുഴിയിലിറങ്ങി.

മിനിട്ടുകള്‍ക്കകം ഭാസ്കറെയും പിന്നീട് നരസിംഹയെയും കരയ്ക്കുകയറ്റി. മലിനജലത്തില്‍ മുങ്ങിപ്പോയ നൌഷാദിനെ 11.33നാണ് കരയ്ക്കെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു മൂവരും മരിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.